Cyber Fraud | വാഹനത്തിന് പിഴ ചുമത്തിയതായി സന്ദേശം ലഭിച്ചോ? ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും; ബാങ്ക് അക്കൗണ്ട് വരെ കാലിയാകും; ഇ-ചലാന്റെ പേരില്‍ പുതിയ തട്ടിപ്പ്; എങ്ങനെ തിരിച്ചറിയാമെന്ന് ഇതാ

 


ന്യൂഡെല്‍ഹി: (www.kvartha.com) സൈബര്‍ തട്ടിപ്പുകാര്‍ പുതിയ വഴികള്‍ കണ്ടുപിടിക്കുകയാണ്. ഇപ്പോഴിതാ വ്യാജ ഇ-ചലാനുകളും ഗതാഗത വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ കൃത്യമായ പകര്‍പ്പും ഉണ്ടാക്കി സാധാരണക്കാരെ കബളിപ്പിക്കുന്ന പുതിയ തട്ടിപ്പ് രീതിയുമായി രംഗത്തെത്തിയിരിക്കുന്നു. ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്ന് അറിയിക്കുകയും പിഴ ഓണ്‍ലൈനായി അടയ്ക്കാനുള്ള വെബ്സൈറ്റ് വിലാസം സൂചിപ്പിക്കുകയും ചെയ്യുന്ന സന്ദേശങ്ങളാണ് പലര്‍ക്കും മൊബൈല്‍ ഫോണില്‍ ലഭിച്ച് കൊണ്ടിരിക്കുന്നത്.
           
Cyber Fraud | വാഹനത്തിന് പിഴ ചുമത്തിയതായി സന്ദേശം ലഭിച്ചോ? ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും; ബാങ്ക് അക്കൗണ്ട് വരെ കാലിയാകും; ഇ-ചലാന്റെ പേരില്‍ പുതിയ തട്ടിപ്പ്; എങ്ങനെ തിരിച്ചറിയാമെന്ന് ഇതാ

വാഹന നമ്പര്‍ അടക്കം ഇത്തരം സന്ദേശങ്ങളില്‍ ഉള്ളതിനാല്‍ പലരും ഒപ്പം തന്നിരിക്കുന്ന വെബ്സൈറ്റ് ലിങ്കില്‍ കയറുകയും തട്ടിപ്പിന് ഇരയാകുകയും ചെയ്യുന്നു. മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനുകളില്‍ നിന്ന് വാഹന ഉടമകളുടെ വിശദാംശങ്ങളും ബന്ധപ്പെടാനുള്ള നമ്പറുകളും തട്ടിപ്പുകാര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു.

യഥാര്‍ഥവും വ്യാജവുമായ സന്ദേശങ്ങള്‍ എങ്ങനെ തിരിച്ചറിയാം?

ഇ-ചലാന്റെ യഥാര്‍ഥ സന്ദേശത്തില്‍ നിങ്ങളുടെ വാഹനത്തിന്റെ എന്‍ജിന്‍ നമ്പറും ചേസിസ് നമ്പറും മറ്റ് വിവരങ്ങളും അടങ്ങിയിരിക്കും. https://echallan(dot)parivahan(dot)gov(dot)in എന്നതാണ് ഔദ്യോഗിക വെബ്സൈറ്റ്. ഇപ്പോള്‍ തട്ടിപ്പുകാര്‍ സമര്‍ഥമായി ലിങ്കില്‍ ഒരു ചെറിയ വ്യത്യാസം വരുത്തുന്നു, ഇത് അല്‍പ്പം ജാഗ്രതയോടെ തിരിച്ചറിയാന്‍ കഴിയും. തട്ടിപ്പുകാരില്‍ നിന്ന് വരുന്ന സന്ദേശത്തില്‍ പലപ്പോഴും https://echallanparivahan(dot)in എന്ന ലിങ്ക് കാണാം. രണ്ട് ലിങ്കുകളും തമ്മിലുള്ള വ്യത്യാസം വളരെ ചെറുതാണ്, ഇത് കാരണം ആരുടെയും ശ്രദ്ധ അതിലേക്ക് പോകില്ല, വ്യത്യാസം gov എന്ന ഒരു വാക്ക് മാത്രമാണ്.

തട്ടിപ്പുകാരുടെ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പണം അടക്കുമ്പോഴാണ് ആളുകള്‍ കബളിപ്പിക്കപ്പെടുന്നത്. ഏതെങ്കിലും വാഹന ഉടമ പണം അടക്കുന്നതിന് ലിങ്കില്‍ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളോ നല്‍കുമ്പോള്‍, ഹാക്കര്‍മാര്‍ ആദ്യം ഫോണ്‍ ഹാക്ക് ചെയ്യുന്നു. കുറച്ച് സമയത്തേക്ക് ഫോണ്‍ തങ്ങളുടെ നിയന്ത്രണത്തില്‍ വെച്ചുകൊണ്ട്, ബാങ്ക് അക്കൗണ്ടിലെ മുഴുവന്‍ പണവും തട്ടിയെടുക്കുന്നു.

ഫോണില്‍ ഇ-ചലാന്‍ സന്ദേശം ലഭിച്ചാല്‍ തിടുക്കത്തില്‍ പണം അടക്കരുതെന്നും വിശദാംശങ്ങള്‍ പരിശോധിക്കണമെന്നും കഴിഞ്ഞ ദിവസം ഫരീദാബാദ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇ-ചലാനിലെ യഥാര്‍ഥ സന്ദേശത്തില്‍ എന്‍ജിന്‍ നമ്പറും വാഹനത്തിന്റെ ചേസിസ് നമ്പറും മറ്റ് വിവരങ്ങളും ഉണ്ടെന്നും വ്യാജ സന്ദേശത്തില്‍ ഈ വിവരങ്ങള്‍ ഉണ്ടായിരിക്കില്ലെന്നും ഡിസിപി അറിയിച്ചു. ഇതോടൊപ്പം, ഇ-ചലാന്‍ സന്ദേശം ഒരിക്കലും ഒരു മൊബൈല്‍ ഫോണ്‍ നമ്പറില്‍ നിന്നും വരുന്നില്ല. കൂടാതെ ചലാന്‍ അടയ്ക്കുന്ന വെബ്സൈറ്റിന്റെ ലിങ്ക് gov ഡോട്ട് in ല്‍ അവസാനിക്കണം. ഇ-ചലാന്‍ സന്ദേശം ലഭിച്ചാല്‍, സൈറ്റ് സന്ദര്‍ശിച്ച് പരിശോധിക്കാനും കഴിയും.

എങ്ങനെ പരാതിപ്പെടാം?

നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ നാഷണല്‍ സൈബര്‍ കംപ്ലയിന്റ് പോര്‍ട്ടലിന്റെ 1930 അല്ലെങ്കില്‍ 112 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് പരാതിപ്പെടാം.
അല്ലെങ്കില്‍ www(dot)cybercrime(dot)gov(dot)in എന്ന വെബ്സൈറ്റില്‍ പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതിനുപുറമെ, അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പോയി സൈബര്‍ ഹെല്‍പ്പ് ഡെസ്‌കില്‍ നിന്നോ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നോ സഹായം സ്വീകരിക്കാം. അബദ്ധവശാല്‍ പോലും അറിയാത്ത ലിങ്കില്‍ ബാങ്ക് അല്ലെങ്കില്‍ കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കരുതെന്ന് ശ്രദ്ധിക്കുക.

Keywords: Cyber Fraud, e-challan, Parivahan, Police, National News, Fraudsters using police's e-challaning system as bait to dupe vehicle owners.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia