ഭാര്യയേയും മകളേയും വെട്ടിപരിക്കേല്‍പ്പിച്ചതായി പരാതി; ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസ്
Dec 7, 2021, 13:22 IST
കണ്ണൂര്‍: (www.kvartha.com 07.12.2021) കക്കാട് ഭര്‍ത്താവ് ഭാര്യയേയും മകളേയും വെട്ടിപരിക്കേല്‍പ്പിച്ചതായി പരാതി. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കക്കാട് സ്വദേശി രവീന്ദ്രനാണ് ഭാര്യ പ്രവിദയേയും മകള്‍ റനിതയേയും വെട്ടിയത്. തലയ്ക്ക് സാരമായി പരിക്കേറ്റ പ്രവിദ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. റനിതയുടെ കൈയ്ക്കും കാലിനും പരിക്കുണ്ട്. നേരത്തെയും പലതവണ രവീന്ദ്രന്‍ ഭാര്യയേയും മക്കളേയും ആക്രമിച്ചിരുന്നുവെന്നാണ് വിവരം.
സംഭവത്തെ കുറിച്ച് കണ്ണൂര്‍ ടൗണ്‍ പൊലീസ് പറയുന്നത് ഇങ്ങനെ: രാവിലെ ഏഴ് മണിയോടെയാണ് രവീന്ദ്രന്‍ പ്രവിദയേയും മകള്‍ റനിതയേയും വെട്ടിയത്. നേരത്തെ പലവട്ടം രവീന്ദ്രനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു. തുടര്‍ച്ചയായ ആക്രമണങ്ങളുടേയും പരാതികളുടേയും പശ്ചാത്തലത്തില്‍ പ്രവിദയ്ക്ക് പ്രൊടക്ഷന്‍ ഓര്‍ഡെര്‍ കിട്ടിയിരുന്നു. ഒരു കാരണവശാലും വീട്ടിലേക്ക് കയറുതെന്നും ഭാര്യയേയും മക്കളേയും ഉപദ്രവിക്കരുതെന്നും ആവശ്യപ്പെട്ടുള്ള ഓര്‍ഡെര്‍ രവീന്ദ്രനും ലഭിച്ചിരുന്നു. ഈ ഓര്‍ഡര്‍ കിട്ടിയ ശേഷം ഇയാള്‍ വീട്ടിലുണ്ടായിരുന്നില്ല.
ഒരാഴ്ചയോളം സ്ഥലത്ത് ഇല്ലാതിരുന്ന ഇയാള്‍ രാവിലെ വീട്ടിലെത്തി അമ്മയേയും മകളേയും ആക്രമിക്കുകയായിരുന്നു. അമ്മയെ വെട്ടുന്നത് കണ്ട് ഓടിയെത്തിയ മകളേയും രവീന്ദ്രന്‍ വെട്ടുകയായിരുന്നു. അമ്മയേയും സഹോദരിയേയും ആക്രമിക്കുന്നത് കണ്ട പ്രവിദയുടെ മകന്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ രവീന്ദ്രനും പരിക്കേറ്റു. നിസാര പരിക്കുകളോടെ ഇയാളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നേരത്തെ ഗള്‍ഫിലായിരുന്ന രവീന്ദ്രന്‍ 2009-ലാണ് നാട്ടില്‍ തിരിച്ചെത്തിയത്. അന്നു മുതല്‍ സംശയരോഗത്തിന്റെ പേരില്‍ തുടര്‍ച്ചയായി ഭാര്യയേയും മകളേയും പീഡിപ്പിച്ചിരുന്നുവെന്നാണ് വിവരം. രവീന്ദ്രനില്‍ നിന്നുള്ള ഉപദ്രവത്തെക്കുറിച്ച് പരാതികള്‍ ലഭിച്ചപ്പോള്‍ തന്നെ ഇരുകൂട്ടരേയും വിളിച്ചു വരുത്തിയിരുന്നുവെന്നും എന്നാല്‍ കേസെടുക്കേണ്ടെന്നും താക്കീത് നല്‍കി വിട്ടയച്ചാല്‍ മതിയെന്നുമുള്ള നിലപാടാണ് പ്രവിദ സ്വീകരിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.