Culprit Identified | ആലുവയില്‍ 8 വയസുകാരിയെ പീഡിപ്പിച്ചത് പ്രദേശവാസിയായ മലയാളിയെന്ന് പൊലീസ്; പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്ത്, ഉടന്‍ അറസ്റ്റ്
Sep 7, 2023, 11:36 IST
കൊച്ചി: (www.kvartha.com) ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ എട്ടുവയസുള്ള മകളെ തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കിയത് പ്രദേശവാസിയായ മലയാളിയെന്ന് പൊലീസ്. ഇതര സംസ്ഥാന തൊഴിലാളിയാണു പ്രതിയെന്ന രീതിയില്‍ ആദ്യം പ്രചാരണം നടന്നിരുന്നു. ഇതിനിടെയാണ്, പ്രതി മലയാളിയാണെന്ന വെളിപ്പെടുത്തല്‍. സംഭവത്തില്‍ പ്രതിയുടെ സിസിടിവി ദൃശ്യം പുറത്തുവന്നു. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും ആലുവ റൂറല്‍ എസ്പി വിവേക് കുമാര്‍ വ്യക്തമാക്കി.
പൊലീസ് പറയുന്നത്: പ്രതി സ്ഥിരം മോഷ്ടാവെന്ന് പൊലീസിന് വിവരം ലഭിച്ചു. പ്രതിയെ പീഡനത്തിനിരയായ കുഞ്ഞും ദൃക്‌സാക്ഷികളും ചിത്രം തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ ഉടന്‍ തന്നെ പിടികൂടാനാകും എന്ന പ്രതീക്ഷയിലാണ്.
അതേസമയം, ദൃശ്യങ്ങളില്‍ ഉള്ളയാള്‍ പ്രദേശവാസിയല്ലെന്നാണ് ഒരു വിഭാഗം ആളുകളുടെ പ്രതികരണം. പ്രതിക്കായി പൊലീസിന്റെ നേതൃത്വത്തില്‍ വ്യാപക തിരച്ചില്‍ പുരോഗമിക്കുകയാണ്. വീട്ടില്‍ ഉറങ്ങിക്കിടന്ന എട്ടു വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചശേഷം പാടത്ത് ഉപേക്ഷിച്ചെന്നാണ് പൊലീസിന്റെ നിഗമനം.
കരച്ചില്‍ കേട്ടെത്തിയ പ്രദേശവാസികളാണു പെണ്‍കുട്ടിയെ രക്ഷിച്ചതും പൊലീസില്‍ വിവരം അറിയിച്ചതും. രക്തം വാര്‍ന്നൊലിക്കുന്ന നിലയിലായിരുന്നു പെണ്‍കുട്ടിയെന്നാണ് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി.
പുലര്‍ചെ രണ്ടു മണിയോടെയാണ്, വീട്ടില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയത്. ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ സ്വദേശികളുടെ മകളാണ് പീഡനത്തിന് ഇരയായത്. കുട്ടിയുടെ പിതാവ് ബുധനാഴ്ച (06.09.2023) രാത്രി തിരുവനന്തപുരത്തിനു പോയിരുന്നു. അതിനുശേഷം അമ്മയും മൂന്നു മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ അകത്തെ മുറിയിലും കുട്ടികള്‍ ഹാളിലെ വലിയ കട്ടിലിലുമാണ് കിടന്നിരുന്നത്.
വീടിന്റെ പ്രധാന വാതില്‍ അകത്തുനിന്ന് പൂട്ടിയിരുന്നു. താക്കോലും വാതിലിലുണ്ടായിരുന്നു. തൊട്ടടുത്ത് തുറന്നുകിടന്ന ജനലിലൂടെ കയ്യിട്ട് അക്രമി വാതില്‍ തുറന്നെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ എടുത്തശേഷം വാതില്‍ താക്കോല്‍ ഉപയോഗിച്ച് പുറത്തുനിന്ന് പൂട്ടിയതായും പറയുന്നു. പിന്നീട് പ്രദേശവാസികള്‍ സ്ഥലത്തെത്തിയാണ് വാതില്‍ തുറന്നത്.
നിലവില്‍ കളമശേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തു. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുണ്ട്. അതേസമയം, ഇത് സാരമുള്ളതല്ലെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചന. കുട്ടിക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞിരുന്നെങ്കിലും പരുക്ക് അത്ര ഗുരുതരമല്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
Keywords: News, Kerala, Kerala-News, Crime, Crime-News, Case, Minor Girl, Child, Molestation, Aluva News, CCTV, Footage Released, Culprit, Identified, Ernakulam: Case of Child Molestation in Aluva: CCTV Footage Released.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.