Father Died | ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ ചെന്നൈ കോളജ് വിദ്യാര്‍ഥിനിയുടെ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Oct 14, 2022, 11:29 IST
ചെന്നൈ: (www.kvartha.com) ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ ചെന്നൈ കോളജ് വിദ്യാര്‍ഥിനിയുടെ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വ്യാഴാഴ്ച കൊല്ലപ്പെട്ട ടി നഗറിലെ ജെയിന്‍ കോളജ് ബിബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി സത്യ(20)യുടെ പിതാവ് മാണിക്കമാണ് മരിച്ചത്.
മകളുടെ മരണവാര്‍ത്തയറിഞ്ഞതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാണിക്കത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുറച്ച് സമയത്തിനുള്ളില്‍ മരണം സംഭവിച്ചു. സത്യയുടെ മാതാവ് രാമലക്ഷ്മി ആദമ്പാക്കം പൊലീസ് സ്റ്റേഷനില്‍ ഹെഡ് കോണ്‍സ്റ്റബിളാണ്.
പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ് പെണ്‍കുട്ടിയെ ആദംബാക്കം സ്വദേശി സതീഷ് (23) ട്രെയിനിന് മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കൃത്യത്തിന് പിന്നാലെ സംഭവസ്ഥലത്തുനിന്നും രക്ഷപെട്ട യുവാവ് വൈകാതെ പൊലീസ് പ്രത്യേക സംഘത്തിന്റെ പിടിയിലുമായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഏറെനാളായി സതീഷ് പെണ്‍കുട്ടിയുടെ പിന്നാലെ നടന്നു ശല്യപ്പെടുത്താറുണ്ടായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് സത്യയുടെ മാതാപിതാക്കള്‍ മാമ്പലം പൊലീസ് സ്റ്റേഷനില്‍ സതീഷിനെതിരെ പരാതി നല്‍കിയിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ സത്യ തന്റെ കോളജിലേക്ക് പോകാന്‍ ട്രെയിന്‍ കാത്തു നില്‍ക്കവേ സതീഷ് സ്റ്റേഷനിലെത്തി. തുടര്‍ന്നു ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ താംബരം-ബീച് സബേര്‍ബന്‍ ട്രെയിന്‍ ഒന്നാം പ്ലാറ്റ്‌ഫോമിന് സമീപമെത്തിയപ്പോള്‍ സതീഷ് സത്യയെ തള്ളിയിടുകയായിരുന്നു. ട്രെയിനിന് അടിയില്‍പ്പെട്ട യുവതി തല്‍ക്ഷണം മരിച്ചു.
സംഭവകണ്ട് തരിച്ചിരുന്ന മറ്റു യാത്രക്കാര്‍ സതീഷിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഏഴ് സംഘങ്ങള്‍ രൂപീകരിച്ച് തിരച്ചില്‍ നടത്തിയാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.