NEET | നീറ്റ് അട്ടിമറി യുവമോര്‍ച്ച നേതാവിന്റെ കുടുംബ സ്‌കൂളിലെന്ന് റിപ്പോർട്ട്; ഹരിയാന പൊലീസ് കേസെടുത്തില്ല; ബിജെപി-ആര്‍എസ്എസ് ബന്ധമോ?


നീറ്റ് യുജി പരീക്ഷയില്‍ 720ല്‍ 720 മാര്‍ക്കും നേടിയ ആറ് പേര്‍ പരീക്ഷയെഴുതിയത് യുവമോര്‍ച്ചാ നേതാവിന്റെ കുടുംബ സ്‌കൂളിലാണ്.
അര്‍ണവ് അനിത
ന്യൂഡെല്‍ഹി: (KVARTHA) മെഡിക്കല്‍ കോഴ്‌സുകള്‍ക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് അട്ടിമറിക്ക് കൂട്ടുനിന്നത് ഹരിയാനയിലെ ബിജെപി നേതാവിന്റെ കുടുംബമാണെന്ന് റിപ്പോര്‍ട്ട്. ഹരിയാനയിലെ ജജ്ജാര്‍ ജില്ലയിലെ ഹര്‍ദയാല്‍ സ്‌കൂളിന്റെ പ്രസിഡന്റായ അനുരാധ യാദവിന്റെ അനന്തരവന്‍ ശേഖര്‍ യാദവ് യുവ മോര്‍ച്ച ജില്ലാ പ്രസിഡന്റാണ്. മാത്രമല്ല ഇവരുടെ കുടുംബത്തിന് ബിജെപി-ആര്‍എസ്എസ് ബന്ധമുണ്ടെന്നും വലിയ സ്വാധീനമുള്ളവരാണെന്നും പ്രദേശവാസികള്‍ പറയുന്നു.
സ്‌കൂളിന് തൊട്ടടുത്താണ് പൊലീസ് സ്റ്റേഷന്‍. അവിടെ ഇതുവരെ ഇത് സംബന്ധിച്ച കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതേക്കുറിച്ച് ഡിവൈഎസ്പിയോട് അന്വേഷിച്ചെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് ദ വയര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നീറ്റ് യുജി പരീക്ഷയില്‍ 720ല്‍ 720 മാര്‍ക്കും നേടിയ ആറ് പേര്‍ പരീക്ഷയെഴുതിയത് യുവമോര്‍ച്ചാ നേതാവിന്റെ കുടുംബ സ്‌കൂളിലാണ്. മറ്റ് രണ്ട് പേര്‍ക്ക് 718, 719 മാര്‍ക്കുകള്‍ ലഭിച്ചു. ഇതോടെയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന സംശയം ഉണ്ടായത്.
സാധാരണ മുഴുവന്‍ മാര്‍ക്കും ഒന്നോ രണ്ടോ വിദ്യാര്‍ത്ഥികള്‍ക്കാണ് ലഭിക്കുന്നത്. 2021ല്‍ മാത്രം മൂന്ന് പേര്‍ക്ക് ലഭിച്ചിരുന്നു. പരീക്ഷ എഴുതുന്നതിലെ സമയനഷ്ടം പരിഗണിച്ച് ഗ്രേസ്മാര്‍ക്ക് നല്‍കിയതിലും കൃത്രിമം നടന്നെന്ന് ആരോപണം ഉയര്‍ന്നതോടെ ദേശീയ പരീക്ഷ ഏജന്‍സി (എന്‍ടിഎ) ഗ്രേസ് മാര്‍ക്ക് റദ്ദാക്കി തലയൂരുകയായിരുന്നു. ഹര്‍ദയാല്‍ സൂളിലും തൊട്ടടുത്തുള്ള വിജയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് സമയനഷ്ടമുണ്ടായെന്നായിരുന്നു പരാതി. എന്നാല്‍ ഗ്രേസ് മാര്‍ക്ക് നല്‍കിയത്. ഹര്‍ദയാല്‍ സ്‌കൂളില്‍ എഴുതിയവര്‍ക്ക് മാത്രമാണ്. ഇവിടെ സെന്ററാക്കിയ എല്ലാവര്‍ക്കും ഗ്രേസ്മാര്‍ക്ക് കിട്ടിയില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
രാജസ്ഥാനില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെതിരെ കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനിടെ പ്രധാനമന്ത്രി അതിരൂക്ഷവിമര്‍ശനമാണ് നടത്തിയത്. മൂന്നാമൂഴത്തില്‍ അദ്ദേഹം അധികാരമേറ്റ ശേഷം ഇത്രയും പരീക്ഷകളില്‍ ക്രമക്കേട് നടന്നതിന് പിന്നാലെ യാരൊതു പ്രതികരണത്തിനും പ്രധാനമന്ത്രി തയ്യാറായില്ല. ചോദ്യപേപ്പര്‍ ചോര്‍ത്തിയാല്‍ കര്‍ശന ശിക്ഷ ലഭിക്കുന്ന നിയമം കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയിരുന്നു. നാല് മാസത്തിന് ശേഷം, ക്രമക്കേടുകളും പിന്നാലെ വിവാദങ്ങളും ഉയര്‍ന്നതിന് പിന്നാലെയാണ് നിയമത്തിന്റെ ഉത്തരവ് പുറത്തിറക്കിയത്.
വിജ്ഞാപനം വൈകിപ്പിച്ചത് ക്രമക്കേടിന് വഴിയൊരുക്കാനാണെന്ന ആക്ഷേപം ശക്തമാണ്. രാജ്യത്താകമാനം ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന നിരവധി പരീക്ഷകളിലും നടക്കാനിരിക്കുന്ന പരീക്ഷകളിലും ക്രമക്കേടും ചോദ്യപേപ്പര്‍ ചോര്‍ച്ചയും നടന്നിട്ടും അതിവേഗം നടപടികളൊന്നും കേന്ദ്രം സ്വീകരിച്ചില്ലെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. സിബിഐ അന്വേഷണം പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. എടിഎ ഡിജി സുബോധ് കുമാറിനെ പുറത്താക്കിയത് വിദ്യാർഥി പ്രതിഷേധം തണുപ്പിക്കാനാണ്. അതുകൊണ്ട് കാര്യമില്ല, ഇതിനൊക്കെ പിന്നില്‍ ബിജെപിയും ആര്‍എസ്എസുമാണെന്നും ആ രീതിയിലുള്ള അന്വേഷണം നടക്കുന്നില്ലെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.
2017ല്‍ നീറ്റ് വരുന്നതിന് മുമ്പ് ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായേ ഉണ്ടായിട്ടുള്ളൂ. കാരണം സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ, സര്‍വകലാശാല ജീവനക്കാരോ ആണ് അന്ന് പരീക്ഷ നടത്തിയിരുന്നത്. അവര്‍ക്ക് ജോലിയോടും വഹിക്കുന്ന പദവിയോടും ഉത്തരവാദിത്തം ഉണ്ടായിരുന്നു. മാന്യമായ ശമ്പളം അവര്‍ക്ക് ലഭിച്ചിരുന്നു. അതിനാല്‍ അഴിമതിയും ക്രമക്കേടും നടത്തേണ്ട കാര്യമില്ലായിരുന്നു. ദേശീയ പരീക്ഷ ഏജന്‍സി (എടിഎ) മോദി സര്‍ക്കാര്‍ കൊണ്ടുവന്ന സ്വയംഭരണ ബോഡിയാണ്. അതിന് കീഴിലെ ജീവനക്കാര്‍ക്ക് തുശ്ചമായ ശമ്പളമാണുള്ളത്. ഇതൊക്കെ ക്രമക്കേടിന് വഴിയൊരുക്കുന്നെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ക്രമക്കേടുകളിലൂടെ യോഗ്യതയുള്ള വിദ്യാര്‍ത്ഥികളെ മാത്രമല്ല, സാമൂഹ്യനീതിയും അട്ടിമറിക്കപ്പെടുകയാണ്. കഴിവുള്ളവര്‍ അധ്വാനിച്ച് നേടുന്ന വിജയും ചിലര്‍ കാശ് ഉപയോഗിച്ച് കുറുക്കുവഴിയിലൂടെ നേടുമ്പോള്‍ അത് രാജ്യത്തിന് തന്നെ വലിയ വെല്ലുവിളിയാകും. കഴിവും പ്രാപ്തിയുമുള്ളവര്‍ എല്ലാ പ്രൊഫഷണല്‍ മേഖലയില്‍ നിന്നും അപ്രത്യക്ഷരാവുകയും കാര്യപ്രാപ്തിയില്ലാത്തവര്‍ കടന്നുവരുകയും ചെയ്യും. സാമൂഹ്യനീതി അട്ടിമറിക്കപ്പെടുന്നതിലൂടെ പാവങ്ങള്‍ക്ക് ഉന്നതവിദ്യാഭ്യാസവും പ്രൊഫഷണല്‍ വിദ്യാഭ്യാസവും സ്വപ്‌നം മാത്രമായി അവശേഷിക്കും.
പത്താംക്ലാസ്, പ്ലസ് ടു പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആശയവിനിമയം നടത്തുന്ന പരിപാടിയാണ് പരീക്ഷപേ ചര്‍ച്ച നടത്തുന്നുണ്ട്. 2018ല്‍ ആരംഭിച്ച പരിപാടിക്ക് ഒരു കോടി രൂപയായിരുന്നു ചെലവ്. 2023 ആയപ്പോഴേക്കും അത് 10.04 കോടിയായി വര്‍ദ്ധിച്ചതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷ വ്യക്തമാക്കുന്നു. പരിപാടി തല്‍സമയം പ്രേക്ഷപണം ചെയ്ത ചാനലിന് നല്‍കിയ തുകയുടെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടുമില്ല. പരീക്ഷാപേടി നീക്കുക, സമ്മര്‍ദം കുറയ്ക്കുക, ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. ഇതെല്ലാം ചെയ്യുന്ന സര്‍ക്കാര്‍ തന്നെ ചോദ്യപേപ്പര്‍ ചോര്‍ത്തുന്നതിന് കൂട്ടുനില്‍ക്കുന്നു എന്നാണ് ആക്ഷേപം.
തൊഴിലില്ലായ്മ രൂക്ഷമാണ്. സര്‍ക്കാര്‍ ജോലികളില്‍ നിയമനങ്ങള്‍ നടത്തുന്നില്ല. ആര്‍മി റിക്രൂട്ട്‌മെന്റ് പഴയപോലെ ഇല്ല. അഗ്നിപഥ് പദ്ധതി വന്നതോടെ യുവാക്കള്‍ നിരാശയിലാണ്. ഇതിനൊക്കെ പുറമെയാണ് പ്രൊഫഷണല്‍ മേഖലയില്‍ തൊഴില്‍ തേടാനുള്ള വിദ്യാര്‍ത്ഥികളുടെ മോഹത്തിന് മേല്‍ ചോദ്യപേപ്പര്‍ ചോര്‍ത്തി മണ്ണിട്ട് മൂടുന്നത്.