'ഹോളി ആഘോഷത്തിനിടെ നൃത്തം ചെയ്യുമ്പോള്‍ സ്വന്തം ശരീരത്തില്‍ കത്തി കുത്തിക്കയറ്റി'; യുവാവ് മരിച്ചു
Mar 19, 2022, 17:17 IST
ഭോപാല്‍: (www.kvartha.com 19.03.2022) മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഹോളി ആഘോഷത്തിനിടെ നൃത്തം ചെയ്യുമ്പോള്‍ സ്വന്തം ശരീരത്തില്‍ കത്തി കുത്തിക്കയറ്റിയ യുവാവ് മരിച്ചതായി പൊലീസ്. ഗോപാല്‍ സൊലന്‍കി എന്ന 38കാരനാണ് മരിച്ചത്. ഇന്‍ഡോറിലെ ബാന്‍ ഗംഗ കോളനിയിലാണ് ഹോളി ആഘോഷക്കാരെ ഞെട്ടിച്ച സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം ചെയ്യുകയായിരുന്ന ഗോപാല്‍ സൊലന്‍കി എന്ന 38കാരന്‍ സ്വന്തം ശരീരത്തില്‍ കത്തി കൊണ്ട് മുറിവേല്‍പ്പിക്കുകയായിരുന്നു. ഹോളി ഉത്സവത്തിന്റെ ഭാഗമായി ഖുഷ്വാ നഗറില്‍ സംഘടിപ്പിച്ച ഹോളികാ ദാഹന്‍ പരിപാടിക്കിടെയാണ് സംഭവം.
ഗോപാലും കൂട്ടുകാരും മദ്യ ലഹരിയില്‍ നൃത്തം ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായാണ് യുവാവ് തന്റെ നെഞ്ചിലേക്ക് കത്തി കയറ്റിയത്. ഗോപാലിന്റെ ശരീരത്തില്‍ നിന്ന് രക്തമൊഴുകാന്‍ തുടങ്ങിയപ്പോളാണ് സുഹൃത്തുക്കളുടെ ശ്രദ്ധയില്‍ പെടുന്നത്. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗോപാലിനെ രക്ഷിക്കാനായില്ല.
ഹോളി ആഘോഷിക്കാന്‍ വരുമ്പോള്‍തന്നെ ഗോപാലിന്റെ പക്കല്‍ കത്തിയുള്ളതായി ശ്രദ്ധയില്‍ പെട്ടിരുന്നെന്ന് കൂട്ടുകാര്‍ പറഞ്ഞു. ആദ്യ ഭാര്യയില്‍ നിന്നും വേര്‍പിരിഞ്ഞ ഗോപാല്‍, മക്കള്‍ക്കും രണ്ടാം ഭാര്യയ്ക്കും മാതാപിതാക്കള്‍ക്കുമൊപ്പമാണ് കഴിഞ്ഞിരുന്നത്. ഗോപാലിന്റെ മരണകാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.