Cyber Crime | 'തായ് വാനിലേക്ക് എം ഡി എം എ അയച്ചെന്ന് പറഞ്ഞ് മണിക്കൂറുകളോളം വെര്‍ച്വല്‍ അറസ്റ്റിലാക്കി'; നടി മാലാ പാര്‍വതിക്ക് നേരെ മുംബൈ പൊലീസ് ചമഞ്ഞ് തട്ടിപ്പ് ശ്രമം

 
Mumbai Police Impersonation Attempt: Actress Mala Parvathy Targeted in Fraud

Photo Credit: Facebook / Maala Parvathi

ADVERTISEMENT

● മുംബൈ പൊലീസിന്റെ ഐഡി കാര്‍ഡ് നല്‍കി വിശ്വസിപ്പിക്കാനും ശ്രമം
● അശോകസ്തംഭം ഇല്ലെന്ന് കണ്ട് ഗൂഗിളില്‍ തിരഞ്ഞു
● തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത് അങ്ങനെ 

കൊച്ചി: (KVARTHA) നടി മാലാ പാര്‍വതിക്ക് നേരെ മുംബൈ പൊലീസ് ചമഞ്ഞ് പണം തട്ടാന്‍ ശ്രമം. കുറിയര്‍ തടഞ്ഞു വച്ചെന്നു പറഞ്ഞാണ് സൈബര്‍ തട്ടിപ്പിന് ശ്രമം നടത്തിയതെന്നാണ് താരം പറയുന്നത്. മണിക്കൂറുകളോാളം തന്നെ ഇക്കാരണം പറഞ്ഞ് വെര്‍ച്വല്‍ അറസ്റ്റിലാക്കിയെന്നും താരം വ്യക്തമാക്കി. 

Aster_MIMS

വ്യാജ ഐഡി കാര്‍ഡ് അടക്കം കാട്ടി മുംബൈ പൊലീസ് എന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.  തായ് വാനിലേക്ക് ലഹരിമരുന്നടക്കം അയച്ചെന്ന് പറഞ്ഞാണ് വെര്‍ച്വല്‍ അറസ്റ്റിലാക്കി ചോദ്യം ചെയ്തതെന്നും എന്നാല്‍ പണം തട്ടുന്നതിന് മുന്‍പു തന്നെ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞെന്നും മാലാ പാര്‍വതി പറഞ്ഞു. 

സംഭവത്തെ കുറിച്ച് താരം പറയുന്നത്:

മധുരയില്‍ ഷൂട്ടിങ് സമയത്ത് ഒരു ദിവസം രാവിലെയാണ് ഫോണ്‍ വന്നത്. ഡി എച്ച് എല്‍ എന്ന സ്ഥാപനത്തില്‍ നിന്ന് ഒരു പാഴ്‌സല്‍ തടഞ്ഞുവച്ചെന്ന് പറഞ്ഞായിരുന്നു ഫോണ്‍കോള്‍. നേരത്തെ ഇത്തരത്തിലൊരു അനുഭവം ഉണ്ടായതിനാല്‍ പറഞ്ഞത് സത്യമായിരിക്കുമെന്ന് കരുതി. അങ്ങനെ അവരുടെ കസ്റ്റമര്‍ കെയറിലേക്ക് കണക്ട് ചെയ്തു. അവരോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍, നിങ്ങളുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് തായ് വാനിലേക്ക് ഒരു പാഴ്‌സല്‍ പോയിട്ടുണ്ടെന്ന് പറഞ്ഞു.

എന്താണ് കൂടുതല്‍ വിവരങ്ങള്‍ എന്ന് ചോദിച്ചപ്പോള്‍ മുംബൈയില്‍ നിന്ന് പാഴ്‌സല്‍ അയച്ച നമ്പര്‍, തയ് വാനില്‍ അത് അയച്ച ആളുടെ നമ്പര്‍ അഡ്രസ് എല്ലാം അയാള്‍ പറഞ്ഞുതന്നു. പാഴ്‌സലില്‍ പാസ്‌പോര്‍ട്ട്, ക്രഡിറ്റ് കാര്‍ഡ്, ലാപ്‌ടോപ്പ്, 200 ഗ്രാം എംഡിഎംഎ എന്നിവയാണുള്ളതെന്നാണ് അവര്‍ അറിയിച്ചത്. പിന്നാലെ അവര്‍ മുംബൈ പൊലീസിനെ കണക്ട് ചെയ്ത് തന്നു.

ഇതൊരു വലിയ സ്‌കാമാണെന്നും പലരുടെയും ആധാര്‍ കാര്‍ഡ് ഇങ്ങനെ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും നിങ്ങളുടെ നമ്പറും അതില്‍പെട്ടുവെന്നും അവര്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും ഭയം തോന്നാം. അതുകൊണ്ടുതന്നെ അവര്‍ കണക്ട് ചെയ്ത് തന്നെ പല ഉദ്യോഗസ്ഥരോടും ഞാന്‍ അപ്പോള്‍ തന്നെ സംസാരിച്ചു. പിന്നാലെ പ്രകാശ് കുമാര്‍ ഗുണ്ടു എന്നയാളോടാണ് സംസാരിച്ചത്. 

അദ്ദേഹമെനിക്ക് മുംബൈ ക്രൈംബ്രാഞ്ച് എന്നു പറഞ്ഞ് ഐഡി കാര്‍ഡ് പോലും അയച്ച് തന്നു. 12 സംസ്ഥാനങ്ങളില്‍ എന്റെ പേരില്‍ അക്കൗണ്ട് തുടങ്ങിയെന്നാണ് പറഞ്ഞത്. എന്നാല്‍ വളരെ കണ്‍വിന്‍സിങ് ആയ രീതിയില്‍ അദ്ദേഹം സംസാരിച്ചതു കൊണ്ട് ഇത് സത്യമല്ല എന്ന് തിരിച്ചറിയാനും പറ്റിയില്ല.

ഒരുപാട് കാര്യങ്ങള്‍ പറഞ്ഞ് തിരിച്ച് വിളിക്കാമെന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ വച്ചു. ആ സമയത്ത് ഞാന്‍ അദ്ദേഹം അയച്ചുതന്ന ഐഡി കാര്‍ഡ് പരിശോധിച്ചപ്പോഴാണ് അതില്‍ അശോക സ്തംഭം ഇല്ലെന്ന് മനസ്സിലായത്. അങ്ങനെയാണ് ഗൂഗിളില്‍ തിരഞ്ഞതും ഇത് തട്ടിപ്പാണെന്നും മനസ്സിലാക്കുന്നതും. പിന്നീട് എന്റെ മാനേജര്‍ തിരിച്ച് വിളിച്ചപ്പോള്‍ അവര്‍ ഫോണ്‍ എടുത്തില്ല. ഏതാണ്ട് 72 മണിക്കൂറോളം തന്നെ വെര്‍ച്വല്‍ അറസ്റ്റിലാക്കാന്‍ ശ്രമിച്ചെന്നും മാലാ പാര്‍വതി പറഞ്ഞു.

#MalaParvathy #CyberScam #MumbaiPoliceImpersonation #FraudAttempt #VirtualArrest #CourierFraud

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia