Found Dead | തിരൂരില്‍നിന്ന് കാണാതായ ഹോടെല്‍ വ്യാപാരിയുടെ മൃതദേഹം അട്ടപ്പാടി ചുരത്തില്‍ ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍; കൊലപാതകത്തിന് പിന്നില്‍ ഹണി ട്രാപെന്ന് സംശയം; സ്ഥാപനത്തിലെ ജീവനക്കാരനും പെണ്‍സുഹൃത്തും പിടിയില്‍
May 26, 2023, 09:21 IST
പാലക്കാട്: (www.kvartha.com) മലപ്പുറം തിരൂരില്‍ നിന്നു കാണാതായ ഹോടെല്‍ വ്യാപാരിയുടെ മൃതദേഹം അട്ടപ്പാടി ചുരത്തില്‍ ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദീഖ് (58) ആണ് കൊല്ലപ്പെട്ടത്. ട്രോളി ബാഗ് കണ്ടെത്തിയ അട്ടപ്പാടി ചുരം ഒന്‍പതാം വളവിനടുത്ത് പൊലീസ് കാവല്‍ ഏര്‍പെടുത്തി. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഹോടെല്‍ ജീവനക്കാരനായ ഷിബിലി, ഷിബിലിയുടെ സുഹൃത്ത് ഫര്‍ഹാന എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്.
സംഭവത്തെ കുറിച്ച് മലപ്പുറം പൊലീസ് പറയുന്നത് ഇങ്ങനെ: വ്യാപാരിയെ കൊലപ്പെടുത്തി കഷങ്ങങ്ങളാക്കി അട്ടപ്പടിയിലെ കൊക്കയിലേക്ക് തള്ളിയത് സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരനാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സിദ്ദീഖിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് മകന്‍ നല്‍കിയ പരായ്ക്ക് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായത്.
സിദ്ദീഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോടെലിലെ ജീവനക്കാരനായ ഷിബിലി(22)യും ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാന(18)യുമാണ് സംഭവത്തില്‍ പിടിയിലായിരിക്കുന്നത്. പ്രതികളെ ചെന്നൈയില്‍ വെച്ച് തമിഴ്‌നാട് പൊലീസാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ കേരളാപൊലീസ് സംഘം ചെന്നൈയിലെത്തി കസ്റ്റഡിയില്‍ വാങ്ങിയ ശേഷം മലപ്പുറത്തേക്ക് കൊണ്ടുവരും. പ്രതികള്‍ വ്യാഴാഴ്ച മുതല്‍ ഒളിവില്‍ ആയിരുന്നു.
കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോടെലില്‍ വെച്ച് സിദ്ദീഖിനെ പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് കേസന്വേഷിക്കുന്ന പൊലീസ് സംശയിക്കുന്നത്. തിരൂര്‍ പൊലീസ് വ്യാഴ്ച രാവിലെ എരഞ്ഞിപ്പാലത്തിനു സമീപത്തെ ടൂറിസ്റ്റ് ഹോമിലെത്തി പരിശോധന നടത്തി. സിസിടിവി പരിശോധിച്ചപ്പോള്‍ കഴിഞ്ഞ ദിവസം മൂന്നുപേര്‍ എത്തി മുറിയെടുത്തെന്നും രണ്ടുപേര്‍ മാത്രമാണ് തിരികെ പോയതെന്നുമുള്ള സൂചന ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോടെലിലാണ് കൊലപാതകം നടന്നതെന്നാണ് സൂചന. മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി ട്രോളി ബാഗിലാക്കിയ ശേഷം അട്ടപ്പാടിയിലെ അഗളിക്കടുത്ത് കൊക്കയിലേക്ക് തള്ളിയെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന വിവരം. പിതാവിനെ കാണാനില്ലെന്ന മകന്റെ പരാതിയില്‍ നടത്തിയ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിലേക്ക് എത്തിയിരിക്കുന്നത്.
സിദ്ദീഖിനെ കാണാതായതിന് പിന്നാലെ ഇയാളുടെ എടിഎം കാര്‍ഡും നഷ്ടമായിരുന്നു. ഇത് സംബന്ധിച്ച അന്വേഷണമാണ് സംഭവത്തില്‍ തുമ്പുണ്ടാക്കിയത്. പ്രതികള്‍ മൃതദേഹം തള്ളിയെന്ന് പറയുന്ന അഗളിയില്‍ മലപ്പുറം എസ്പി നേരിട്ടെത്തും. പൊലീസ് പ്രദേശത്ത് വിശദമായ തെരച്ചില്‍ നടത്തുന്നുണ്ട്. കൊല്ലപ്പെട്ട സിദ്ദീഖിന്റെ മൃതദേഹത്തിന്റെ മറ്റുഭാഗങ്ങള്‍ കണ്ടെത്താനാണ് ശ്രമം.
കഴിഞ്ഞ 18 നാണ് സിദ്ദീഖിനെ കാണാതായത്. 22ന് മകന്‍ പൊലീസില്‍ പരാതി നല്‍കി. കൊലപാതകത്തിനു പിന്നില്‍ ഹണി ട്രാപാണോ എന്നടക്കം വിശദമായി അന്വേഷിക്കുന്നുണ്ട്. മരിച്ച സിദ്ദീഖിന്റെ ഭാര്യ: ശകീല. മക്കള്‍: സുഹൈൽ, ശിയാസ്, ശാഹിദ്, ശംല.
Keywords: News, Kerala, Kerala-News, Crime-News, Crime, Case, Complaint, Missing, Father, Son, Merchant, Dead Body, Accused, Police, Custody, Palakkad: Missing merchant's dead body found.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.