Funeral | പ്രണയപ്പകയില്‍ പൊലിഞ്ഞ വിഷ്ണുപ്രിയക്ക് നാടിന്റെ യാത്രാമൊഴി

 


തലശേരി: (www.kvartha.com) പ്രണയപ്പകയില്‍ പൊലിഞ്ഞ വിഷ്ണുപ്രിയക്ക് അന്ത്യയാത്രയേകി നാട്ടുകാരും ബന്ധുമിത്രാദികളും. പോസ്റ്റ്മോര്‍ടം നടപടികള്‍ക്ക് ശേഷം മൃതദേഹം എത്തിച്ചപ്പോള്‍ വികാരസാന്ദ്രമായ രംഗങ്ങള്‍ക്കാണ് പാനൂര്‍ വള്ള്യായിലെ വീട് സാക്ഷ്യം വഹിച്ചത്. നാടും നാട്ടുകാരും വീട്ടുമുറ്റത്തേക്ക് ഒഴുകിയെത്തി. പലരും വിങ്ങിപ്പൊട്ടി. പിടയുന്ന മനസുമായി സ്നേഹിച്ചിരുന്നവര്‍ അന്ത്യോപചാരം അര്‍പിക്കുമ്പോള്‍ കുറ്റബോധമില്ലാത്ത മനസുമായി നടന്ന സംഭവങ്ങള്‍ എണ്ണിപ്പറയുകയായിരുന്നു ശ്യാംജിത്.
           
Funeral | പ്രണയപ്പകയില്‍ പൊലിഞ്ഞ വിഷ്ണുപ്രിയക്ക് നാടിന്റെ യാത്രാമൊഴി

വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് പോസ്റ്റ്മോര്‍ടം കഴിഞ്ഞ് മൃതദേഹം ആംബുലന്‍സില്‍ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ നിന്നും ഞായറാഴ്ച രണ്ടര മണിക്ക് വീട്ടിലെത്തിച്ചത്. ഇതിനു മുന്‍പായി വീട്ടുപരിസരത്തെ മുഞ്ഞോളില്‍ പിടികയ്ക്ക് മുന്നില്‍ പൊതുദര്‍ശനത്തിനു വെച്ചു. വള്ള്യായി ഗ്രാമത്തില്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത ഈ അരുംകൊല നടന്നതു മുതല്‍ നെടുവീര്‍പ്പടക്കി നൂറുകണക്കിനാളുകള്‍ രാത്രിയാകും വരെ ഒഴുകിയെത്തുകയായിരുന്നു.

ശനിയാഴ്ച രാത്രി 12 മണിക്കാണ് വിഷ്ണുപ്രിയയുടെ അച്ഛന്‍ വിദേശത്ത് നിന്നും ദുരന്തവാര്‍ത്തയറിഞ്ഞ് മകളെ അവസാനമായി ഒരു നോക്കു കാണാന്‍ നാട്ടിലെത്തിയത്. അച്ഛന്‍ വിനോദ് വീട്ടിനുള്ളില്‍ മകളെ ഒരു നോക്ക് കണ്ട് കിടപ്പുമുറിയിലെ കട്ടിലില്‍ തളര്‍ന്നു കിടന്നു. അമ്മയുടെയും സഹോദരന്റെയും സഹോദരിമാരുടെയും ബന്ധുക്കളുടെയും നിലവിളിയോടൊപ്പം പലരും വിതുമ്പുന്നുണ്ടായിരുന്നു. വീട്ടുമുറ്റത്ത് നടന്ന അന്തിമ കര്‍മ്മങ്ങള്‍ക്ക് ശേഷം വീട്ടുവളപ്പില്‍ വിഷ്ണുപ്രിയയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മറവുചെയ്തു.

അഡ്വ. പി സന്തോഷ് കുമാര്‍ എംപി, കെകെ ശൈലജ എംഎല്‍എ, കണ്ണൂര്‍ ജില്ലാ പഞ്ചായത് പ്രസി. പിപി ദിവ്യ, കെപി മോഹനന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രടറി എംവി ജയരാജന്‍, പി ജയരാജന്‍, കെഇ കുഞ്ഞബ്ദുല്ല, മൊകേരി പഞ്ചായത് പ്രസിഡണ്ട് പി വത്സന്‍, കെപി സാജു, കെ ധനജ്ഞന്‍, പി സത്യപ്രകാശ്, അഡ്വ. ഷിജിലാല്‍, വിപി ഷാജി, പികെ പ്രവീണ്‍, വി സുരേന്ദ്രന്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Funeral, Obituary, Murder, Crime, Funeral of Vishnu Priya held.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia