Crime | ബംഗാളില്‍ ആശുപത്രിയില്‍ നഴ്‌സിന് നേരെ രോഗിയുടെ ലൈംഗികാതിക്രമമെന്ന് പരാതി
കൊല്‍ക്കത്ത: (KVARTHA) ബംഗാളില്‍ ആശുപത്രിയില്‍ നഴ്‌സിന് നേരെ രോഗിയുടെ ലൈംഗികാതിക്രമമെന്ന് പരാതി. പിജി വനിതാ ഡോക്ടര്‍ ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരും പൊലീസും ആരോപണം നേരിടുന്നതിനിടെയാണ് സമാനമായ സംഭവം വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബിര്‍ഭും ജില്ലയിലെ ഇലംബസാര്‍ ആരോഗ്യ കേന്ദ്രത്തില്‍ ശനിയാഴ്ച രാത്രിയാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനെ രോഗി ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചുവെന്നാണ് പരാതി. അത്യാഹിത വിഭാഗത്തില്‍ രോഗിയെ ചികിത്സിച്ചപ്പോഴായിരുന്നു സംഭവമെന്നും പരാതിയില്‍ പറയുന്നു.
കുടുംബത്തിനൊപ്പമാണ് രോഗി ആശുപത്രിയില്‍ എത്തിയതെന്നും സലൈന്‍ കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ സ്വകാര്യഭാഗങ്ങളില്‍ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിക്കുകയായിരുന്നുവെന്നും നഴ്‌സ് അറിയിച്ചു. മാത്രമല്ല തനിക്ക് നേരെ അസഭ്യം പറയുകയും ചെയ്തുവെന്നും അവര്‍ പറഞ്ഞു. വിവരമറിഞ്ഞെത്തിയ പൊലീസ് ആരോപണ വിധേയനായ രോഗിയെ അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ വേണ്ടത്ര സുരക്ഷ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നത്.
#NurseSafety #WestBengal #CrimeNews #Healthcare #PoliceAction #WomensRights