Crime | 'ടിവി ഷോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 7 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി'; 5 കൗമാരക്കാര്‍ പൊലീസ് കസ്റ്റഡിയില്‍

 



നോയിഡ: (www.kvartha.com) സ്‌കൂള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാരോപിച്ച് അഞ്ച് കൗമാരക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 7 വയസുകാരനെ കൊലപ്പെടുത്തിയെന്ന കേസില്‍ 15-ഉം 16-ഉം വയസുള്ള 10-ാം ക്ലാസ് വിദ്യാര്‍ഥികളാണ് പിടിയിലായിരിക്കുന്നത്. 

മകനെ കാണാനില്ലെന്ന ഷേഖുപുര്‍ സ്വദേശിയായ പിതാവിന്റെ പരാതിയില്‍ പൊലീസ് എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തിരുന്നു. ഐപിസി സെക്ഷന്‍ 302, 201 വകുപ്പുകള്‍ ചുമത്തി പ്രതികള്‍ക്കെതിരെ കേസെടുത്തതായി സീനിയര്‍ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) ശ്ലോക് കുമാര്‍ പറഞ്ഞു.

ബുലന്ദ്ഷഹര്‍ പൊലീസ് പറയുന്നത് ഇങ്ങനെ: ജൂലൈ ഒന്‍പതിനാണ് സംഭവം. ടിവിയിലെ ക്രൈം ഷോയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വിദ്യാര്‍ഥികള്‍ അതേ സ്‌കൂളിലെ ഏഴുവയസുകാരനെ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

സ്‌കൂളില്‍നിന്ന് കുട്ടിയെ അലിഗഡിലേക്ക് തട്ടിക്കൊണ്ടുപോയ ശേഷം അവിടെവച്ച് തൂവാല ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം നദിയിലേക്ക് വലിച്ചെറിഞ്ഞു. മൃതദേഹം നദിയില്‍നിന്ന് കണ്ടെടുത്തു. 

സാമ്പത്തിക ഇടപാട് നടത്തുന്നതിനിടെ പ്രതികളിലൊരാള്‍ക്ക് 40,000 രൂപ നഷ്ടപ്പെട്ടിരുന്നു. ഇക്കാര്യം സുഹൃത്തുക്കളോട് പറഞ്ഞു. ഈ സാമ്പത്തിക നഷ്ടം നികത്താന്‍ മോചനദ്രവ്യത്തിനായി ഒരു കുട്ടിയെ സ്‌കൂളില്‍നിന്ന് തട്ടിക്കൊണ്ടുപോകാന്‍ അഞ്ചുപേരും ചേര്‍ന്ന് തീരുമാനിച്ചു. കൊലപ്പെട്ട കുട്ടിയെതന്നെ തട്ടിക്കൊണ്ടുപോകാന്‍ നേരത്തേ പദ്ധതിയിട്ടിരുന്നില്ല. കുട്ടി അന്ന് നേരത്തേ സ്‌കൂളില്‍ എത്തിയതിനാലും ആ സമയത്ത് അധികം ആളുകളില്ലാതിരുന്നതിനാലും തട്ടിക്കൊണ്ടു പോകുകയായിരുന്നു.

ക്ലാസിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ സ്‌കൂളിന്റെ അതിര്‍ത്തിയിലേക്ക് കൊണ്ടുപോയി. അവിടെ വേറെ സ്‌കൂളില്‍ പഠിച്ചിരുന്ന മറ്റ് രണ്ടു കുട്ടികളും ഉണ്ടായിരുന്നു. ഇവരില്‍ രണ്ടുപേര്‍ ചേര്‍ന്ന് കുട്ടിയെ അവിടെനിന്ന് ബൈകില്‍ അലിഗഡിലേക്ക് കൊണ്ടുപോയി. ഒരാള്‍ ബസില്‍ അവിടെയെത്തി. അഞ്ചുപേരിലൊരാളുടെ വീട് അലിഗഡിലായതിനാണ് അവിടേക്ക് പോയത്. പിന്നീട് പദ്ധതി വിജയിച്ചില്ലെങ്കില്‍ എന്തുചെയ്യുമെന്ന് ചിന്തിച്ച് പരിഭ്രാന്തരായി.

Crime | 'ടിവി ഷോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 7 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി'; 5 കൗമാരക്കാര്‍ പൊലീസ് കസ്റ്റഡിയില്‍


തുടര്‍ന്ന് കൊല്ലാന്‍ തീരുമാനിക്കുകയും മൃതദേഹം നദിയില്‍ തള്ളുകയുമായിരുന്നു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച തൂവാല പ്രദേശത്തെ കുറ്റിക്കാട്ടില്‍ എറിഞ്ഞ ശേഷം ബുലന്ദ്ഷഹറിലേക്ക് മടങ്ങി. പിറ്റേദിവസം അലിഗഡിലെ നദിയില്‍നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ബുലന്ദ്ഷഹറില്‍നിന്ന് കാണാതായ ആണ്‍കുട്ടിയാണെന്ന് തിരിച്ചറിയുകയും ചെയ്തു.

തുടര്‍ന്ന് 100 ലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും 200 ലധികം പേരെ ചോദ്യം ചെയ്തുമാണ് പ്രതികളിലേക്കെത്തിയതെന്ന് പൊലീസ് പറഞ്ഞു. ആദ്യം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ വിവിധ കഥകള്‍ മെനഞ്ഞെങ്കിലും അവസാനം അഞ്ചുപേരും കുറ്റം സമ്മതിച്ചു. പ്രതികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി.

Keywords:  News,National,India,Uttar Pradesh,Police,Crime,Killed,Police,Custody,Student,Local-News, Inspired By TV Show, 5 Teens Kill 7-Year-Old Boy In Uttar Pradesh: Cops
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia