ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക മരണം: ആശിഷ് മിശ്രയ്‌ക്കെതിരെ വധശ്രമത്തിന് കേസ്

 



ന്യൂഡെല്‍ഹി: (www.kvartha.com 15.12.2021) ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ മരിച്ചസംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്‌ക്കെതിരെ ആയുധം ഉപയോഗിച്ചുളള വധശ്രമത്തിന് കൂടി കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അപേക്ഷ പരിഗണിച്ച് കോടതി നിര്‍ദേശ പ്രകാരമാണ് നടപടി. 

സ്ഥലത്ത് വെടിവയ്പ്പ് നടന്നുവെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഐപിസി 307, 326, 334 എന്നീ വകുപ്പുകള്‍ കൂടി ചേര്‍ത്തത്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചനയടക്കമുള്ള വകുപ്പുകള്‍ നേരത്തെ ചേര്‍ത്തിരുന്നു. കര്‍ഷകരുടെ മേല്‍ വാഹനം ഇടിച്ചു കയറ്റിയത് മനഃപൂര്‍വമായിരുന്നുവെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപോര്‍ട് പരിഗണിച്ചാണ് ആശിഷ് മിശ്രയ്‌ക്കെതിരെ പുതിയ വകുപ്പുകള്‍ ചുമത്തിയത്.

ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക മരണം: ആശിഷ് മിശ്രയ്‌ക്കെതിരെ വധശ്രമത്തിന് കേസ്


അമിത വേഗത്തില്‍ വാഹനമോടിക്കല്‍, അശ്രദ്ധ കാരണം മരണം സംഭവിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ എടുത്ത് മാറ്റിയാണ് എഫ്‌ഐആര്‍ പുതുക്കിയത്. മറ്റ് 12 പ്രതികള്‍ക്കെതിരെയും പുതിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. സംഭവം ആസൂത്രതമായിരുന്നുവെന്ന അന്വേഷണ റിപോര്‍ട് പുറത്ത് വന്നതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര ജയിലിലെത്തി ആശിഷ് മിശ്രയെ കണ്ടത് വിവാദമായി. കേന്ദ്രമന്ത്രിയെ എത്രയും വേഗം പുറത്താക്കണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.

അന്വേഷണ റിപോര്‍ട് പുറത്ത് വന്നതിന് പിന്നാലെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോടീസ് നല്‍കി. ആവശ്യം തള്ളിയതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. അജയ് മിശ്രയെ പുറത്താക്കണമെന്നാണ് സംയുക്ത കിസാന്‍ മോര്‍ചയും ആവര്‍ത്തിക്കുന്നത്. 

Keywords:  News, National, India, New Delhi, Farmers, Death, Crime, Murder case, Case, Protest, Lakhimpur Kheri case: Ashish Mishra to be tried for murder 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia