Tragedy | ശാസ്താംകോട്ടയിലെ കൊല: ഒരു നഗരത്തെ നടുക്കിയ ദുരന്തം; മദ്യപാനം അപകടത്തിന് കാരണം
● മനഃപൂർവമായ നരഹത്യ ഉൾപ്പെടെ ഗുരുതരമായ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തി.
● പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.
കൊല്ലം: (KVARTHA) ശാസ്താംകോട്ടയിൽ സ്കൂട്ടർ യാത്രക്കാരിയായ കുഞ്ഞുമോൾ (45) എന്ന വനിതയെ കാർകയറ്റി കൊലപ്പെടുത്തിയ കേസിൽ ഒരു യുവ വനിതാ ഡോക്ടർ അടക്കം രണ്ട് പേർ അറസ്റ്റിലായി. സംഭവം നാടിനെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. അപകടമുണ്ടാക്കിയ കാറിൽ മൂന്നാമത് ഒരാളും ഉണ്ടായിരുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ, കാറിൽ മൂന്നാമതൊരാൾ ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചു.
ഞായറാഴ്‌ച മൈനാഗപ്പള്ളിക്ക് സമീപം ആനൂർക്കാവിൽ വച്ചാണ് ഈ ദാരുണ സംഭവം ഉണ്ടായത്. സംഭവത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്ക് പരുക്കേറ്റിട്ടുണ്ട്. അപകടം നടന്ന ഉടൻ തന്നെ കാർ ഓടിച്ചു പോകാൻ ശ്രീക്കുട്ടി നിർബന്ധിച്ചതായി പ്രദേശവാസികൾ മൊഴി നൽകിയിട്ടുണ്ട്.
സ്‌ഥിരം മദ്യസൽക്കാരം
കരുനാഗപ്പള്ളി റെയിൽവേ സ്‌റ്റേഷനു സമീപത്തെ ശ്രീക്കുട്ടിയുടെ വാടകവീട് കേന്ദ്രീകരിച്ച് സ്‌ഥിരം മദ്യസൽക്കാരം നടക്കാറുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അപകടത്തിന് മുമ്പ് ഒരു സുഹൃത്തിൻ്റെ വീട്ടിൽനിന്ന് മദ്യപിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം.
ഡോക്ടർ ശ്രീക്കുട്ടിയെക്കുറിച്ച്
കോയമ്പത്തുരിൽനിന്ന് മെഡിക്കൽ പഠനം പൂർത്തിയാക്കിയ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഡോ.ശ്രീക്കുട്ടി, വിവാഹമോചിതയാണ്. അടുത്തിടെയാണു കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ ജോലിക്കെത്തിയത്. ഇവിടെ വച്ചാണ് അജ്‌മലിനെ പരിചയപ്പെട്ടത്.
കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്‌തുവരികയായിരുന്ന ശ്രീക്കുട്ടി (27) എന്ന ഡോക്ടറും കരുനാഗപ്പുള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് അജ്മൽ (29) എന്ന യുവാവുമാണ് ഈ കേസിലെ പ്രതികൾ. ഇരുവരെയും നരഹത്യ കുറ്റം ചുമത്തി ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. സംഭവത്തെ തുടർന്ന് കേസിലെ രണ്ടാം പ്രതിയായ ശ്രീക്കുട്ടിയെ ജോലി ചെയ്‌തു വരികയായിരുന്ന സ്വകാര്യ ആശുപത്രിയിൽ നിന്നും പിരിച്ചു വിട്ടു.
പൊലീസ് പറയുന്നത്
പൊലീസ് നടത്തിയ അന്വേഷണത്തിൽ, മനഃപൂർവമായ നരഹത്യ ഉൾപ്പെടെ ഗുരുതരമായ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തി. അജ്മൽ ചന്ദനക്കടത്ത് അടക്കം അഞ്ച് കേസിൽ പ്രതിയാണെന്നും കൊല്ലം റൂറൽ എസ്പി കെ.എം.സാബു മാത്യു പറഞ്ഞു.
വൈദ്യപരിശോധനയിൽ അജ്‌മലും ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നെന്നു തെളിഞ്ഞതായി പൊലീസ് പറഞ്ഞു. അപകടമുണ്ടാകുന്നതിന് മണിക്കൂറുകൾക്ക് മുൻപ്, ഒരു സുഹ്യത്തിൻ്റെ വീട്ടിൽ വച്ചു മദ്യപിച്ച അജ്‌മലും ശ്രീക്കുട്ടിയും അവിടെനിന്നു മടങ്ങുമ്പോഴായിരുന്നു അപകടം. മൈനാഗപ്പള്ളി ആനൂർക്കാവിൽ വളവു തിരിഞ്ഞു വന്ന കാർ സ്‌കൂട്ടർ യാത്രികരായ സഹോദരിമാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടമുണ്ടായ സമയത്ത് അജ്‌മൽ ഡ്രൈവിങ് സീറ്റിലും ശ്രീക്കുട്ടി പിന്നിലെ സീറ്റിലും ഇരുന്നതായാണ് സൂചന. നാട്ടുകാർ ഓടിക്കൂടുന്നത് കണ്ട്, റോഡിൽ വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്‌മലും ശ്രീക്കുട്ടിയും രക്ഷപ്പെട്ടു മുന്നോട്ടുപോയ കാർ മറ്റൊരു വാഹനത്തെ ഇടിക്കാൻ ശ്രമിച്ചു. വെട്ടിച്ച് മാറ്റിയപ്പോൾ മതിലിലും മറ്റു രണ്ടു വാഹനങ്ങളിലും ഇടിച്ചു കരുനാഗപ്പള്ളിയിൽ വച്ച് പോസ്‌റ്റിലിടിച്ച് വാഹനം നിന്നതോടെ അജ്‌മലും ശ്രീക്കുട്ടിയും പുറത്തിറങ്ങിയോടി. അജ്‌മൽ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു. ശ്രീക്കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. ഒളിവിൽ പോയ അജ്‌മലിനെ കൊല്ലം പതാരത്തുനിന്നാണ് പിടികൂടിയത്.
ഈ കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. ഈ സംഭവം സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.