എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ മരണം: അപകടത്തിനിടയാക്കിയ കാര്‍ഡ്രൈവര്‍ അറസ്റ്റില്‍, വാഹനം ഓടിച്ചത് മദ്യലഹരിയിലെന്ന് കണ്ടെത്തല്‍

 



കൊല്ലം: (www.kvartha.com 16.08.2021) വിനോദയാത്ര പോയി ബൈകില്‍ മടങ്ങിവരവെ കൊട്ടാരക്കര ചേത്തടിയില്‍ രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ഒരാളെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈകിനെ ഇടിച്ചുവീഴ്ത്തിയ കാറിന്റെ ഡ്രൈവര്‍ തലവൂര്‍ മഞ്ഞക്കാല സ്‌കൂളിന് സമീപം ലാല്‍കുമാറിനെയാണ് കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.
              
അപകടത്തില്‍ പരിക്കേറ്റ ലാല്‍ കുമാര്‍ കൊട്ടാരക്കര പുലമണിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുന്നികോട് എസ് ഐ ജിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയില്‍ എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ മരണം: അപകടത്തിനിടയാക്കിയ കാര്‍ഡ്രൈവര്‍ അറസ്റ്റില്‍, വാഹനം ഓടിച്ചത് മദ്യലഹരിയിലെന്ന് കണ്ടെത്തല്‍


ലാല്‍കുമാറിനോപ്പം കാറിലുണ്ടായിരുന്ന റോയി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ അറസ്റ്റും ഉടനുണ്ടാകുമെന്നാണ് സൂചന. ഇവര്‍ മദ്യലഹരിയിലാണ് വാഹനം ഓടിച്ചതെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

രാത്രിയില്‍ ചെങ്ങമനാടിനും ചേത്തടിക്കും മധ്യേ കഴിഞ്ഞ 12നാണ് അപകടമുണ്ടായത്. അമിതവേഗത്തില്‍ എത്തിയ കാര്‍ വിദ്യാര്‍ഥികളുടെ ബൈകിനെ ഇടിച്ചുവീഴ്ത്തി. കുണ്ടറ കേരളപുരം സ്വദേശി ഗോവിന്ദ്, കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനി ചൈതന്യ എന്നിവരാണ് മരിച്ചത്. ഇരുവരും തിരുവനന്തപുരം സി ഇ ടി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം അഞ്ച് ബൈകുകളില്‍ തെന്മലയില്‍ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം.

റോഡില്‍ തെറിച്ചുവീണ ഗോവിന്ദിനെയും ചൈതന്യയെയും കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഗോവിന്ദ് മരിച്ചു. ഗുരുതരാവസ്ഥയിലായ ചൈതന്യയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.

Keywords:  News, Kerala, State, Kollam, Accident, Accidental Death, Students, Engineering Student, Accused, Arrest, Police, Case, Crime, Kollam Kunnikkode Engineering Students Accident Death Case: Car driver arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia