Court Order | മധു കൊലക്കേസില്‍ കൂറുമാറിയവര്‍ വെട്ടില്‍; രഹസ്യമൊഴി നല്‍കിയശേഷം തിരുത്തിയ 9 പേര്‍ക്കെതിരെ നടപടിക്ക് ഉത്തരവിട്ട് കോടതി
Apr 5, 2023, 14:16 IST
പാലക്കാട്: (www.kvartha.com) അട്ടപ്പാടി ചിണ്ടേക്കിയിലെ ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ കൂറുമാറിയ ഒമ്പത് സാക്ഷികള്‍ക്കെതിരെ നടപടിക്ക് കോടതി നിര്‍ദേശം. 164 പ്രകാരം മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയശേഷം മൊഴി തിരുത്തിയ ഏഴുപേര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് തുടര്‍നടപടിക്ക് ഉത്തരവിട്ടിരിക്കുന്നത്.
കൂറുമാറിയ സാക്ഷികളില്‍ ആറുപേര്‍ ഹൈകോടതിയില്‍ അപീല്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ തീര്‍പ്പ് വരുന്ന മുറയ്ക്ക് കൂറുമാറ്റത്തിന് നടപടി തുടങ്ങണം എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 127 സാക്ഷികളില്‍ മൊഴി നല്‍കിയശേഷം 24 സാക്ഷികളാണ് കോടതിയില്‍ കൂറുമാറിയത്.
PW 2. ഉണ്ണികൃഷ്ണന്‍, PW 3. ചന്ദ്രന്‍, PW 4. അനില്‍കുമാര്‍, PW 5. ആനന്ദന്‍, PW 6. മെഹറുന്നീസ്, PW 7 റസാഖ്, PW 9. ജോളി, PW 20. സുനില്‍ കുമാര്‍, PW 26. അബ്ദുല്‍ ലത്തീഫ് എന്നിങ്ങനെ ഒമ്പത് പേര്‍ക്കെതിരെയാണ് നടപടിക്ക് നിര്‍ദേശം.
ഉണ്ണികൃഷ്ണനാണ് മധുവിനെ ചവിട്ടുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയത്. എന്നാല്‍ കോടതിയില്‍ ഇത് ഉണ്ണികൃഷ്ണന്‍ തിരുത്തിയിരുന്നു. കാല്‍ പൊക്കുന്നത് മാത്രമാണ് കണ്ടതെന്നും ചവിട്ടുന്നത് കണ്ടില്ലെന്നുമുള്ള വിചിത്ര മൊഴിയാണ് ഉണ്ണികൃഷ്ണന്‍ കോടതിയില്‍ പറഞ്ഞത്. മധുവിന്റെ അടുത്ത ബന്ധുവും മൊഴി തിരുത്തിയിരുന്നു.
കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളില്‍ 13 പേരെയാണ് ഏഴുവര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. ഒന്നാം പ്രതി ഹുസൈന് 10,5000 രൂപയും മറ്റ് 12 പേര്‍ക്ക് 1,18,000 രൂപയുമാണ് പിഴ വിധിച്ചത്. ഇതില്‍ പകുതി തുക മധുവിന്റെ അമ്മയ്ക്ക് നല്‍കണം.
ഐപിസി 352-ാം വകുപ്പ് പ്രകാരം ബലപ്രയോഗ കുറ്റം മാത്രം ചുമത്തിയ 16ാം പ്രതി മുനീറിന് കോടതി മൂന്ന് മാസം തടവും 500 രൂപ പിഴയുമാണ് വിധിച്ചത്. ഇയാള്‍ കേസില്‍ പല സമയങ്ങളിലായി മൂന്ന് മാസത്തിലേറെ ജയിലില്‍ കഴിഞ്ഞതിനാല്‍ പിഴ തുക മാത്രം അടച്ചാല്‍ മതിയാകും.
അതേസമയം, കൊലപാതകക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ല. കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടും രണ്ടുപേരെ വിട്ടയച്ചതിനെതിരെയും അപീല്‍ നല്‍കുമെന്നു മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും പറഞ്ഞു. നാലാം പ്രതി അനീഷ്, 11-ാം പ്രതി സിദ്ദീഖ് എന്നിവരെയാണു വിട്ടയച്ചത്.
സാക്ഷികളുടെ കൂറുമാറ്റവും പ്രോസിക്യൂടര്‍മാരുടെ മാറ്റവുമുള്‍പെടെ ഏറെ വെല്ലുവിളികള്‍ നേരിട്ട കേസിന്റെ വിചാരണ ഹൈകോടതിയുടെ പ്രത്യേക നിരീക്ഷണത്തിലാണു പൂര്‍ത്തിയാക്കിയത്.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകന്‍ മധു (30) ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. കള്ളനെന്ന് ആരോപിച്ചു കാട്ടില്‍നിന്നു പ്രതികള്‍ സംഘം ചേര്‍ന്നു പിടികൂടി മര്‍ദിച്ച് മുക്കാലിയിലെത്തിച്ചു പൊലീസിനു കൈമാറുകയായിരുന്നു. തുടര്‍ന്ന് അഗളിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴേക്കു മധു മരിച്ചു. പ്രതികളുടെ ആക്രമണത്തിലേറ്റ പരുക്കു മൂലം മരിച്ചുവെന്നാണു കേസ്.
വനത്തില്‍ ആണ്ടിയളച്ചാല്‍ ഭാഗത്തു മധു ഉണ്ടെന്നു വിവരം ലഭിച്ച പ്രതികള്‍ കാട്ടില്‍ അതിക്രമിച്ചു കയറിയെന്ന വനം വകുപ്പു കേസും നിലവിലുണ്ട്. കാട്ടില്‍ പോയി മധുവിനെ പിടികൂടി വരുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികളില്‍ ചിലര്‍ തന്നെ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. മുക്കാലിയില്‍ ആള്‍ക്കൂട്ടം മധുവിനെ തടഞ്ഞുവച്ചതിന്റെ മൊബൈല്‍ ഫോണ്‍, സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷന്‍ തെളിവായി ഹാജരാക്കി.
Keywords: News, Kerala, State, Palakkad, Case, Crime, Top-Headlines, Court Order, Trending, Accused, Witness, Madhu Murder Case: Court against witnesses they changed their statement.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.