Criticism | പിപി ദിവ്യയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; വനിതാ ജയിലിലേക്ക് കൊണ്ടുപോയി
● ദിവ്യയെ കൊണ്ടുപോയത് കണ്ണൂര്‍ പള്ളിക്കുന്നിലെ വനിതാ ജയിലിലേക്ക്
● റിമാന്‍ഡ് സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് അഭിഭാഷകന്‍ കെ വിശ്വന്‍
● ജയിലിലേക്ക് അയക്കുന്നതിന് മുമ്പ് വൈദ്യപരിശോധന നടത്തിയിരുന്നു
● ബുധനാഴ്ച തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും
കണ്ണൂര്‍: (KVARTHA) എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് ആണ് നടപടി എടുത്തത്.
റിമാന്‍ഡ് സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് ദിവ്യയുടെ അഭിഭാഷകന്‍ കെ വിശ്വന്‍ പ്രതികരിച്ചു. കണ്ണൂര്‍ പള്ളിക്കുന്നിലെ വനിതാ ജയിലിലേക്കാണ് ദിവ്യയെ കൊണ്ടുപോയത്. ജയിലിലേക്ക് അയക്കുന്നതിന് മുമ്പ് വൈദ്യപരിശോധന നടത്തിയിരുന്നു. അറസ്റ്റു രേഖപ്പെടുത്തിയ ശേഷം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയാണ് തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.
കനത്ത പൊലീസ് സുരക്ഷയോടെയാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയത്. മജിസ്‌ട്രേറ്റിന്റെ വീടിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധമാണ് നടത്തിയത്. കരിങ്കൊടിയുമായി എത്തിയ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
പിപി ദിവ്യ ബുധനാഴ്ച തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മൂന്നുമണിക്കൂറോളം നീണ്ട പ്രാഥമിക ചോദ്യംചെയ്യലിനുശേഷം മൊഴി രേഖപ്പെടുത്തി.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് ദിവ്യ കീഴടങ്ങിയത്. അതേസമയം, പൊലീസിനും ദിവ്യയ്ക്കും അനുയോജ്യമായ സ്ഥലത്ത് വച്ച് ദിവ്യ കീഴടങ്ങിയെന്നാണു വിവരം. രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരും ദിവ്യയ്ക്കൊപ്പമുണ്ടായിരുന്നു.
ദിവ്യയെ കസ്റ്റഡിയിലെടുത്തതാണെന്ന് കമ്മിഷണര്‍ അജിത് കുമാര്‍ സ്ഥിരീകരിച്ചു. ചോദ്യം ചെയ്ത ശേഷം ബാക്കി കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദിവ്യയെ നിരന്തരമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. എളുപ്പത്തില്‍ കസ്റ്റഡിയിലെടുത്തത് ഇത് കാരണമാണ്. ഓപ്പറേഷന്‍ മുഴുവന്‍ പൂര്‍ത്തിയായ ശേഷം വിശദമായി സംസാരിക്കാമെന്നും കമ്മിഷണര്‍ പറഞ്ഞിരുന്നു.
ദിവ്യ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. കെ നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയയായ പിപി ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സിപിഎം നേരത്തെ പുറത്താക്കിയിരുന്നു. ദിവ്യയ്‌ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെയായിരുന്നു പാര്‍ട്ടിയുടെ നടപടി.
നവീന്‍ ബാബു പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ കൈക്കൂലി വാങ്ങിയതിനും നിയമം ലംഘിച്ചതിനും തെളിവില്ലെന്നായിരുന്നു സര്‍ക്കാരിന്റെ കണ്ടെത്തല്‍. യാത്രയയപ്പ് യോഗത്തില്‍ പിപി ദിവ്യ പരസ്യവിമര്‍ശനം നടത്തിയതില്‍ മനംനൊന്ത് താമസസ്ഥലത്തേക്ക് മടങ്ങിയ നവീന്‍ ബാബുവിനെ പിന്നീട് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വന്തം ജില്ലയായ പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ച നവീന്‍ ബാബുവിന് കലക്ടറേറ്റില്‍ നല്‍കിയ യാത്രയയപ്പിലായിരുന്നു സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ ദിവ്യയുടെ വിമര്‍ശനം. ചടങ്ങില്‍ ക്ഷണിക്കാതെയാണ് ദിവ്യ എത്തിയതും അഴിമതി ആരോപണം ഉന്നയിച്ചതും.
#PPDivya #Kannur #KeralaNews #SuicideAbetment #Crime