Crime | 'വീഡിയോ കൈവശമുണ്ടെന്ന് പറഞ്ഞ് 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി', മാധ്യമ പ്രവർത്തകർക്കെതിരെ കേസ്
● തേനി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറാണ് പരാതിക്കാരൻ.
● പത്രപ്രവർത്തകർ വ്യാജ വീഡിയോയുണ്ടെന്ന് ഭീഷണിപ്പെടുത്തിയെന്ന് ആരോപണം .
● ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പരാതി നൽകിയിരുന്നു.
പെരിയകുളം (തമിഴ്നാട്): (KVARTHA) തേനി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറെ പീഡന കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ ആറ് പ്രാദേശിക മാധ്യമ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. തെക്ക് അഗ്രഹാരം തെരുവ്, പെരിയകുളം തെങ്കരൈ സ്വദേശി ഡോ. അനുമന്ദനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാണ് കേസ്.
ഇതുസംബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കമ്പം വാലി ബ്രാഞ്ച് കമ്മിറ്റി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് പ്രാദേശിക പത്ര പ്രവർത്തകരായ ചിന്നത്തമ്പി, ആനന്ദൻ, കാർത്തി, അളഗസാമി, രാജമുത്തു, അഴഗർ എന്നിവർക്കെതിരെ കേസെടുത്തത്. ഡോ. അനുമന്ദൻ പെരിയകുളം കച്ചേരി റോഡിൽ സ്വകാര്യ പ്രാക്ടീസ് നടത്തി വരികയാണ്.
പരാതിയിൽ പറയുന്നത്:
'കഴിഞ്ഞ ദിവസം പത്രപ്രവർത്തകർ ക്ലിനിക്കിലെത്തി. ഡോക്ടർ അനുമന്ദൻ അവിടെ ജോലി ചെയ്തിരുന്ന ചില സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചെന്നും അതിൻ്റെ വീഡിയോ ദൃശ്യങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്നും സ്ത്രീകൾ പരാതി നല്കുമെന്നും അറിയിച്ചു. വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടാതിരിക്കാനും പരാതി നൽകാതിരിക്കുന്നതിനുമായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു.
നിരന്തരം പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെ ഡോക്ടർ ഐഎംഎ കമ്പം വാലി ബ്രാഞ്ച് ഭാരവാഹികളെ അറിയിച്ചു. തുടർന്ന് പൊലീസ് മേധാവിക്ക് പരാതി നല്കുകയായിരുന്നു. എസ്.പിയുടെ നിർദ്ദേശ പ്രകാരം തെങ്കരൈ പൊലീസ് നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു'.
#TamilNaduNews #JournalismEthics #Extortion #MedicalProfession #Justice