Attack | 'കുടുംബ വഴക്ക്; കാസര്‍കോട്ട് അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠന്‍ കൊല്ലപ്പെട്ടു'; പ്രതി പൊലീസ് കസ്റ്റഡിയില്‍; തടയാന്‍ ശ്രമിച്ച 2 പേര്‍ക്ക് പരുക്ക്
Attack | 'കുടുംബ വഴക്ക്; കാസര്‍കോട്ട് അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠന്‍ കൊല്ലപ്പെട്ടു'; പ്രതി പൊലീസ് കസ്റ്റഡിയില്‍; തടയാന്‍ ശ്രമിച്ച 2 പേര്‍ക്ക് പരുക്ക്
● അനുജന്‍ എ ഗംഗാധരനെ പ്രദേശവാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു
● തിങ്കളാഴ്ച രാത്രി 7.30 മണിയോടെയാണ് വഴക്കിന് തുടക്കമെന്ന് പ്രദേശവാസികള്‍
● കുടുംബസ്വത്ത് തന്റെ പേരില്‍ ആക്കണമെന്ന് ഗംഗാധരന്‍ ആവശ്യപ്പെട്ടിരുന്നു
● വഴക്കിനിടെ ഒളിപ്പിച്ചുവച്ച കത്തിയെടുത്ത് കുത്തുകയായിരുന്നു
● ആശുപത്രിയിലെത്തിക്കാന്‍ റോഡില്ലാത്തതിനാല്‍ താങ്ങിയെടുത്ത് ഏറെ ദൂരം നടന്നു, അപ്പോഴേക്കും മരണം സംഭവിച്ചു
കാസര്‍കോട്: (KVARTHA) കുടുംബ വഴക്കിനെ തുടര്‍ന്ന് കാസര്‍കോട്ട് ജ്യേഷ്ഠനെ അനുജന്‍ കുത്തി കൊലപ്പെടുത്തിയെന്ന് പൊലീസ്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പരവനടുക്കം മാവില റോഡിലെ പേര വളപ്പില്‍ എ കുമാരന്‍ നായരുടേയും ഐങ്കൂറന്‍ കുഞ്ഞമ്മാര്‍ അമ്മയുടെയും മകനായ ഐങ്കൂറന്‍ ചന്ദ്രന്‍ (51) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ അനുജന്‍ എ ഗംഗാധരനെ പ്രദേശവാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
തിങ്കളാഴ്ച രാത്രി 7.30 മണിയോടെയാണ് വഴക്കിന് തുടക്കമെന്ന് പ്രദേശവാസികള്‍ പറയുന്നു. കൂലി പണിക്കാരനായ ചന്ദ്രന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയതായിരുന്നു. കുടുംബസ്വത്തുമായി ബന്ധപ്പെട്ടാണ് തര്‍ക്കം തുടങ്ങിയത്. കുടുംബസ്വത്ത് തന്റെ പേരില്‍ ആക്കണമെന്ന് ഗംഗാധരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്ഥിരമായി വീട്ടില്‍ വരാത്ത ഇയാള്‍ക്ക് ആധാര്‍ കാര്‍ഡോ മറ്റ് രേഖകളോ ഇല്ലാത്തതിനാല്‍ സ്വത്ത് ഭാഗം വെക്കാന്‍ കഴിഞ്ഞില്ല, ഇതിന്റെ പേരിലാണ് വഴക്കുണ്ടാക്കിയത്.
വഴക്കിനിടെ ഗംഗാധരന്‍ ഒളിപ്പിച്ചുവച്ച കത്തിയെടുത്ത് കുത്താന്‍ ശ്രമിക്കുകയായിരുന്നു. ഒരു തവണ കത്തിയെടുത്ത് കുത്താന്‍ ശ്രമിച്ചപ്പോള്‍ ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്ന് തടഞ്ഞു. ഇതോടെ കത്തി താഴെ വീണു. പിന്നീട് വീണ കത്തിയെടുത്ത് ചന്ദ്രന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. ആശുപത്രിയിലെത്തിക്കാന്‍ റോഡില്ലാത്തതിനാല്‍ താങ്ങിയെടുത്ത് ഏറെ ദൂരം നടന്നാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ചന്ദ്രന്റെ നെറ്റിയിലും മുറിവേറ്റിരുന്നു.
സഹോദരനെ കുത്തിയ ഗംഗാധരന്‍ കത്തിയുമായി വീട്ടില്‍ പരാക്രമം കാട്ടുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ചേറവളപ്പിലെ മണികണ്ഠന്‍ (48) ഗോപാലന്‍ (49) എന്നിവര്‍ക്ക് കൈക്കും മറ്റും പരുക്കേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.
ഏറെക്കാലം നാട്ടില്‍ ഇല്ലായിരുന്ന ഗംഗാധരന്‍ അടുത്തിടെയാണ് വീട്ടിലെത്തിയത്. സ്വത്ത് വിഹിതം ആവശ്യപ്പെട്ട് വീട്ടിലെത്തിയാല്‍ ഗംഗാധരന്‍ എന്നും സഹോദരനുമായി വഴക്കിടുന്നത് പതിവാണെന്ന് അയല്‍ക്കാര്‍ പൊലീസിനോടു പറഞ്ഞു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രതിയായ ഗംഗാധരനെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
മരിച്ച ചന്ദ്രന്റെ ഭാര്യ: കെ രമണി. മക്കള്‍: കെ മാളവിക, കെ ശിവമായ. മറ്റുസഹോദരന്‍: എ നാരായണന്‍.
#KasargodCrime, #FamilyFeud, #KeralaNews, #AttackingIncident, #PoliceInvestigation, #LocalNews