Investigation | കാണാതായ ഭാര്യയുടെ മൃതദേഹം ഒടിച്ചുമടക്കി കിടന്നുറങ്ങിയ സോഫയ്ക്കുള്ളില്‍ കണ്ടതിന്റെ ഞെട്ടലില്‍ ഭര്‍ത്താവ്; കൊലപാതകിയെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ പൊലീസ്
● ഇക്കഴിഞ്ഞ നവംബര്‍ ഏഴിനാണ് സ്വപ്നാലിയെ കാണാതാകുന്നത്
● ക്യാബ് ഡ്രൈവറായ ഭര്‍ത്താവ് ഉമേഷ് രാവിലെ 10 മണിക്ക് യുവതിയെ ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു
● പിന്നീട് ബന്ധപ്പെടാനായില്ല
● ബീഡ് എന്ന സ്ഥലത്ത് ഒരു യാത്രക്കാരനെ ഇറക്കാന്‍ പോയതായിരുന്നു ഉമേഷ്
● വീട്ടില്‍ നിന്നും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയി
പുണെ: (KVARTHA) കാണാതായ ഭാര്യയുടെ മൃതദേഹം ഒടിച്ചുമടക്കി താന്‍ കിടന്നുറങ്ങിയ സോഫയ്ക്കുള്ളില്‍ കണ്ടതിന്റെ ഞെട്ടലില്‍ നിന്നും മോചിതനാകാതെ ഭര്‍ത്താവ്. പുണെയ്ക്ക് സമീപം ഹദാപ് സറിലെ ഹുന്ദേകര്‍ വസ്തിയില്‍ കഴിയുന്ന സ്വപ്നാലി ഉമേഷ് പവാറി(24) ന്റെ മൃതദേഹമാണ് സോഫയ്ക്കുള്ളില്‍ നിന്നും ലഭിച്ചത്.
ഇക്കഴിഞ്ഞ നവംബര്‍ ഏഴിനാണ് സ്വപ്നാലിയെ കാണാതാകുന്നത്. ക്യാബ് ഡ്രൈവറായ ഭര്‍ത്താവ് ഉമേഷ് അന്ന് രാവിലെ 10 മണിക്ക് സ്വപ്നാലിയെ ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നു. ഇതിനുശേഷം സ്വപ്നാലിയുമായി ബന്ധപ്പെടാനായില്ലെന്നാണ് ഉമേഷ് പറയുന്നത്. ബീഡ് എന്ന സ്ഥലത്ത് ഒരു യാത്രക്കാരനെ ഇറക്കാന്‍ പോയതായിരുന്നു ഉമേഷ്.
പിറ്റേന്നു സ്വപ്നാലിയെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഭാര്യയെക്കുറിച്ചുള്ള വിവരം ലഭിക്കാതെ വന്നതോടെ ഉമേഷ് ഒരു സുഹൃത്തിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. ഇയാള്‍ വീട്ടിലെത്തി നോക്കിയെങ്കിലും സ്വപ്നാലിയെ കണ്ടെത്തിയില്ല. എട്ടാംതീയതി ഉമേഷ് തിരിച്ചെത്തി ഭാര്യയെ അന്വേഷിച്ചു. ബൈക്കില്‍ കറങ്ങി തെരുവുകളിലും അന്വേഷിച്ചു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളില്‍ പോയി നോക്കി. എന്നാല്‍ ഒരു വിവരവും ലഭിച്ചില്ല.
ശനിയാഴ്ച രാവിലെയോടെയാണ് സ്വപ്നാലിയുടെ ചില വിലപിടിപ്പുള്ള വസ്തുക്കള്‍ കാണാനില്ലെന്ന വിവരം ഉമേഷിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. കൂടുതല്‍ പരിശോധനയ്ക്കായി ഉടന്‍ തന്നെ അയാള്‍ താന്‍ കിടന്നിരുന്ന സോഫകംബെഡിന്റെ കംപാര്‍ട് മെന്റുകള്‍ തുറന്നു പരിശോധിച്ചു. അപ്പോഴാണ് സ്വപ്നാലിയുടെ മൃതദേഹം അതിനകത്ത് കണ്ടെത്തിയത്. കഴുത്തുഞെരിച്ചാണ് കൊലപാതകമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴുത്തില്‍ നഖത്തിന്റെ പാടുകളുമുണ്ട്.
ഫുര്‍സുംഗി പൊലീസാണു കേസ് അന്വേഷിക്കുന്നത്. ആരും വാതില്‍ തള്ളിത്തുറന്ന് അകത്തുകയറിയ ലക്ഷണങ്ങള്‍ കാണുന്നില്ലെന്ന് പൊലീസ് പറഞ്ഞു. അതുകൊണ്ടുതന്നെ സ്വപ്നാലിക്ക് പരിചയമുള്ളയാളാവണം കൊലപാതകിയെന്നാണ് പൊലീസിന്റെ നിഗമനം. ഇത്തരത്തില്‍ സംശയമുള്ള ഒരാളെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. സ്വപ്നാലിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഇയാളുടെ ഫോണ്‍ ഓഫായെന്നും പൊലീസ് അറിയിച്ചു. ഇയാളെ കണ്ടെത്തി ചോദ്യം ചെയ്താല്‍ മാത്രമേ എന്തിന് വേണ്ടിയാണ് കൊലപാതകം എന്ന് കണ്ടെത്താന്‍ കഴിയുകയുള്ളൂ എന്നും പൊലീസ് പറഞ്ഞു.
#PuneCrime, #MissingPerson, #MurderMystery, #PoliceInvestigation, #SwapnaliNews, #SofaBedMurder