കുടുംബ വഴക്ക് കാരണം അമ്മ മക്കളുമായി കിണറ്റിൽ ചാടി; ഒരു കുട്ടിയുടെ നില ഗുരുതരം


-
രണ്ട് മാസം മുമ്പ് യുവതി ഭർതൃമാതാവിനെതിരെ പരാതി നൽകിയിരുന്നു.
-
പരാതി ബന്ധുക്കൾ ഇടപെട്ട് ഒത്തുതീർപ്പാക്കിയിരുന്നു.
-
അഗ്നിരക്ഷാ സേനയാണ് മൂവരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തത്.
-
ചെറുതാഴം ശ്രീസ്ഥലത്താണ് സംഭവം നടന്നത്.
കണ്ണൂർ: (KVARTHA) ചെറുതാഴത്ത് രണ്ട് കുട്ടികളുമായി അമ്മ കിണറ്റിൽ ചാടിയ സംഭവത്തിന് പിന്നിൽ കുടുംബ കലഹമാണെന്ന് പോലീസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ചെറുതാഴം ശ്രീസ്ഥലത്താണ് സംഭവം നടന്നത്. കണ്ണപുരം കീഴറ സ്വദേശിനി ധനജയാണ് മക്കളായ ധ്യാൻ (5), ദേവിക (7) എന്നിവരുമായി ആത്മഹത്യക്ക് ശ്രമിച്ചത്.

പരിക്കേറ്റ മൂവരും പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്നും കുട്ടി അതിതീവ്ര പരിചരണ വിഭാഗത്തിലാണെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് യുവതി നാലും ആറും വയസ്സുള്ള കുട്ടികളുമായി വീട്ടുവളപ്പിലെ കിണറ്റിൽ ചാടിയത്. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന മൂവരെയും കിണറ്റിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു.
രണ്ട് മാസങ്ങൾക്ക് മുമ്പ് ധനജ ഭർതൃമാതാവിനെതിരെ മാനസിക പീഡനം ആരോപിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ബന്ധുക്കളും നാട്ടുകാരും ഇടപെട്ട് ഇത് ഒത്തുതീർപ്പാക്കുകയും യുവതി ഭർതൃവീട്ടിലേക്ക് തിരികെയെത്തുകയുമായിരുന്നു. ഇതിന് ശേഷമാണ് ആത്മഹത്യാ ശ്രമം നടന്നത്. പരിയാരം ശ്രീസ്ഥലത്തെ ഗണേഷിന്റെ ഭാര്യയാണ് ധനജ.
ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.
Article Summary: Mother and children jump into well due to family dispute, one child critical.
#FamilyDispute #Kannur #Attempted #KeralaNews #ChildSafety #DomesticViolence