Attacked | 'അക്കങ്ങളും അക്ഷരമാലയും തെറ്റില്ലാതെ ചൊല്ലിയില്ല, കാപ്പിക്കമ്പും പൈപും ഉപയോഗിച്ച് മര്‍ദനം'; അഞ്ചും ഏഴും വയസുള്ള കുട്ടികളെ പിതാവിന്റെ സഹോദരീഭര്‍ത്താവ് ക്രൂരമായി ഉപദ്രവിച്ചതായി പരാതി
May 3, 2023, 08:32 IST
ഇടുക്കി: (www.kvartha.com) നെടുങ്കണ്ടത്ത് പിഞ്ചുകുട്ടികളെ ക്രൂരമായി മര്‍ദിച്ചതായി പരാതി. അക്കങ്ങളും അക്ഷരമാലയും തെറ്റില്ലാതെ ചൊല്ലാത്തതിന്റെ പേരില്‍, അഞ്ചും ഏഴും വയസുള്ള പെണ്‍കുട്ടികളെ ബന്ധുവായ യുവാവ് ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി.
നെടുങ്കണ്ടം പൊലീസ് പറയുന്നത്: സ്റ്റേഷന്‍ പരിധിയിലെ മുണ്ടിയെരുമയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി 11.30 മുതല്‍ പുലര്‍ചെ 1.30 വരെ വീട്ടില്‍നിന്നു കുട്ടികളുടെ ഉറക്കെയുള്ള നിലവിളി കേട്ട നാട്ടുകാര്‍ ആശാ വര്‍കറെ വിവരമറിയിച്ചു. അവരെത്തി വിവരങ്ങള്‍ ശേഖരിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്.
പരിശോധനയില്‍ 5 വയസുകാരിയുടെ ദേഹത്ത് 10 മുറിവുകളും ചതവുകളും 7 വയസുകാരിയുടെ ശരീരത്തില്‍ 14 ചതവുകളും കണ്ടെത്തി. ഉപ്പ് നിലത്തു വിതറി അതില്‍ നിര്‍ത്തിയതിനാല്‍ ഇരുവരുടെയും കാല്‍മുട്ടില്‍ മുറിവുണ്ടായിട്ടുണ്ട്. 5 വയസുകാരിയുടെ മുഖത്ത് തീപ്പൊള്ളലേറ്റ പാടുമുണ്ട്.
ജോലി കഴിഞ്ഞെത്തുന്ന പിതാവ് മദ്യലഹരിയില്‍ ഉറങ്ങിക്കഴിയുമ്പോഴാണു കുട്ടികളെ ബന്ധു മര്‍ദിച്ചിരുന്നത്. മുറിയില്‍ കയറ്റി കതകടച്ചശേഷം കസേരയില്‍ കയറ്റി നിര്‍ത്താറുണ്ടെന്നും അക്കങ്ങളും അക്ഷരമാലയും ചൊല്ലുന്നതു തെറ്റിയാല്‍ കാപ്പിക്കമ്പും പൈപും ഉപയോഗിച്ചു മര്‍ദിക്കാറുണ്ടെന്നും കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
കുട്ടികളുടെ മാതാവ് മാനസികവെല്ലുവിളി നേരിടുന്നയാളാണ്. വാടകവീട്ടില്‍ ബന്ധുവിനൊപ്പമാണു കുട്ടികളും രക്ഷിതാക്കളും താമസിക്കുന്നത്. കുട്ടികളുടെ രക്ഷിതാവിനെയും ബന്ധുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളുടെ പിതാവിന്റെ സഹോദരീഭര്‍ത്താവാണ് കുട്ടികളെ പീഡനത്തിനിരയാക്കിയ യുവാവ്.
Keywords: News, Kerala-News, Kerala, Idukki-News, Crime-News, Attacked, Custody, Police, Accused, Mother, Father, Parents, Crime, Idukki: Minor girls attacked in Nedumkandam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.