പിടിയിലായിട്ടും പാഠം പഠിക്കാതെ 'വരമ്പ് മുറിയൻ' ഷബീർ: 30 ഗ്രാം എംഡിഎംഎയുമായി വീണ്ടും കുടുങ്ങി


-
ശ്രീകണ്ഠാപുരം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
-
ഷബീർ ബാങ്ക് അക്കൗണ്ട് വഴി പണം സ്വീകരിച്ചിരുന്നു.
-
ഷബീറിന്റെ വീട്ടിൽ ഓട്ടോമാറ്റിക് നമ്പർ ലോക്കായിരുന്നു.
-
മുൻപും മയക്കുമരുന്ന് കേസിൽ ഇയാൾ പിടിയിലായിട്ടുണ്ട്.
-
പറശിനിക്കടവ് കേസിൽ പ്രതിയായിരുന്നു ഷബീർ.
കണ്ണൂർ: (KVARTHA) ജില്ലയിലെ മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യ കണ്ണിയും സംഘത്തലവനുമായ യുവാവിനെ ശ്രീകണ്ഠാപുരം പോലീസും ജില്ലാ റൂറൽ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള ഡാൻസെഫ് അംഗങ്ങളും ചേർന്ന് 30 ഗ്രാം എം.ഡി.എം.എയുമായി വീണ്ടും പിടികൂടി. ഷബീർ (42) ആണ് പിടിയിലായത്.

ശ്രീകണ്ഠാപുരം എസ്.ഐ പി.പി. പ്രകാശനും സംഘവും നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. ഇയാളെ അടുക്കത്തെ വീട്ടിൽ നിന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് പിടികൂടിയത്. കഴിഞ്ഞയാഴ്ച കണ്ണൂർ ടൗൺ പോലീസ് എം.ഡി.എം.എയുമായി പിടികൂടിയ സാജു എന്ന യുവാവ് വഴിയാണ് പോലീസ് ഷബീറിലെത്തിയത്.
സാജുവിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് ഷബീർ പണം സ്വീകരിച്ചിരുന്നത്. ഇതോടെ സാജുവിനെ ശ്രീകണ്ഠാപുരം പോലീസിന് കൈമാറി ഷബീറിന്റെ വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്നു. ഇയാളുടെ വീടിന്റെ വാതിലുകൾക്ക് ഓട്ടോമാറ്റിക് നമ്പർ ലോക്കായിരുന്നു.
ഈ നമ്പറുകൾ അറിയാമായിരുന്ന സാജുവിനെക്കൊണ്ടാണ് പോലീസ് വാതിൽ തുറപ്പിച്ചത്. ഈ സമയം അവിടെയുണ്ടായിരുന്ന ഷബീറിന്റെ കിടപ്പുമുറിയിൽ നിന്നാണ് 30 ഗ്രാം എം.ഡി.എം.എ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
നേരത്തെയും ഇയാളെ മയക്കുമരുന്ന് വിൽപ്പന നടത്തിയതിന് സ്വന്തം വീട്ടിൽ നിന്ന് പോലീസ് പിടികൂടിയിരുന്നു. അന്ന് ഗേറ്റ് തുറക്കാത്തതിനാൽ വീടിന്റെ ഏഴടി ഉയരമുള്ള മതിൽ ചാടിക്കടന്നാണ് പോലീസ് സംഘം മുറ്റത്ത് കയറിയത്. ഇതോടെ പോലീസിനെ കണ്ട ഷബീർ മുറിക്കകത്ത് കയറി വാതിലടയ്ക്കുകയായിരുന്നു.
തുടർന്ന് തുറക്കാൻ തയ്യാറാകാത്തപ്പോൾ വാതിൽ ചവിട്ടിപ്പൊളിക്കുമെന്ന് പോലീസ് പറഞ്ഞതോടെയാണ് ഇയാൾ തുറന്നത്. വീടിന്റെ മുറികളിൽ നടത്തിയ പരിശോധനയിൽ 2.2 ഗ്രാം എം.ഡി.എം.എയും 2500 പാക്കറ്റുകളും കണ്ടെത്തിയിരുന്നു. ലഹരിമരുന്നുകൾ കത്തിച്ചുപയോഗിക്കുന്നതിനുള്ള ബർണറുകളും അന്ന് പിടിച്ചെടുത്തിരുന്നു.
ഇതിനിടെ ഷബീർ പോലീസിനെ വെട്ടിച്ച് മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മതിൽ ചാട്ടത്തിനിടെയുണ്ടായ വീഴ്ചയിൽ തുടയെല്ലിന് പരിക്കേറ്റ ഇയാളെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഈ കേസിൽ ജയിലിൽ നിന്നിറങ്ങിയതിനു ശേഷമാണ് ഇയാൾ വീണ്ടും മയക്കുമരുന്ന് വിൽപ്പന വീട് കേന്ദ്രീകരിച്ച് സജീവമാക്കിയത്. പറശിനിക്കടവ് പീഡനക്കേസിലെ പ്രതിയായിരുന്നു ഷബീർ. ഏറെക്കാലം എറണാകുളം കേന്ദ്രീകരിച്ചാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. തൃക്കാക്കരയിൽ നിന്ന് എം.ഡി.എം.എയുമായി പിടിയിലായതിന് ഇയാൾ ജയിലിൽ കിടന്നിട്ടുണ്ട്
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ അറിയിക്കുക.
Article Summary: Drug ring leader arrested with MDMA in Kannur.
#Kannur #MDMA #DrugArrest #KeralaPolice #AntiDrugCampaign #CrimeNews