Attack | 'സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ രോഗിയുടെ മകന്റെ ആക്രമണം'; കത്തികൊണ്ടുള്ള കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ യുവാവ് തീവ്രപരിചരണവിഭാഗത്തില്‍
● കഴുത്ത്, ചെവി, വയര്‍ എന്നിവിടങ്ങളില്‍ ഏഴ് തവണ കുത്തിയതായി ദൃക് സാക്ഷികള്‍
● പരുക്കേറ്റത് ഡോക്ടര്‍ ബാലാജി ജഗനാഥന്
● സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ സ്വദേശി വിഘ് നേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു
● 'അമ്മയ്ക്ക് ശരിയായ ചികിത്സ ലഭിക്കാത്തതില്‍ ദേഷ്യപ്പെട്ടാണ് ആക്രമണം'
● വിശദമായ അന്വേഷണത്തിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍
ചെന്നൈ: (KVARTHA) സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറെ കാന്‍സര്‍ രോഗിയുടെ മകന്‍ കത്തികൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചതായി പരാതി. ചെന്നൈ കലൈഞ്ജര്‍ സെന്റിനറി ആശുപത്രിയിലെ കാന്‍സര്‍ വാര്‍ഡില്‍ ഡ്യൂട്ടിയ്ക്കിടെയാണ് സംഭവം. കഴുത്ത്, ചെവി, വയര്‍ എന്നീ ശരീരഭാഗങ്ങളില്‍ ഏഴ് തവണ കുത്തിയതായി ദൃക് സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കി. ഗുരുതരമായി പരുക്കേറ്റ ഡോക്ടര്‍ ബാലാജി ജഗനാഥന്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ സ്വദേശി വിഘ് നേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കാന്‍സര്‍ രോഗിയായ അമ്മയ്ക്ക് ശരിയായ ചികിത്സ ലഭിക്കാത്തതില്‍ ദേഷ്യപ്പെട്ടാണ് വിഘ് നേഷ് ഡോക്ടറെ ആക്രമിച്ചത്. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച വിഘ് നേഷിനെ ആശുപത്രി ജീവനക്കാരും മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. സംസ്ഥാന ആരോഗ്യമന്ത്രി എം സുബ്രഹ്‌മണ്യനും വിഷയത്തില്‍ അടിയന്തര നടപടിയെടുക്കുമെന്ന് ഉറപ്പു നല്‍കി. തമിഴ് നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ അരക്ഷിതാവസ്ഥയാണ് സംഭവം കാണിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.
#DoctorAttack, #ChennaiNews, #GovernmentHospital, #CrimeNews, #CancerPatient, #TamilNadu