Investigation | കൊല്‍ക്കത്തയിലെ ബലാത്സംഗക്കൊല: മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് ആളത്ര വെടിപ്പല്ലെന്ന് ആരോപണങ്ങൾ; സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്തിന്?

 
doctor murder mystery deepens

Photo Credit: X /Sanjeevani

കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ രാത്രി ഒറ്റയ്ക്ക് സെമിനാര്‍ ഹാളിലേക്ക് പോയത് ശരിയായില്ലെന്നും ഡോ. സന്ദീപ് ഘോഷ് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു

ആദിത്യൻ ആറന്മുള 

(KVARTHA) പശ്ചിമബംഗാളിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളജില്‍ യുവതിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം സിബിഐ ഏറ്റെടുക്കും മുമ്പേ പ്രിന്‍സിപ്പലായിരുന്ന ഡോ. സന്ദീപ് ഘോഷ് വിവാദങ്ങളുടെ തീച്ചൂളയിലായിരുന്നു. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസുമായി ഏറെ അടുപ്പവും സ്വാധീനവും ഉള്ള വ്യക്തിയാണ് പ്രിന്‍സിപ്പല്‍. ഇക്കാര്യം കൊല്‍ക്കത്ത ഹൈക്കോടതി തന്നെ വ്യക്തമാക്കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് സന്ദീപ് ഘോഷിനെ സ്ഥലംമാറ്റിയതല്ലാതെ യാതൊരു നടപടിയും സര്‍ക്കാര്‍ എടുത്തില്ല. ഹൈക്കോടതി ഇടപെട്ടതോടെയാണ് സ്ഥലംമാറ്റം റദ്ദാക്കി, ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചത്. 

കേസില്‍ 20 പേരെയാണ് സിബിഐ ഇതുവരെ ചോദ്യം ചെയ്തത്. അതില്‍ മൂന്ന് ദിവസം തുടര്‍ച്ചയായി സന്ദീപ് ഘോഷിനെ സിബിഐ ചോദ്യം ചെയ്തു. ഇയാള്‍ അത്ര ചില്ലറക്കാരനല്ലെന്നാണ് പലരും ആരോപിക്കുന്നത്.  മുന്‍ സഹപ്രവര്‍ത്തകന്‍ അക്തര്‍ അലി ഇയാളെ 'അതിശക്തന്‍' എന്നും മാഫിയാ ഡോണ്‍ എന്നുമാണ് വിശേഷിപ്പിച്ചത്. മാത്രമല്ല, സന്ദീപ് ഘോഷ്  മയക്കുമരുന്ന്, സെക്‌സ് റാക്കറ്റുകള്‍ നടത്തിയിരുന്നെന്നും ആശുപത്രി ജീവനക്കാരും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷമായ പോസ്റ്റുകളും ആരോപിക്കുന്നു.

കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ രാത്രി ഒറ്റയ്ക്ക് സെമിനാര്‍ ഹാളിലേക്ക് പോയത് ശരിയായില്ലെന്നും ഡോ. സന്ദീപ് ഘോഷ് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. മാത്രമല്ല കൊല്ലപ്പെട്ട ഡോക്ടറടെ പേര് പലതവണ വെളിപ്പെടുത്തുകയും ചെയ്തു.

വിവാദങ്ങള്‍ പുതിയതല്ല

ഓര്‍ത്തോപീഡിക് ഡോക്ടറും പ്രൊഫസറുമായ ഡോ. ഘോഷ്  2021 മധ്യത്തോടെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പലായി. അതിനുമുമ്പ് കല്‍ക്കട്ട നാഷണല്‍ മെഡിക്കല്‍ കോളജില്‍ വൈസ് പ്രിന്‍സിപ്പലായി ജോലി ചെയ്തിരുന്നു.  ക്രൂരമായ ബലാത്സംഗത്തിനും കൊലപാതകത്തിനും ശേഷം ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് രാജിവെച്ചതോടെ, സിഎന്‍എംസിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഡോ. ഘോഷിനെ തിരിച്ചെടുക്കാന്‍ ശ്രമിച്ചു, അതോടെ 'മാലിന്യം വേണ്ടെന്ന്' പറഞ്ഞ് അവിടുത്തെ ട്രെയിനി ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു.  

ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജിന്റെ ചുമതല ഏറ്റെടുത്ത് മാസങ്ങള്‍ക്ക് ശേഷം, സര്‍ക്കാര്‍ തീരുമാനപ്രകാരം വിദ്യാര്‍ത്ഥികള്‍ക്കും ഹോസ്റ്റലുകള്‍ക്കുമായി രണ്ട് പ്രത്യേക കൗണ്‍സിലുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു. എന്നാല്‍ 350-ഓളം വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം സംഘടിപ്പിച്ചു. ഡോ.ഘോഷിന്റെ ഓഫീസിന് പുറത്ത് അവര്‍ നിരാഹാര സമരവും നടത്തിയിരുന്നു.  ഭരണകക്ഷിയുമായുള്ള അടുത്ത ബന്ധം ഉപയോഗിച്ച്, ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയും ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും തന്നിഷ്ടപ്രകാരമാണ് ആശുപത്രി നടത്തിയതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ഇയാള്‍ക്കെതിരെ പലതവണ അഴിമതിയും ക്രമക്കേടുകളും ഉയര്‍ന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് 2023 സെപ്റ്റംബറിലും മെയിലും  സ്ഥലം മാറ്റിയിരുന്നു.  എന്നാല്‍ രണ്ടുതവണയും പോയ വേഗത്തില്‍ തിരിച്ചെത്തി.

അനുമതിയില്ലാതെ മൃതദേഹം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി

പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയില്‍ കൊണ്ടുവന്ന മൃതദേഹങ്ങള്‍ കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാക്ടിക്കല്‍ പഠനനത്തിന് നല്‍കിയെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന്,  2023 ജനുവരിയില്‍, ഡോ. ഘോഷിന്റെ നേതൃത്വത്തിലുള്ള ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ഭരണം വന്‍ തിരിച്ചടി നേരിട്ടിരുന്നു. ഇതോടെ  2023 മെയില്‍, ഡോ. ഘോഷിനെ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പകരം ചുമതലയേല്‍ക്കാന്‍ വന്ന ഡോക്ടറെ തടയാനായി ആര്‍ജി കാര്‍ മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പലിന്റെ മുറി പൂട്ടിയതായും റിപ്പോര്‍ട്ടുണ്ട്. 

48 മണിക്കൂറിനുള്ളില്‍ ഡോ. ഘോഷിന്റെ സ്ഥലംമാറ്റം റദ്ദാക്കുകയും ചെയ്തു. അത്രയ്ക്ക് സ്വാധീനമാണ് ഇദ്ദേഹത്തിനുള്ളത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ വീണ്ടും മുര്‍ഷിദാബാദ് മെഡിക്കല്‍ കോളേജിലേക്ക് സ്ഥലം മാറ്റിയെങ്കിലും ഒരു മാസത്തിനകം തിരിച്ചെടുത്തു. ട്രെയിനി ഡോക്ടര്‍മാരില്‍ ഒരു വിഭാഗം ഡോ. ഘോഷുമായി അടുപ്പമുള്ളവരാണെന്ന് പറയു ന്നു, അവര്‍ അദ്ദേഹത്തിന്റെ സ്ഥലംമാറ്റത്തിനെതിരെ പ്രതിഷേധിക്കുകയും സ്ഥലം മാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആര്‍ജി കാര്‍ കോളേജിലെ മണിക്തല മെയിന്‍ ബോയ്സ് ഹോസ്റ്റലില്‍ നടന്ന റാഗിംഗ് ഡോക്ടറുമായി അടുപ്പമുള്ള  ട്രെയിനികള്‍ കുറ്റാരോപിതനായിരുന്നു, അതോടെ അദ്ദേഹത്തെ സ്ഥലം മാറ്റിയിരുന്നത്.
 
സന്ദീപ് ഘോഷ് പ്രതികാരബുദ്ധിയോടെ പെരുമാറുന്നയാളാണെന്നും വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്താന്‍ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കുമെന്നും അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുമെന്നും ഒരു ട്രെയിനി ഡോക്ടര്‍ പറഞ്ഞു.  ആര്‍ജി കാര്‍ ആശുപത്രി മുന്‍ ഡെപ്യൂട്ടി സൂപ്രണ്ട് അക്തര്‍ അലിയും ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്. സ്ഥാപനത്തിനുള്ളില്‍ ഡോ. ഘോഷ് മാഫിയ രാജ് നടത്താറുണ്ടെന്ന് ട്രെയിനി ഡോക്ടറെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോർട്ട് ചെയ്യുന്നു.

സന്ദീപ് ഘോഷ് വലിയ അഴിമതിക്കാരനാണ്, വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കാറുണ്ടായിരുന്നു, ടെന്‍ഡര്‍ ഓര്‍ഡറുകളില്‍ 20 ശതമാനം കമ്മീഷന്‍ വാങ്ങാറുണ്ടായിരുന്നു, ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജിലും ആശുപത്രിയിലും ചെയ്യുന്ന ഓരോ ജോലിക്കും പണം വാങ്ങാറുണ്ടായിരുന്നു. തന്റെ ഗസ്റ്റ് ഹൗസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം വിതരണം ചെയ്യാറുണ്ടായിരുന്നു. അങ്ങനെ അയാളൊരു മാഫിയ പോലെയാണ് പ്രവര്‍ത്തിച്ചതെന്ന് അക്തര്‍ അലി ആരോപിക്കുന്നു.  ഘോഷ് വളരെ ശക്തനാണ്. 2023ല്‍ ഞാന്‍ അദ്ദേഹത്തിനെതിരെ ഒരു പരാതി നല്‍കിയിരുന്നു. യാതൊരു നടപടിയും ഉണ്ടായില്ല. നിലവിലെ അദ്ദേഹത്തിന്റെ രാജി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്നും ആരോപിച്ചു.

നോര്‍ത്ത് 24-പര്‍ഗാനാസ് ജില്ലയിലെ ബരാസത്തിലെ മല്ലിക് ബഗാന്‍ പ്രദേശത്താണ് ഡോ. ഘോഷ് മുമ്പ് താമസിച്ചിരുന്നത്. അയല്‍വാസികള്‍ അദ്ദേഹത്തിനെതിരെ ഗാര്‍ഹിക പീഡനം ആരോപിച്ചു. സിസേറിയന്‍ കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം ഭാര്യയുടെ വയറ്റില്‍ ചവിട്ടിയെന്നും നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയും അവര്‍ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും പറഞ്ഞു. മര്‍ദനത്തെത്തുടര്‍ന്ന് അവളുടെ തുന്നലുകള്‍ പലതും പോട്ടിയതായും കണ്ടിരുന്നു.  ഡോ. ഘോഷിന്റെ ഭാര്യയും ഒരു ഡോക്ടറായിരുന്നു. സര്‍ക്കാര്‍ ഡോക്ടറായിരുന്നിട്ടും ഘോഷ് സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്നെന്നും അവര്‍ പറയുന്നു.  

മൂന്ന് ദിവസം ഡോ. ഘോഷിനെ ചോദ്യം ചെയ്‌തെങ്കിലും അദ്ദേഹത്തിന്റെ മറുപടികള്‍ വളച്ചൊടിച്ചതാണെന്ന് സിബിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദ ഫെഡറല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കുന്നതിന്റെ കാരണം, കൊല്ലപ്പെട്ട ഡോക്ടര്‍ വലിയ ജോലി സമ്മര്‍ദത്തിലായിരുന്നു' എന്നും 'ശിക്ഷാ നടപടിയുടെ ഭാഗമായാണ് അമിത ജോലി' ചെയ്തതെന്നും   മാതാപിതാക്കളും സഹപ്രവര്‍ത്തകരും പറഞ്ഞിരുന്നു. 

ഡോ ഘോഷിന്റെ നിയന്ത്രണത്തിലായിരുന്ന സ്ഥാപനത്തില്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് എല്ലാവരും ഇക്കാര്യങ്ങള്‍ ചെയ്തിരുന്നത്. ആശുപത്രി കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന്, സെക്‌സ് റാക്കറ്റുമായി ഡോ. ഘോഷിന് ബന്ധമുണ്ടാകുമെന്നും ഇത് കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ മനസിലാക്കിയത് കൊണ്ടാണ് കൊലപാതകം സംഭവിച്ചതെന്നും ചില ജീവനക്കാര്‍ ആരോപിക്കുന്നു. ചില ട്രെയിനി ഡോക്ടര്‍മാര്‍ക്ക് ഡോ. ഘോഷുമായി അടുപ്പമുണ്ട്. അവരെയെല്ലാം സിബിഐ ചോദ്യം ചെയ്ത് വരുകയാണ്.

സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങളാണ് ആര്‍ജി കാര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് പുറത്തുവരുന്നത്. ഭരണകൂടത്തിന് അറിയാത്ത കാര്യമൊന്നുമല്ലിത്. അതുകൊണ്ട് മമതാ സര്‍ക്കാര്‍ ഇതിന് വലിയ വില നല്‍കേണ്ടിവരും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia