Missing | 26 മണിക്കൂർ പിന്നിട്ടിട്ടും 13 കാരി കാണാമറയത്ത് തന്നെ; അരിച്ചുപെറുക്കി പൊലീസ്; ട്രെയിനിൽ കയറിയ കുട്ടിക്ക് പിന്നീട് എന്ത് സംഭവിച്ചു?
കന്യാകുമാരി റെയിൽവേ സ്റ്റേഷൻ അകത്തെ ദൃശ്യങ്ങളുടെ പരിശോധനയും വിഫലമായി
തിരുവനന്തപുരം: (KVARTHA) കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരിയെ കണ്ടെത്താനുള്ള പൊലീസിന്റെ തിരച്ചിൽ തുടരുന്നു. 26 മണിക്കൂർ പിന്നിട്ടിട്ടും കുട്ടി കാണാമറയത്ത് തന്നെയാണ്. കന്യാകുമാരി എക്സ്പ്രസിൽ കയറിയ കുട്ടി പിന്നീട് എങ്ങോട്ട് പോയെന്നുള്ളത് ഇപ്പോഴും നിഗൂഢതയാണ്.
ഒരു വിദ്യാർത്ഥിനി നെയ്യാറ്റിൻകരയിൽ വെച്ച് പകർത്തിയ ചിത്രം അന്വേഷണത്തിന് നിർണായകമായിരുന്നുവെങ്കിലും, അതിനുശേഷം കുട്ടിയെക്കുറിച്ചുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. കന്യാകുമാരി റെയിൽവേ സ്റ്റേഷനും ബീച്ചും പൊലീസ് അരിച്ചുപെറുക്കിയിട്ടും ഫലമുണ്ടായില്ല. കുട്ടി തന്റെ അടുക്കൽ എത്തിയിട്ടില്ലെന്ന് ബംഗളൂരുവിലുള്ള സഹോദരനും അറിയിച്ചതോടെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണ്.
കന്യാകുമാരി റെയിൽവേ സ്റ്റേഷൻ അകത്തെ ദൃശ്യങ്ങളുടെ പരിശോധനയും വിഫലമായി. പാറശ്ശാലയ്ക്കും കന്യാകുമാരിക്കും ഇടയിലെ മറ്റ് സ്റ്റേഷനുകളിലും പൊലീസ് ന്വേഷണം നടത്തുകയാണ്. കന്യാകുമാരിയിൽ കുട്ടി എത്തിയെന്നത് വിവരം സ്ഥിരീകരിക്കാനാകില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര് പറയുന്നത്.
കന്യാകുമാരിയിലെ തിരച്ചിലിൽ പൊലീസിന് വ്യക്തമായ സൂചന ലഭിച്ചില്ല. കന്യാകുമാരി റെയിൽവേ സ്റ്റേഷനിൽ നിന്ന് സിസിടിവി ദൃശ്യം ലഭിക്കാനുള്ള സാധ്യത തള്ളി പൊലീസ്. കന്യാകുമാരിക്ക് മുമ്പുള്ള സ്റ്റേഷനുകളിൽ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചിരിക്കുന്നു. ഇരണിയൽ, കുഴിത്തുറ, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തിയേക്കുമെന്നാണ് സൂചന.
ബെംഗളൂരു- കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസിലാണ് കുട്ടി തിരുവനന്തപുരത്ത് നിന്ന് യാത്രതിരിച്ചതെന്നാണ് കരുതുന്നത്. ട്രെയിൻ വൈകിട്ട് 3.30നാണ് കന്യാകുമാരിയിലെത്തിയത്. 3.30 മുതൽ വൈകിട്ട് നാലു വരെയുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഇതില്‍ കുട്ടിയെ കണ്ടെത്താനായില്ല. ട്രെയിൻ എത്തിയ മൂന്നാം പ്ലാറ്റ്ഫോമിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പരിശോധിച്ചത്. നിലവില്‍ സ്റ്റേഷനിലെ മറ്റു ഭാഗങ്ങളിലെ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്.
#missingperson #findher #kerala #india #police #help