Police Investigation | 'കൊലയ്ക്ക് ഉപയോഗിച്ചത് നേരത്തെ വാങ്ങിവെച്ച സര്‍ജികല്‍ കത്തി'; കാങ്കോലില്‍ യുവതിയെ ഭര്‍ത്താവ് കഴുത്തറത്തുകൊന്ന സംഭവം ആസൂത്രിതമെന്ന് പൊലീസ്

 


പയ്യന്നൂര്‍: (KVARTHA) കാങ്കോലില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തുറത്തുകൊന്ന സംഭവം ആസൂത്രിതമെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപോര്‍ട്. പ്രസന്നയെ കൊലപ്പെടുത്താന്‍ ഷാജി നേരത്തെ പദ്ധതിയിട്ടിരുന്നുവെന്നാണ് പൊലീസിന്റെ അന്വേഷണ റിപോര്‍ട്.

Police Investigation | 'കൊലയ്ക്ക് ഉപയോഗിച്ചത് നേരത്തെ വാങ്ങിവെച്ച സര്‍ജികല്‍ കത്തി'; കാങ്കോലില്‍ യുവതിയെ ഭര്‍ത്താവ് കഴുത്തറത്തുകൊന്ന സംഭവം ആസൂത്രിതമെന്ന് പൊലീസ്

കേസിന്വേഷണത്തെ കുറിച്ച് പയ്യന്നൂര്‍ പൊലീസ് പറയുന്നത് ഇങ്ങനെ: സര്‍ജികല്‍ കത്തിവാങ്ങിവെച്ചത് മനപൂര്‍വം ആയിരുന്നു. ഭാര്യയെ ഇയാള്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഷാജിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കും.

പ്രസന്നയും മൂന്ന് മക്കളും ഷാജിയുമായുളള കുടുംബവഴക്കിനെ തുടര്‍ന്ന് മയ്യില്‍ പെരുമാച്ചേരിയിലെ കുടുംബവീട്ടിലായിരുന്നു താമസം. അമ്മയും സഹോദരനുമാണ് അവിടെയുണ്ടായിരുന്നത്. ഷാജിയുടെ വീടിന് സമീപത്തെ ഒരുകല്യാണത്തില്‍ പങ്കെടുക്കാനെത്തിയ പ്രസന്ന കാങ്കോല്‍ വെമ്മരകുടി കോളനിയിലെ ഭര്‍തൃവീട്ടില്‍ കുട്ടികളുടെ സ്‌കൂള്‍ സര്‍ടിഫികറ്റുകള്‍ എടുക്കാനെത്തിയതായിരുന്നു.

വാതില്‍ തുറന്ന് അകത്തേക്ക് കടന്ന പ്രസന്നയും ഷാജിയും തമ്മില്‍ വഴക്കുണ്ടാവുകയും അവിടെയുണ്ടായിരുന്ന ഇരുമ്പ് വടികൊണ്ടു ഷാജി പ്രസന്നയുടെ തലയ്ക്കടിച്ചു വീഴ്ത്തുകയും സര്‍ജികല്‍ കത്തി ഉപയോഗിച്ചു തലയറുത്ത് മാറ്റുകയുമായിരുന്നു. ഉടലില്‍ നിന്നും ഒരുമീറ്ററോളം അകലെയാണ് തലയുണ്ടായിരുന്നത്.

പ്രസന്നയുടെ നിലവിളികേട്ട് ആളുകള്‍ ഓടിയെത്തുമ്പോഴെക്കും പ്രതി വസ്ത്രം മാറി ബൈകില്‍ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറഞ്ഞു കീഴടങ്ങുകയായിരുന്നു. പരിസരവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അപ്പോഴെക്കും പെരിങോം പൊലീസ് സ്ഥലത്തെത്തിയിരുന്നു. വീടിന്റെ അകത്ത് മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് രക്തം തളം കെട്ടിക്കിടന്നിരുന്നു. പയ്യന്നൂര്‍ ഡിവൈ. എസ് പി കെ ഇ പ്രേമചന്ദ്രന്‍ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി കണ്ണൂര്‍ മെഡികല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി.

ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്തുകൊന്ന സംഭവത്തിന്റെ ഞെട്ടല്‍ ഇനിയും മാറാതെ കാങ്കോല്‍ വെമ്മരടി കുടികോളനിയും സമീപ പ്രദേശങ്ങളും. വെമ്മരടി കുടി കോളനിക്കാര്‍ ബുധനാഴ്ച (25.10.2023) ഉച്ചവരെ നല്ല സന്തോഷത്തിലായിരുന്നു. ഇവിടെയുളള ഒരു വിവാഹചടങ്ങില്‍ പങ്കെടുത്തുവരികയായിരുന്നു എല്ലാവരും. ഉച്ചയോടെയാണ് കൊല്ലപ്പെട്ട മയ്യില്‍ പെരുമാച്ചേരിയിലെ തയ്യില്‍ വളപ്പിലെ വെളളക്കുടിയില്‍ വി കെ പ്രസന്ന (32) ഭര്‍തൃവീട്ടിലെത്തിയത്.

