Attack | 'കണ്ണൂർ വിമാനത്താവള ആക്ഷൻ കമ്മിറ്റി സമരപന്തലിൽ എംഎൽഎയുടെ സഹോദരനെ കുത്തിപ്പരുക്കേൽപ്പിച്ചു'
● മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
● വിമാനത്താവളത്തിന് പോയിൻ്റ് ഓഫ് കോൾ പദവി ആവശ്യപ്പെട്ട് സമരം തുടരുകയാണ്.
● പ്രതിയെ ഉടനെ സമീപത്തുണ്ടായിരുന്നവർ പിടികൂടി.
കണ്ണൂർ: (KVARTHA) അന്താരാഷ്ട്ര വിമാനത്താവള ആക്ഷൻ കമ്മിറ്റി ചെയർമാൻ രാജീവ് ജോസഫിന് നേരെ സമരപന്തലിൽ കയറി അക്രമം നടത്തിയതായി പരാതി. കത്തി കൊണ്ടുള്ള വീശൽ തടയുന്നതിനിടെ രാജീവ് ജോസഫിന് കൈക്ക് നിസാര പരുക്കേറ്റു. ചൊവ്വാഴ്ച രാവിലെ 10.45നാണ് സംഭവം. നിരാഹാര പന്തലിൽ അതിക്രമിച്ച് കയറിയ ഒരാൾ സമരപന്തലിൽ ഇരിക്കുകയായിരുന്ന രാജീവ് ജോസഫിനെതിരെ കത്തി വീശികൈയിൽ മുറിവേൽപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
കൂടെയുണ്ടായിരുന്നവർ അക്രമിയെ ഉടൻപിടിച്ചു മാറ്റിയതിനാൽ രാജീവ് ജോസഫ് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. പ്രതിയെ മട്ടന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. അക്രമ വിവരമറിഞ്ഞ് നിരവധി നേതാക്കൾ സ്ഥലത്തെത്തി. സംഭവത്തിൽ മട്ടന്നൂർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി മട്ടന്നൂർ വായാന്തോടിൽ, കണ്ണൂർ വിമാനത്താവളത്തിന് പോയൻ്റ് ഓഫ് കോൾ പദവി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ജോസഫിൻ്റെ നേതൃത്വത്തിൽ സമരം നടത്തിവരികയാണ്. ഇതിനിടെയാണ് ഇദ്ദേഹത്തെ അക്രമിച്ചത്. മട്ടന്നൂരിലെ ആശുപത്രിയിൽ ഇദ്ദേഹം പിന്നീട് ചികിത്സ തേടി. ഇരിക്കൂർ മണ്ഡലം എം.എൽ.എ സജീവ് ജോസഫിൻ്റെ സഹോദരനാണ് രാജീവ് ജോസഫ്.
ഏറെക്കാലം ഡൽഹി പി.സി.സിയുടെ ഭാരവാഹിയായി പ്രവർത്തിച്ചിരുന്ന ഇദ്ദേഹം അടുത്ത കാലത്താണ് നാട്ടിലെത്തിയത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വിദേശ വിമാനങ്ങൾ സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുമായി ചേർന്ന് സമരം നടത്തിവരുന്നത്.
#Kannur #Protest #Violence #MLA #LocalNews #Kerala