House Demolished | ഹരിയാന കലാപം: അക്രമികളില്‍നിന്ന് രക്ഷതേടിയെത്തിയവര്‍ക്ക് അഭയം നല്‍കി; പിന്നാലെ വീട് സന്ദര്‍ശനത്തിനെത്തിയത് ബുള്‍ഡോസര്‍! 'അഭയമൊരുക്കിയ ഇടമാണെന്ന് പൊലീസിനെ വിളിച്ച് യാചിച്ചിട്ടും കാര്യമുണ്ടായില്ല'
Aug 9, 2023, 13:34 IST
നൂഹ്: (www.kvartha.com) മണിപ്പുരിന് പിന്നാലെ ഹരിയാനയും കലാപത്തിന്റെ പിടിയിലമര്‍ന്നത് ഞെട്ടലോടെയാണ് നമ്മള്‍ ശ്രവിച്ചത്. കഴിഞ്ഞ ജൂലൈ 31 ന് ഹരിയാനയിലെ നൂഹ് ജില്ലയില്‍ വിശ്വഹിന്ദു പരിഷത്ത് (വി എച് പി) സംഘടിപ്പിച്ച ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്രയ്ക്ക് നേരെ പ്രതിഷേധവും കല്ലേറും ഉണ്ടായി. പിന്നീടിത് വര്‍ഗീയ കലാപമായി ഗുരുഗ്രാം വരെ വ്യാപിച്ചു. ഇതിനിടെ പൊലീസുകാര്‍ ഉള്‍പെടെ ആറുപേര്‍ക്ക് ജീവന്‍ നഷ്ടമായി.
പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്ലീം യുവാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി മോനു മനേസര്‍ ബ്രിജ് മണ്ഡല്‍ യാത്രയിലുണ്ടെന്ന പ്രചാരണമായിരുന്നു നൂഹ് സംഭവത്തിന് ആധാരമെന്നാണ് വിവരം. തുടര്‍ന്നുള്ള വ്യാപക ആക്രമണങ്ങള്‍ക്കിടെയാണ് സര്‍കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കരാറുകാരനായ ഹിസാര്‍ സ്വദേശി രവീന്ദ്ര ഫോഗട്ടും ഇയാളുടെ രണ്ട് സുഹൃത്തുക്കളും നൂഹിലെത്തിയത്. പദ്ധതികളുടെ ഭാഗമായാണ് അദ്ദേഹവും സുഹൃത്തുക്കളും ഇവിടെയെത്തിയത്.
അശാന്തി പ്രദേശത്ത് അക്രമികള്‍ക്കിടയില്‍ കുടുങ്ങിയ ഇവരുടെ കാര്‍ കുടുങ്ങിയതോടെ വാഹനം നിര്‍ത്തി മുന്നില്‍ക്കണ്ട ടൈല്‍ കടയിലേക്ക് ഓടിക്കയറി. അതിനിടെ ഫോഗട്ടിന്റെ കാര്‍ അക്രമികള്‍ അഗ്‌നിക്കിരയാക്കി. ഇതോടെ രംഗം പന്തിയല്ലെന്ന് മനസിലാക്കിയ ഫോഗട്ടും സുഹൃത്തുക്കളും തൊട്ടടുത്ത വീട്ടില്‍ അഭയംതേടുകയായിരുന്നു.
ഭീതിയിലകപ്പെട്ട രവീന്ദ്രഫോഗട്ടിനും സുഹൃത്തുക്കള്‍ക്കും ഭക്ഷണവും വിശ്രമത്തിന് സൗകര്യവും ഒരുക്കി നൂഹിലെ മുസ്ലിം യുവാവ് അനീഷ് അവരെ സംരക്ഷിക്കുകയും മൂന്നുപേരെയും നൂഹിലെ പി ഡബ്യു ഡി റസ്റ്റ് ഹൗസില്‍ സ്വന്തം കാറില്‍ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു.
ഗുരുഗ്രാമില്‍നിന്ന് അല്‍വാറിലേക്കുള്ള ദേശീയപാതയോരത്താണ് അനീഷിന്റെ വീട്. ഇതിനിടെ സമീപത്തെ വീടുകള്‍ ലക്ഷ്യംവച്ച് ബുള്‍ഡോസര്‍ എത്തിയപ്പോള്‍ തന്റെ വീടും തകര്‍ക്കുമെന്ന് അനീഷ് കരുതിയിരുന്നില്ല. എങ്കിലും ഇക്കാര്യം അദ്ദേഹം ഫോഗട്ടിനെ അറിയിച്ചു. തനിക്കും സുഹൃത്തുക്കള്‍ക്കും അഭയമൊരുക്കിയ വീടാണെന്നും കലാപത്തില്‍ അനീഷിന് യാതൊരുപങ്കുമില്ലെന്ന ഫോഗട്ട് നൂഹ് പൊലീസിനെ വിളിച്ച് സാക്ഷ്യപ്പെടുത്തിയെങ്കിലും കാര്യമുണ്ടായില്ല.
കരാറുകാരന്‍ എന്ന നിലയിലുള്ള രാഷ്ട്രീയ ബന്ധവും ഉപയോഗിച്ച് ഫോഗട്ട് നൂഹ് എസ്പിയെ വാട്സ് ആപിലും ബന്ധപ്പെട്ടു. നൂഹ് ജില്ലാ ബി ജെ പി അധ്യക്ഷനെയും വിളിച്ചിട്ടും ഫലമുണ്ടായില്ല. പിറ്റേന്ന് തിങ്കളാഴ്ച രാവിലെ ഹൈകോടതി ഉത്തരവുണ്ടായതോടെ മാത്രമാണ് ബുള്‍ഡോസര്‍ അനീഷിന്റെ ഗ്രാമത്തില്‍നിന്ന് മടങ്ങിയത്. അപ്പോഴേക്കും അനീഷിന്റെ വീടിന്റെ തകര്‍ന്നുതരിപ്പണമായിരുന്നു.
വ്യവസായിയായ അനീഷിന് രണ്ട് ട്രകുകളുണ്ട്. തന്റെ വീട് ഒരിക്കലും കയേറ്റ പ്രദേശത്തല്ലെന്നും എനിക്ക് ഈ വിഷയത്തില്‍ നോടീസും ലഭിച്ചിട്ടില്ലെന്നും അനീഷ് പറഞ്ഞു. കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ഹരിയാനയിലെ ബി ജെ പി സര്‍കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നിരപ്പാക്കിയ പ്രദേശത്തെ ഏറ്റവും ഒടുവിലത്തെ വീടാണ് അനീഷിന്റെത്.
എന്നാല്‍ കലാപകാരികള്‍ക്കുള്ള മരുന്ന് എന്നാണ് ഈ മാസം നാലിന് വീട് തകര്‍ക്കല്‍ നടപടികളെ ന്യായീകരിച്ച് ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ് പറഞ്ഞത്.
Keywords: News, National, National-News, Saved, Mob, Nuh, Bulldozer, House Demolished, VHP, BJP, Merchant, Crime, Crime-News, He saved three men from the mob in Nuh. Six days later, a bulldozer came to demolish his house.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.