Ex-lover Arrested | ഹോം തിയേറ്റര്‍ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ച സംഭവം; 'വിവാഹ സമ്മാനം നല്‍കിയത് വധുവിന്റെ മുന്‍ കാമുകന്‍'; വിവാഹിതനും 2 കുട്ടികളുടെ പിതാവുമായ 33 കാരന്‍ അറസ്റ്റില്‍
Apr 5, 2023, 12:33 IST
ഛത്തിസ്ഗഢ്: (www.kvartha.com) കവാര്‍ധയില്‍ വിവാഹ സമ്മാനമായ ലഭിച്ച ഹോം തിയേറ്റര്‍ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ച സംഭവത്തില്‍ വധുവിന്റെ മുന്‍ കാമുകന്‍ അറസ്റ്റില്‍. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ കവാര്‍ധ സ്വദേശി സര്‍ജു മര്‍കം (33) എന്നയാളാണ് അറസ്റ്റിലായത്. നവവരന്‍ ഹേമേന്ദ്ര മെറാവി, സഹോദരന്‍ രാജ്കുമാര്‍ എന്നിവരാണ് വിവാഹസമ്മാനമായി ലഭിച്ച ഹോം തിയേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ മരിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: വിവാഹിതനായ സര്‍ജു മര്‍കം വിവരം മറച്ചുവച്ച് ഹേമേന്ദ്ര വിവാഹം കഴിച്ച 29 കാരിയുമായി അടുപ്പത്തിലാവുകയായിരുന്നു. തന്റെ രണ്ടാം ഭാര്യയാകാന്‍ സര്‍ജു യുവതിയെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍, ഈ ബന്ധത്തെക്കുറിച്ച് അറിവില്ലാതിരുന്ന യുവതിയുടെ കുടുംബാംഗങ്ങള്‍ ഹേമേന്ദ്രയുമായി വിവാഹം ഉറപ്പിച്ചു. ഇതില്‍ കുപിതനായ സര്‍ജു, പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതിനായി പുതിയ ഹോം തിയേറ്റര്‍ സിസ്റ്റം വാങ്ങിയ സര്‍ജു, അതില്‍ രണ്ടു കിലോയോളം സ്‌ഫോടക വസ്തുക്കള്‍ നിറച്ചശേഷം സമ്മാനമായി നല്‍കിയെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഹോം തിയേറ്റര്‍ സിസ്റ്റം പ്രവര്‍ത്തിപ്പിക്കുമ്പോള്‍ പൊട്ടിത്തെറിക്കുന്ന രീതിയിലാണ് ഇയാള്‍ സ്‌ഫോടക വസ്തുക്കള്‍ ക്രമീകരിച്ചിരുന്നത്.
ഇന്‍ഡോറിലെ പാറമടയില്‍ ജോലി ചെയ്തിരുന്ന പരിചയമാണ് പ്രതിക്ക് ബോംബ് നിര്‍മാണത്തിന് സഹായകമായത്. അവിടെ പാറ പൊട്ടിക്കുന്നതിനായി ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലായിരുന്നു സര്‍ജുവിന്റെ ജോലി. ഈ പരിചയം വച്ചാണ് ഇയാള്‍ സ്‌ഫോടക വസ്തുക്കള്‍ സംഘടിപ്പിച്ചതും ബോംബ് നിര്‍മിച്ചതും.
മാര്‍ച് 31ന് നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുത്ത സര്‍ജു, വരന്റെ ബന്ധുവിനാണ് സമ്മാനം കൈമാറിയത്. ആരെങ്കിലും തിരിച്ചറിയുന്നതിന് മുന്‍പ് വിവാഹവേദിയില്‍നിന്ന് മുങ്ങുകയും ചെയ്തു. വിവാഹത്തിനുശേഷം മൂന്നു ദിവസത്തിനുശേഷമാണ് കുടുംബാംഗങ്ങള്‍ സമ്മാനപ്പൊതി തുറന്നത്. ഹോം തിയേറ്റര്‍ സിസ്റ്റം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ച നവവരന്‍ ഹേമേന്ദ്ര, അത് പ്ലഗില്‍ കനക്ട് ചെയ്ത് സ്വിച്ചിട്ടതിന് പിന്നാലെ വന്‍ ശക്തിയോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
വരന്‍ ഹേമേന്ദ്ര സംഭവസ്ഥലത്തും സഹോദരന്‍ രാജ്കുമാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. ഇവരുടെ വീട്ടിലെ ഒന്നര വയസുകാരനായ കുട്ടി ഉള്‍പെടെ നാലുപേര്‍ക്ക് പരുക്കേറ്റു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ഹോം തിയേറ്റര്‍ സംവിധാനം സൂക്ഷിച്ചിരുന്ന മുറിയുടെ ഭിത്തിയും മേല്‍ക്കൂരയും തകര്‍ന്നു. ഇതിന് പിന്നാലെയാണ് വധുവിന്റെ മുന്‍ കാമുകനെ 100 കിലോമീറ്റര്‍ അകലെ മധ്യപ്രദേശിലെ ബലാഘട്ടില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
Keywords: News, National, India, Blast, Crime, Accused, Arrested, Police, Local-News, Girl's ex-lover gifts 'home-theatre bomb', kills groom and brother.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.