Investigation | 'പൊലീസുകാരന്റ നേതൃത്വത്തില്‍ പീരുമേട്ടില്‍ അനാശാസ്യകേന്ദ്രം': ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത് ആഴ്ചകള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍; വിവിധയിടങ്ങളിലേക്ക് സ്ത്രീകളെ എത്തിച്ച് നല്‍കിയെന്ന് കണ്ടെത്തല്‍; പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്

 


-അജോ കുറ്റിക്കന്‍

ഇടുക്കി: (www.kvartha.com) പീരുമേട്ടില്‍ വാടകയ്ക്ക് എടുത്ത റിസോര്‍ടില്‍ പൊലീസുകാരന്റെ നേതൃത്വത്തില്‍ നടത്തിവന്നിരുന്നതായി പറയുന്ന അനാശാസ്യ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തിയത് ആഴ്ചകള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍. പീരുമേട് പൊലീസ് സ്റ്റേഷന് വാരകള്‍ മാത്രം അകലെയുള്ള പീരുമേട്- തോട്ടാപ്പുര റോഡിലെ റിസോര്‍ടില്‍ പ്രവര്‍ത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തില്‍നിന്ന് കഴിഞ്ഞ ദിവസം മൂന്ന് ഇതര സംസ്ഥാനക്കാരടക്കം അഞ്ചുസ്ത്രീകളെ പിടികൂടിയിരുന്നു.
      
Investigation | 'പൊലീസുകാരന്റ നേതൃത്വത്തില്‍ പീരുമേട്ടില്‍ അനാശാസ്യകേന്ദ്രം': ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത് ആഴ്ചകള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍; വിവിധയിടങ്ങളിലേക്ക് സ്ത്രീകളെ എത്തിച്ച് നല്‍കിയെന്ന് കണ്ടെത്തല്‍; പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്

റിസോര്‍ട് കേന്ദ്രീകരിച്ച് വന്‍തോതില്‍ സ്ത്രീകളെ എത്തിച്ച് അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നതായി ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിന് വിവരം ലഭിച്ചതിനെ തുടന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരന്‍ ഉള്‍പെടെയുള്ളവരാണ് റിസോര്‍ട് നടത്തുന്നതെന്ന് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവരം മേല്‍ ഉദ്യോഗസ്ഥരെ അറിയിച്ചതിന് ശേഷം പീരുമേട് എസ് എച് ഒയുടെ നേതൃത്വത്തിലുള്ള സംഘം നിരീക്ഷണം ഊര്‍ജിതമാക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കോട്ടയം സ്വദേശിയും കാഞ്ഞാര്‍ പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സിപിഒ ടി അജിമോന്റെ മുഖ്യപങ്കാളിത്തത്തോടെയായിരുന്നു കേന്ദ്രത്തിന്റെ പ്രവര്‍ത്തനമെന്ന് മനസിലാക്കിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കഴിഞ്ഞദിവസം ഇതര സംസ്ഥാനക്കടക്കമുള്ള നിരവധി പേര്‍ സംശയാസ്പദമായ സാഹചര്യത്തില്‍ റിസോര്‍ടില്‍ എത്തിയതോടെയാണ് പൊലീസ് റെയ്ഡ് നടത്തിയത്. റിസോര്‍ടില്‍ പൊലീസെത്തിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന നടത്തിപ്പുകാര്‍ ഓടി രക്ഷപ്പെട്ടു.പിടിയിലായവരെ ചോദ്യം ചെയ്തതിലൂടെയാണ് അനാശാസ്യകേന്ദ്രം നടത്തിപ്പില്‍ പൊലീസുകാരന്റെ കൂടുതല്‍ പങ്കാളിത്തം അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചത്. റെയ്ഡിനായി പൊലീസ് സംഘം റിസോര്‍ടില്‍ എത്തിയ വിവരം അറിയിക്കാന്‍ ഇവിടുണ്ടായിരുന്ന സ്ത്രീകള്‍ ആദ്യം വിളിച്ചത് അജിമോനെയായിരുന്നുവെന്നാണ് പറയുന്നത്.

'ചോദ്യംചെയ്യലില്‍ പ്രധാന നടത്തിപ്പുകാരില്‍ ഒരാള്‍ അജിമോനാണെന്ന് ഉറപ്പുവരുത്തി. പൊലീസ് കാണിച്ച അജിമോന്റെ ഫോടോ സ്ത്രീകള്‍ തിരച്ചറിയുകയും ചെയ്തു', പൊലീസ് പറഞ്ഞു. സ്ത്രീകള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടി സ്വീകരിക്കാന്‍ പീരുമേട് ഡിവൈഎസ്പി ജെ കുര്യാക്കോസ് റിപോര്‍ട് നല്‍കിയത്. സേനയ്ക്ക് കളങ്കമുണ്ടാക്കിയെന്ന കാരണത്താലാണ് അജിമോനെ സസ്‌പെന്‍ഡ് ചെയ്തത്. പൊലീസുകാരന്‍ ഉള്‍പെടെ മൂന്നു പേരാണ് കേന്ദ്രം നടത്തിയിരുന്നതെന്നാണ് സൂചന.

റിസോര്‍ട് നടത്തിപ്പുകാരനായ ജോണ്‍സനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പീരുമേട് ഡിവൈഎസ്പി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി ഇടപാടുകള്‍ നടന്നുവരുന്നതായാണ് പിടിയിലായവര്‍ നല്‍കിയ മൊഴി. കുമളി, പരുന്തുംപാറ, വാഗമണ്‍ എന്നിവിടങ്ങളിലെ റിസോര്‍ടുകളില്‍ ഇവര്‍ സ്ത്രീകളെ എത്തിച്ച് നല്‍കിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം പീരുമേട്ടില്‍ ജോലി ചെയ്യവേ അനധികൃത ഇടപാട് ആരോപണത്തിന്റെ പേരില്‍ കഴിഞ്ഞ ഒക്ടോബറിലാണ് അജിമോനെ കാഞ്ഞാറിലേക്ക് മാറ്റിയത്. തമിഴ്നാട്ടിലെ കമ്പത്തിനടുത്ത് അജിമോന്‍ ഉള്‍പെട്ട സംഘം ബാര്‍ നടത്തുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Keywords: Peerumedu-News, Police-Raid-News, Police-Station-News, Kerala News, Malayalam News, Idukki News, Illegal Racket, Crime News, Illegal racket: Officials raided for weeks-long surveillance.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia