കൊച്ചിയില്‍ അമ്മയെയും 2 മക്കളെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മയക്കുമരുന്ന് നല്‍കി ഭാര്യയെയും മക്കളെയും ഷൂലേസ് മുറുക്കി കൊന്നുവെന്ന് ഭര്‍ത്താവിന്റെ മൊഴി; കൊലപാതകത്തിന് കേസ്
Jan 1, 2022, 16:53 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 01.01.2022) എറണാകുളം കടവന്ത്രയിലെ അമ്മയുടെയും മക്കളുടെയും മരണം കൊലപാതകമെന്ന് പൊലീസ്. ഭാര്യയെയും കുട്ടികളെയും കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്ന് ഭര്‍ത്താവ് മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കടവന്ത്രയില്‍ പൂക്കട നടത്തുന്ന തമിഴ്‌നാട് ഡെകിനികോട്ട സ്വദേശി നാരായണനാണ് ക്രൂരകൃത്യം ചെയ്തത്.

സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം മൂവരെയും ഷൂലേസ് ഉപയോഗിച്ച് കൊന്നെന്ന് ചികിത്സയിലുള്ള നാരായണന്‍ പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം. നാരായണനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു.
സംഭവത്തെ കുറിച്ച് എറണാകുളം സൗത് പൊലീസ് പറയുന്നത് ഇങ്ങനെ: ശനിയാഴ്ച രാവിലെയാണ് ജോയ് മോള്‍ (33), മക്കളായ ലക്ഷ്മികാന്ത് (8), അശ്വന്ത് (4) എന്നിവരെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടക്കം മുതല്‍ തന്നെ കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ടായിരുന്നു. തുടര്‍ന്നാണ് നാരായണനെ ചോദ്യം ചെയ്തത്.
മയക്കുമരുന്ന് നല്‍കിയെങ്കിലും മരിക്കാത്തതിനെ തുടര്‍ന്നാണ് ഷൂലേസ് കൊലയ്ക്ക് ഉപയോഗിച്ചത്. അതിനു ശേഷം ആയുധമുപയോഗിച്ച് കഴുത്തിനും കയ്യിലും മുറിവേല്‍പിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്ന് അപകടനില തരണ ചെയ്ത നാരായണന്‍ മൊഴി നല്‍കി.
രാവിലെ ഫോണ്‍ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനാല്‍ ജോയ് മോളുടെ സഹോദരി നാരായണന്റെ വീട്ടിലെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. നാലുപേരെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജോയ് മോളും മക്കളും മരിച്ചു. മൂന്ന് പേരുപടെയും ഇന്‍ക്വസ്റ്റ് നടപടികള്‍ അടക്കം പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ടെത്തിനയച്ചുവെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.