Death | യുഎഇയിൽ മലയാളി യുവതിയുടെ ദുരൂഹ മരണം: കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍


കണ്ണൂര്‍: (KVARTHA) അലവില്‍ സ്വദേശിനിയായ യുവതിയെ യുഎഇ അബൂദബിയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ. സംഭവത്തെ കുറിച്ചു അന്വേഷിക്കണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. അലവില്‍ കുന്നാവിനു സമീപം മൊട്ടമ്മല്‍ ഹൗസില്‍ പരേതനായ സുബ്രഹ്മണ്യൻ - സുമ ദമ്പതികളുടെ മകള്‍ എം പി മനോഗ്‌ന (31) ആണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്.
യുവതിയുടെ മരണത്തിന്പിന്നില്‍ കൊലപാതകമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇവരുടെ ഭര്‍ത്താവ് ലിനേക് അബൂദബി പൊലീസിന്റെ കസ്റ്റഡിയിലാണുളളത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് മരണം നടന്നതെന്നാണ് സൂചന. അന്നുമുതല്‍ നാട്ടില്‍ നിന്നും ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും കഴിഞ്ഞിരുന്നില്ല. രണ്ടു ദിവസംകഴിഞ്ഞ് വിവരമറിയിച്ചതിനെ തുടര്‍ന്ന് അബൂദബിയിലുളള ബന്ധുക്കള്‍ അന്വേഷിച്ചു എത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. ലിനേക് അപ്പോഴും ഫ്‌ലാറ്റിലുണ്ടായിരുന്നുവെന്നാണ് പറയുന്നത്.
ഞായറാഴ്ച രാത്രി ഇവരുടെ ഫ്‌ലാറ്റില്‍ ബഹളം കേട്ടതായി അയല്‍വാസികള്‍ അബൂദബി പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. 2021 ഏപ്രില്‍ 17നാണ് മേലെചൊവ്വ സ്വദേശിനി ലിനേകും മനോഗ്‌നയും വിവാഹിതരായത്. ഒന്നര വര്‍ഷം മുന്‍പ് അബൂദബിയിലെത്തിയ മനോഗ്‌ന വെബ് ഡവലപ്പറായി ജോലി ചെയ്തുവരികയായിരുന്നു. ഒരു കമ്പനിയില്‍ സെയില്‍സ് മാനേജരാണ് ലിനേക്.
ദമ്പതികൾ തമ്മില്‍ കുടുംബവഴക്കുണ്ടാതായി പൊലീസ് സംശയിക്കുന്നുണ്ട്. കൈഞരമ്പുകള്‍ മുറിഞ്ഞ നിലയിലാണ് യുവതിയുടെ ഭര്‍ത്താവിനെ കണ്ടെത്തിയത്. എന്നാല്‍ ഇയാള്‍ അപകടനില തരണം ചെയ്തതിനെ തുടര്‍ന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമത്തിലാണ് ബന്ധുക്കള്‍. ഇതിനായി ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയിട്ടുണ്ട്.