Arrested | നീറ്റ് ചോദ്യപേപ്പർ ചോർച്ച: മഹാരാഷ്ട്രയിൽ 4 പേർ അറസ്റ്റിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് 

 
Arrested
Arrested


പരീക്ഷാ ഹാൾ ടിക്കറ്റും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച സംശയാസ്പദമായ സന്ദേശങ്ങൾ കണ്ടെത്തിയെന്നും ഉദ്യോഗസ്ഥർ

മുംബൈ: (KVARTHA) നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ രണ്ട് അധ്യാപകരടക്കം നാല് പേരെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ലത്തൂരിൽ നിന്നുള്ള അധ്യാപകരായ സഞ്ജയ് തുക്കാറാം ജാദവ്, ജലീൽ ഉമർഖാൻ പത്താൻ എന്നിവരെ നന്ദേഡ് ആൻ്റി ടെററിസം സ്ക്വാഡ് (എടിഎസ്) ശനിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. 

ഞായറാഴ്ച രാവിലെ ഇവരെ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും പിന്നീട് ഇവരെയും ധാരാശിവ് ജില്ലയിലെ ഇരണ്ണ മഷ്‌നാജി കൊംഗൽവാർ, ഡൽഹി സ്വദേശിയായ ഗംഗാധർ എന്നിവരെയും അറസ്റ്റ് ചെയ്തു. 2024-ലെ പൊതുപരീക്ഷ (അന്യായമായ മാർഗങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് നാല് പേർക്കെതിരെയും കേസെടുത്തത്. 

പണം വാങ്ങി വിദ്യാർത്ഥികൾക്ക് പരീക്ഷാ വിവരങ്ങൾ വിൽക്കുന്ന റാക്കറ്റിൽ പെട്ടവരാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്. ജാദവും ഉമർഖാനും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായും ഇവരുടെ വസതികളിൽ റെയ്ഡ് നടത്തിയതായും എടിഎസ് വ്യക്തമാക്കി. പരിശോധനയിൽ ഇവരുടെ ഫോണുകളിൽ പരീക്ഷാ ഹാൾ ടിക്കറ്റും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച സംശയാസ്പദമായ സന്ദേശങ്ങൾ കണ്ടെത്തിയെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

ജാദവ് ഹാൾ ടിക്കറ്റ് വിവരങ്ങൾ ഇരണ്ണ മഷ്‌നാജിക്ക് കൈമാറിയതാകാമെന്നും അത് ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെ സൂത്രധാരനാണെന്ന് സംശയിക്കുന്ന ഡൽഹിയിലെ ഗംഗാധരന് കൈമാറുകയും ചെയ്തിരിക്കാമെന്നാണ് അന്വേഷണത്തിൽ ലഭിക്കുന്ന സൂചനയെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കേസിൻ്റെ കൂടുതൽ അന്വേഷണത്തിനായി ലാത്തൂർ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപവത്‌കരിച്ചിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia