Contradictory Statements | എലത്തൂര്‍ തീവയ്പ്പ് കേസ്; പ്രതിയുടെ മൊഴിയുടെ വൈരുധ്യങ്ങളില്‍ ദുരൂഹതയേറുന്നു, നേരറിയാന്‍ കഴിയാതെ പ്രത്യേക അന്വേഷണ സംഘം
Apr 7, 2023, 12:06 IST
കണ്ണൂര്‍: (www.kvartha.com) പൊലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കി അന്വേഷണ സംഘത്തെ വട്ടംചുറ്റിച്ച് ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ശാറൂഖ് സൈഫി. എന്തുകൊണ്ടു കേരളത്തില്‍വന്ന് അക്രമം നടത്തിയെന്ന ചോദ്യത്തിന് ഇയാള്‍ ഇതുവരെ കൃത്യമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് വിവരം.
പൊലീസ് പറയുന്നത്: നല്ലതുവരാനാണ് അക്രമം നടത്തിയതെന്നാണ് പൊലീസിനോട് പറയുന്നത്. കേരളത്തില്‍ മുന്‍പുവന്നിട്ടില്ല. ജോലി അന്വേഷിച്ചാണ് വരുന്നത്. പെട്രോള്‍ വാങ്ങിയ സ്ഥലത്തിന്റെ പേരറിയില്ല. കേട്ടറിവ് മാത്രമാണ് കേരളത്തെ കുറിച്ചുളളത്. ഈക്കാര്യങ്ങളാണ് ശാറൂഖ് ഇതുവരെ പറഞ്ഞിട്ടുളളത്.
ആക്രമണത്തിനുശേഷം അതേ ട്രെയിനില്‍ 11.30ന് കണ്ണൂരിലെത്തി. സ്റ്റേഷനില്‍ എത്തുമ്പോള്‍ ഒന്നാം പ്ലാറ്റ് ഫോമില്‍ കര്‍ശന പരിശോധനയുണ്ടായിരുന്നു. പൊലീസ് പരിശോധനകണ്ട് പ്ലാറ്റ് ഫോമില്‍ ഒളിച്ചിരുന്നുവെന്നാണ് ഇയാള്‍ മൊഴി നല്‍കിയിട്ടുളളത്.
പുലര്‍ചെ 1.40ന് സ്റ്റേഷനിലെത്തിയ മരുത് സാഗര്‍ എക്സ്പ്രസില്‍ രക്ഷപ്പെടുകയായിരുന്നു. ടികറ്റ് എടുക്കാതെ ജെനറല്‍ കംപാര്‍ടുമെന്റിലായിരുന്നു യാത്ര. മുഖം മറച്ചിരുന്നു. മറ്റു യാത്രക്കാര്‍ ശ്രദ്ധിക്കുമെന്ന് തോന്നിയപ്പോള്‍ ഇടയ്ക്ക് കോചുകള്‍ മാറികയറി യാത്ര തുടര്‍ന്നുവെന്നും വ്യക്തമാക്കി.
ട്രെയിനില്‍ മൂന്നുപേരോട് ഇയാള്‍ സംസാരിച്ചിരുന്നതായി സഹയാത്രികര്‍ മൊഴി നല്‍കിയിട്ടുണ്ട്. ആസൂത്രണം ചെയ്തുള്ള മൊഴികളാണ് ശാറൂഖിന്റേതെന്ന് പൊലീസ് കരുതുന്നു. അതിനാല്‍ കരുതലോടെയും അതീവ സൂക്ഷ്മതയോടെയുമാണ് പൊലീസ് നടപടികള്‍. ദുരൂഹതകളും അഭ്യൂഹങ്ങളും നിലനില്‍ക്കുന്ന കേസില്‍ ശാറൂഖിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തത വന്നേക്കും.
ശാറൂഖിന് കേരളത്തില്‍നിന്ന് സഹായം ലഭിച്ചിരുന്നോ, അതോ ഒപ്പം മറ്റാരെങ്കിലും എത്തിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. പെട്രോള്‍ യാത്രക്കാരുടെ ശരീരത്തിലേക്ക് സ്‌പ്രേ ചെയ്ത് തീകൊളുത്തുകയെന്നത് മുമ്പ് അധികം കണ്ടിട്ടില്ലാത്ത രീതിയാണ്. ഇത് പ്രൊഫഷനലുകള്‍ തെരഞ്ഞെടുക്കുന്ന രീതിയല്ലെന്നാണ് പൊലീസ് അനുമാനം. അല്ലെങ്കില്‍ വ്യക്തിവൈരാഗ്യമെന്ന നിലയിലേക്ക് അന്വേഷണത്തെ വഴിതിരിച്ചുവിടാനുള്ള മാര്‍ഗമായിരുന്നോയെന്നും പരിശോധിക്കും.
പ്രതിക്ക് തീവ്രവാദ സംഘടനകളുമായുള്ള ബന്ധത്തിന് പ്രത്യക്ഷ തെളിവുകള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. അറിയപ്പെടുന്ന തീവ്രവാദ സംഘടനകളുമായോ ഗ്രൂപുകളുമായോ ബന്ധപ്പെട്ടിട്ടില്ല. എന്നാല്‍, നാട്ടില്‍ തീവ്ര പ്രാദേശിക ഗ്രൂപുകളില്‍ ആകൃഷ്ടനാകാനുള്ള സാധ്യത തള്ളുന്നില്ല. തീവയ്പ് സംഭവത്തില്‍ ഇവരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.
ശാറൂഖ് ജോലി ചെയ്യുന്നിടത്തെ സൗഹൃദങ്ങളെക്കുറിച്ച് വീട്ടുകാര്‍ക്ക് കാര്യമായ അറിവില്ല. ചോദ്യം ചെയ്യലുമായി പ്രതി സഹകരിക്കുന്നില്ല. ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. ശാറൂഖ് ഒന്നിലേറെ ഫോണുകള്‍ ഉപയോഗിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിലെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പല ഫോണുകളും പ്രവര്‍ത്തിക്കുന്നില്ല. ഇതുവഴി മറ്റുള്ളവരിലേക്ക് എത്താനായാല്‍ കേസില്‍ വഴിത്തിരിവുണ്ടാകുമെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
ഇതിനിടെ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന കണ്ണൂര്‍- ആലപ്പുഴ എക്സ്പ്രസിന്റെ രണ്ടു ബോഗികള്‍ തെളിവെടുപ്പിനായി അനിശ്ചിതകാലത്തേക്ക് പിടിച്ചിട്ടത് റെയില്‍വേയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ശാറൂഖിന്റെ വൈദ്യപരിശോധനകള്‍ മാത്രമാണ് നടത്തിയത്.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടിയതിനുശേഷം ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് നീക്കം നടത്തുന്നത്. കഴിഞ്ഞ ദിവസം പ്രത്യേക വാഹനത്തിലാണ് ശാറൂഖിനെ കണ്ണൂര്‍ വഴി കാസര്‍കോട്ടേക്ക് കൊണ്ടുപോയത്. കാടാച്ചിറ മമ്മാക്കുന്നില്‍വെച്ച് ഈ കാറിന്റെ ടയര്‍ പഞ്ചറായി വഴിയില്‍ കിടന്നത് ഏറെ വിവാദമുണ്ടാക്കിയിരുന്നു.
രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ച ട്രെയിന്‍ തീവയ്പ്പുകേസിലെ പ്രതിയെ മതിയായ സുരക്ഷാ ക്രമീകരണങ്ങളുമായി കൊണ്ടുവരുന്നതില്‍ പൊലീസിന് അതീവഗുരുതരമായ വീഴ്ചയുണ്ടായെന്ന വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നത്.
ശാറൂഖിന് തീവ്രവാദബന്ധമുണ്ടെന്ന കാര്യമാണ് ഇപ്പോള്‍ പൊലീസ് അന്വേഷിച്ചുവരുന്നത്. ഇക്കാര്യം തെളിഞ്ഞാല്‍ മാത്രമേ ഈയാള്‍ക്കെതിരെ യുഎപിഎ ചുമതത്തുകയുളളൂ. തീവ്രവാദസംഘടനകള്‍ സ്ലീപിങ് സെലുകളായി ഉപയോഗിക്കുന്നത് പ്രത്യക്ഷത്തില്‍ അവരുടെ ആശയങ്ങളുമായി ബന്ധം കാണിക്കാത്തവരെയാണ്. അതുകൊണ്ടുതന്നെ നിരന്തരമായ ബ്രയിന്‍വാഷിലൂടെ ഇവരെ തങ്ങളുടെ സ്ലീപര്‍ സെലംഗങ്ങളാക്കി മാറ്റാനും പണവും മറ്റു പ്രലോഭനങ്ങളും നല്‍കികൊണ്ട് അട്ടിമറിപ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കുകയുമാണ് പതിവ്.
Keywords: News, Kerala, Kannur, Kannur-News, Crime, Crime-News, Accused, Top Headlines, Trending, Police, Investigation, Elathur train attack case; Accused gave contradictory statements.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.