Gang Arrest | 'കുറുവ സംഘം കേരളത്തിലെത്തിയത് കുടുംബസമേതം; 14 പേരുണ്ട്'; പൊലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട സന്തോഷിനെ കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍


● സന്തോഷിനെതിരെ തമിഴ് നാട്ടില്‍ 18 കേസുകളും കേരളത്തില്‍ എട്ടു കേസുകളും നിലവിലുണ്ട്.
● തമിഴ് നാട്ടില്‍ ഇയാള്‍ മൂന്നു മാസം ജയിലിലായിരുന്നു.
● കേരള പൊലീസ് കൈമാറിയ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച തമിഴ് നാട് പൊലീസ് സന്തോഷിനെ തിരിച്ചറിഞ്ഞു.
● നെഞ്ചിലെ പച്ചകുത്തിയ പാടാണ് തിരിച്ചറിയാന്‍ ഉദ്യോഗസ്ഥരെ സഹായിച്ചത്.
● മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങളിലും ഒരാള്‍ നെഞ്ചില്‍ പച്ചകുത്തിയിരുന്നു.
തിരുവനന്തപുരം: (KVARTHA) കഴിഞ്ഞദിവസം പൊലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട തമിഴ് നാട് സ്വദേശി സന്തോഷ് ശെല്‍വനെ കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍. സന്തോഷ് ശെല്‍വന്‍ കുറുവ സംഘത്തില്‍പ്പെട്ട ആളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് ആണ് സന്തോഷിനെ പിടികൂടിയത്. കുണ്ടന്നൂരില്‍വെച്ച് പൊലീസ് സംഘത്തെ വെട്ടിച്ച് ചാടിപ്പോകുകയായിരുന്നു. ഇയാളെ പിടികൂടാനായി രാത്രിയില്‍ പ്രദേശമാകെ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. നാലു മണിക്കൂറിലേറെ നീണ്ടുനിന്ന തിരച്ചിലിനൊടുവില്‍ കുണ്ടന്നൂര്‍ പാലത്തിന് സമീപത്തെ ചതുപ്പില്‍ നിന്നാണ് രാത്രി 10.30-ഓടുകൂടി പ്രതിയെ പൊലീസ് പിടികൂടിയത്.
എന്നാല്‍ ഇയാള്‍ക്കൊപ്പം പിടികൂടിയ മണികണ്ഠന്‍ മോഷ്ടാവാണെന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നും ഇയാളുടെ പശ്ചാത്തലം പരിശോധിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. സന്തോഷിനെതിരെ തമിഴ് നാട്ടില്‍ 18 കേസുകളും കേരളത്തില്‍ പാല, ചങ്ങനാശേരി, പൊന്‍കുന്നം എന്നിവിടങ്ങളിലായി എട്ടു കേസുകളും നിലവിലുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.
തമിഴ് നാട്ടില്‍ ഇയാള്‍ മൂന്നു മാസം ജയിലിലായിരുന്നു. കേരള പൊലീസ് കൈമാറിയ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച തമിഴ് നാട് പൊലീസാണ് സന്തോഷാണ് ആലപ്പുഴയില്‍ മോഷണം നടത്തിയതെന്ന് ഉറപ്പിച്ചത്. നെഞ്ചിലെ പച്ചകുത്തിയ പാടാണ് സന്തോഷിനെ തിരിച്ചറിയാന്‍ ഉദ്യോഗസ്ഥരെ സഹായിച്ചത്. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരാള്‍ നെഞ്ചില്‍ പച്ചകുത്തിയത് തിരിച്ചറിഞ്ഞിരുന്നു. തമിഴ് നാട് പൊലീസ് നല്‍കിയ കുറുവ സംഘത്തിലെ ക്രിമിനലുകളുടെ ഫോട്ടോകളിലും പച്ചകുത്തിയ ഒരാളുടെ ഫോട്ടോ ഉണ്ടായിരുന്നു.
കുട്ടവഞ്ചിയില്‍ മീന്‍പിടിക്കുന്നവരെന്ന വ്യാജേനയാണ് കുറുവ മോഷണ സംഘം കേരളത്തില്‍ പല സ്ഥലങ്ങളിലും താമസിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. കുടുംബ സമേതമാണ് കുറുവ സംഘം കേരളത്തിലെത്തിയത്. 14 പേരാണ് സംഘത്തിലുള്ളത്. ഇതില്‍ മൂന്നു പേരെയാണ് പൊലീസിനു തിരിച്ചറിയാന്‍ കഴിഞ്ഞത്. മറ്റുള്ളവരെ കണ്ടെത്താന്‍ ശ്രമം നടക്കുകയാണ്. മോഷണത്തിന് പോകുമ്പോള്‍ കുറുവ സംഘം മൊബൈല്‍ ഉപയോഗിക്കാറില്ലെന്നും പൊലീസ് പറഞ്ഞു.
#KuravaGang #KeralaPolice #CrimeReport #TamilNaduTheft #AlappuzhaArrest #GangInvestigation