17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; വളര്‍ത്തു മാതാപിതാക്കളും 2 ആണ്‍മക്കളും പോക്‌സോ കേസില്‍ അറസ്റ്റില്‍, ഒരു മകന്‍ ഒളിവിലെന്ന് പൊലീസ്
Apr 7, 2022, 12:37 IST
ചെന്നൈ: (www.kvartha.com 07.04.2022) ദത്തുപുത്രിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ വളര്‍ത്തു മാതാപിതാക്കളും അവരുടെ രണ്ട് ആണ്‍മക്കളും അറസ്റ്റില്‍. സംഭവത്തില്‍ മൂന്നാമത്തെ മകനെതിരെയും പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണെന്ന് ചെന്നൈ പൊലീസ് അറിയിച്ചു. പരാതിയ്ക്ക് പിന്നാലെ ചൊവ്വാഴ്ചയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇപ്പോള്‍ കോളജ് വിദ്യാര്‍ഥിയായ 17 കാരിയെ 2005ലാണ് ദമ്പതികള്‍ ദത്തെടുത്തത്. പെണ്‍കുട്ടികളില്ലാത്തതിനാലാണ് ദമ്പതികള്‍ ദത്തെടുത്തത്. പെണ്‍കുട്ടിയുടെ സ്വന്തം വീട്ടില്‍ നാല് മക്കളാണുള്ളത്. എല്ലാവരെയും വളര്‍ത്താനാവാത്തതിന്റെ പ്രയാസത്തിലാണ് പെണ്‍കുട്ടിയുടെ സ്വന്തം മാതാപിതാക്കള്‍ ദത്ത് നല്‍കിയത്.
തുടര്‍ന്ന് ഇവിടെ എത്തിയശേഷം കഴിഞ്ഞ് രണ്ട് വര്‍ഷമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി കൊണ്ടിരിക്കുകയായിരുന്നു. തന്റെ വളര്‍ത്തമ്മയോട് പീഡനം വെളിപ്പെടുത്തിയെങ്കിലും അവര്‍ അവഗണിക്കുകയായിരുന്നു. വളര്‍ത്തച്ഛന്‍ ലോറി റിപയര്‍ ഷെഡ് നടത്തുന്നയാളാണ്. ഇയാളുടെ രണ്ട് മക്കള്‍ ലോറി, കാര്‍ ഡ്രൈവര്‍മാരാണെന്നും മൂന്നാമത്തെ മകന്‍ മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍ നടത്തുന്നുണ്ട്.
ഇതിനിടെ പെണ്‍കുട്ടി നാല് മാസം മുമ്പ് ഒരു വിവാഹത്തില്‍ അവളുടെ സ്വന്തം സഹോദരങ്ങളെ കണ്ടുമുട്ടി. വളര്‍ത്തു മാതാപിതാക്കളുടെ വീട്ടില്‍ താന്‍ അനുഭവിക്കുന്ന പീഡനത്തെക്കുറിച്ച് അവള്‍ തന്റെ ഒരു സഹോദരനോട് വെളിപ്പെടുത്തി. തന്നെ ഉപദ്രവിക്കുമെന്ന് ഭയന്ന് അവള്‍ വളര്‍ത്തു മാതാപിതാക്കളുടെ വീട് വിട്ടിറങ്ങുകയായിരുന്നു. തുടര്‍ന്നാണ് പരാതി നല്‍കിയതെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.