Judgement | കുട്ടികളുടെ മുന്നില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും നഗ്‌നശരീരം പ്രദര്‍ശിപ്പിക്കുന്നതും കുറ്റകരമെന്ന് ഹൈകോടതി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ജസ്റ്റിസ് എ ബദറുദീന്റേതാണ് ഉത്തരവ്
● കേസില്‍ പോക്സോ നിയമം ബാധകമെന്ന് നിരീക്ഷണം
● കുട്ടിയെ മര്‍ദിച്ചെന്ന പരാതി ഉള്‍പ്പെടെ വിചാരണ നടത്തണമെന്ന് നിര്‍ദേശം
കൊച്ചി: (KVARTHA) കുട്ടികളുടെ മുന്നില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും നഗ്‌നശരീരം പ്രദര്‍ശിപ്പിക്കുന്നതും കുറ്റകരമെന്ന് ഹൈകോടതി. സംഭവം ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുമെന്നും പോക്‌സോ വകുപ്പുകള്‍ അനുസരിച്ച് കുറ്റകരമാണെന്നുമാണ് ഹൈകോടതിയുടെ ഉത്തരവ്.
പോക്‌സോ, ഐപിസി, ജുവനൈല്‍ ജസ്റ്റിസ് ആക്ട് തുടങ്ങി നിരവധി വകുപ്പുകള്‍ ചുമത്തി തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എ ബദറുദീന്റെ ഉത്തരവ്. ലോഡ്ജില്‍ വച്ച് വാതില്‍ അടയ്ക്കാതെ കുട്ടിയുടെ മാതാവുമായി പ്രതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന സംഭവത്തിലാണ് യുവാവിനെതിരെ കേസെടുത്തത്.
വാതില്‍ തുറന്ന് അകത്തേക്കു വന്ന കുട്ടി രംഗം കാണാനിടയാകുകയും പ്രതിയെ ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ മര്‍ദിച്ചു എന്നാണ് കേസ്. എന്നാല്‍ തനിക്കെതിരെയുള്ള കുറ്റങ്ങളൊന്നും ശരിയല്ലെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. ഒരാള്‍ കുട്ടിക്ക് മുന്നില്‍ തന്റെ നഗ്‌നശരീരം കാണിക്കുന്നത് ആ കുട്ടിയോട് ചെയ്യുന്ന ലൈംഗികാതിക്രമം ആണെന്ന് കോടതി നിരീക്ഷിച്ചു.
ഇവിടെ ഹര്‍ജിക്കാരന്‍ നഗ്‌നനാവുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. വാതില്‍ പൂട്ടാതിരുന്നതു കൊണ്ട് കുട്ടി അകത്തേക്ക് വരികയും അവിടെ നടന്ന കാര്യങ്ങള്‍ കാണുകയും ചെയ്തു. അതുകൊണ്ടു തന്നെ പോക്‌സോ നിയമത്തിലെ പല വകുപ്പുകളും ഇതില്‍ നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു.
കുട്ടിയെ ഹര്‍ജിക്കാരന്‍ തല്ലിയെന്ന ആരോപണവുമുണ്ട്. ഇത് കുട്ടിയുടെ മാതാവ് തടഞ്ഞില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ഇതനുസരിച്ച് ഐപിസി അനുസരിച്ചുള്ള വകുപ്പുകളും കേസില്‍ നിലനില്‍ക്കുമെന്നും പ്രതി പോക്‌സോ, ഐപിസി അനുസരിച്ചുള്ള വകുപ്പുകളില്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി.
ജുവനൈല്‍ ജസ്റ്റിസ് നിയമം, പൊതുസ്ഥലങ്ങളില്‍ അശ്ലീലം സംസാരിച്ചു തുടങ്ങിയ കുറ്റങ്ങളില്‍ ചുമത്തിയിരുന്ന വകുപ്പുകള്‍ കോടതി റദ്ദാക്കി. ആ വകുപ്പുകള്‍ കേസില്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് നടപടി.
#HighCourtVerdict #ChildProtection #POCSO #LegalNews #KeralaCrime #Justice
