Drug Smuggling | കടത്തിയത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മെത്താംഫിറ്റമിൻ; 21കാരനെ പിടികൂടി


● പുതുശേരിയിൽ 21കാരനായ യുവാവ് മെത്താംഫിറ്റമിൻ കടത്താന്‍ ശ്രമിച്ചു
● എക്സൈസ്, പട്രോൾ ഡ്യൂട്ടി സംഘങ്ങളുടെ സംയുക്ത പരിശോധന
● 57.115 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചു, പ്രതി അറസ്റ്റിൽ
പാലക്കാട്: (KVARTHA) പുതുശേരിയിൽ വച്ച് നടത്തിയ പരിശോധനയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മെത്താംഫിറ്റമിൻ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കോട്ടയം സ്വദേശിയായ അർജുൻ ഷിബു (21) പിടിയിലായി.
പാലക്കാട് എക്സൈസ് എൻഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിള്‍ ഇൻസ്പെക്ടർ എൻ.ജി.അജയകുമാറും, ഹൈവേ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒറ്റപ്പാലം എക്സൈസ് റേഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്.
പാലക്കാട് ഹൈവേയിൽ നടത്തിയ സർച്ചിൽ 57.115 ഗ്രാം മെത്താംഫിറ്റമിൻ യുവാവിന്റെ പക്കൽ നിന്ന് കണ്ടെടുത്തു. ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി പിൻദാസ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ദേവകുമാർ, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ ലുക്കോസ്, സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർ യാസർ ആരാഫത്, സിവില്‍ എക്സൈസ് ഓഫീസർ ഷിജു എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
ആലപ്പുഴയിൽ ചാരായ വാറ്റൽ:
അതേസമയം, ആലപ്പുഴ മാന്നാറിൽ ചാരായം വാറ്റി വിൽപ്പന നടത്തുന്നതിനിടെ അമ്പലപ്പുഴ സ്വദേശിയായ അബ്ദുൽ മനാഫ് (32) എന്നയാളെ ചെങ്ങന്നൂർ എക്സൈസ് സർക്കിള്‍ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ കെ.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ഇയാളുടെ പക്കൽ നിന്ന് 100 ലിറ്റർ കോടയും 25 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
പരിശോധനയില്‍ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജോഷി ജോണ്‍, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ബാബു ഡാനിയല്‍, പ്രിവന്റീവ് ഓഫീസർമാരായ ആർ. പ്രകാശ്, വി.അരുണ്‍, സിവില്‍ എക്സൈസ് ഓഫീസർമാരായ ശ്രീജിത്ത്, ഗോകുല്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസർ ഉത്തര നാരായണൻ എന്നിവരും പങ്കെടുത്തു.
#DrugSmuggling, #Methamphetamine, #Palakkad, #Excise, #Narcotics, #Kerala