ഇതറിഞ്ഞ ഭര്‍ത്താവ് പളളിക്കുടിയില്‍ ഷാജി (35) വിവാഹവീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് ഭാര്യ എത്തിയപ്പോള്‍ വഴക്കുണ്ടാക്കുകയും ഇരുമ്പ് കമ്പികൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തിയതിനു ശേഷം സര്‍ജികല്‍ കത്തിക്കൊണ്ടു തലയറുത്ത് കൊല്ലുകയുമായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം.

മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ ജനിഷ, ഒന്നാം ക്ലാസ് വിദ്യാര്‍ഥി പാര്‍ത്ഥിവ് ശിവ, അങ്കണവാടി വിദ്യാര്‍ഥി ശിവ ദര്‍ശിഖ് എന്നിവരാണ് ഇവരുടെ മക്കള്‍.

പ്രസന്ന കൊല്ലപ്പെട്ട വിവരം അവരുടെ സ്വദേശമായ പെരുമാച്ചേരി ഗ്രാമത്തെയും നടുക്കിയിട്ടുണ്ട്. പത്തുവര്‍ഷം മുന്‍പാണ് പ്രസന്നയെ ഷാജി ഇവിടെ നിന്നും വിവാഹം കഴിച്ചു കൊണ്ടു പോയത്. ബുധനാഴ്ച രാവിലെ ഭര്‍തൃവീടിന് സമീപത്തെ ഒരുവിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ പ്രസന്ന ഇനി തിരിച്ചുവരില്ലെന്ന നടുക്കുന്ന സത്യത്തിന് മുന്‍പില്‍ തളര്‍ന്നിരിക്കുകയാണ് അമ്മയും സഹോദരനും.

പയ്യന്നൂരിലെ ഒരു ഷോപില്‍ ജോലി ചെയ്തിരുന്ന പ്രസന്ന സംഭവദിവസം അവിടെ നിന്നും അവധിയെടുത്ത് മൂത്ത രണ്ടുമക്കളെ ചെക്കിക്കുളം രാധാകൃഷ്ണ യുപി സ്‌കൂളില്‍ യാത്രയാക്കി ഇളയകുട്ടിയെ തൈലവളപ്പ് അങ്കണവാടിയിലുമെത്തിച്ച് സംഭവദിവസം രാവിലെ പത്തുമണിയോടെയാണ് വീട്ടില്‍ നിന്നുമിറങ്ങിയത്.

പിണങ്ങി കഴിയുന്ന ഇവരുടെ വിവാഹബന്ധം വേര്‍പെടുത്തലുമായി ബന്ധപ്പെട്ടു കണ്ണൂര്‍ കുടുംബകോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ച പെരുമാച്ചേരിയിലെ വീട്ടിലെത്തിയ ഷാജി മൂന്നുമക്കള്‍ക്കും ചോക്ളേറ്റും മറ്റും നല്‍കിയിരുന്നു. ഇതിനിടയില്‍ പ്രസന്നയും ഷാജിയും തമ്മില്‍ വാക് തര്‍ക്കം നടന്നതായി പരിസരവാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം, പ്രസന്നയുമായി പിണങ്ങിയ കാങ്കോലിലെ വെമ്മരടി കോളനിയിലെ ഷാജി ഒരു ഒരാഴ്ച മുന്‍ പരാതിയുമായി മയ്യില്‍ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. കുടുംബകോടതിയില്‍ പരസ്പരം വിട്ടുപിരിയുന്നതിനായി നല്‍കിയ കേസിന്റെ വിശദാംശങ്ങളും വിവരങ്ങളും ഇയാള്‍ പൊലീസിന് കൈമാറിയിരുന്നു. പ്രസന്നയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഇയാള്‍ ഉന്നയിച്ചതെന്നും എന്നാല്‍ ഒന്നിനും ഒരു വ്യക്തത വരുത്താത്തതിനാല്‍ നടപടിയെടുത്തിട്ടില്ലെന്നും മയ്യില്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി പി സുമേഷ് പറഞ്ഞു.

Keywords : News, Kerala, Kerala-News, Crime, Crime-News, Payyanur News, Kankole News, Murder Case, Police, Investigation, Killed, Husband, Wife, Surgical Knife, Planned Murder, Police Investigation in Kankole Murder Case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia