Discrepancy | മാമി തിരോധാനം: 'കേസ് റിപ്പോർട്ട് അയച്ചത് എഡിജിപി അജിത് കുമാർ മുഖേന'; നിർദേശങ്ങൾ അവഗണിച്ചോ? ഡിജിപിക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്
● ഡിജിപി ഇരുവരോടും വിശദീകരണം തേടിയിട്ടുണ്ട്.
● നിലവിൽ മാമി തിരോധാനക്കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.
തിരുവനന്തപുരം: (KVARTHA) കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മുഹമ്മദ് ആട്ടൂർ (മാമി) തിരോധാന കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ ഡിജിപിയുടെ നിർദേശങ്ങൾ അവഗണിച്ചിരുന്നതായി റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ഡിഐജിയോ ഐ ജിയോ വഴി അയക്കണമായിരുന്നു ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബ് നൽകിയ നിർദേശം.
എന്നാൽ, മലപ്പുറം മുൻ എസ്.പി ശശിധരനും കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ ടി നാരായണനും ആരോപണ വിധേയനായ എഡിജിപി അജിത് കുമാർ വഴി റിപ്പോർട്ടുകൾ അയച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം. മാമി കേസ് അട്ടിമറിക്കാൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത് കുമാർ കൂട്ടുനിന്നുവെന്ന് പി വി അൻവർ എംഎൽഎ നേരത്തെ ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഡിജിപി റിപ്പോർട്ട് അയക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ഡിജിപിയുടെ നിർദ്ദേശം ലംഘിച്ചതിൽ അതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം ഇരുവരോടും വിശദീകരണം തേടിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
നിലവിൽ മാമി തിരോധാനക്കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. അതിന് മുമ്പുള്ള നടപടിക്രമങ്ങളിലാണ് ഇപ്പോൾ ഡിജിപി അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്. 2023 ഓഗസ്റ്റ് 21-ന് കോഴിക്കോട് അരയിടത്തുപാലത്ത് നിന്നാണ് മാമിയെ കാണാതായത്. വീട്ടിൽ എത്താൻ വൈകുമെന്നറിയിച്ചുകൊണ്ട് ഭാര്യക്ക് സന്ദേശം അയച്ച ശേഷം അദ്ദേഹത്തെക്കുറിച്ച് പിന്നീട് ആർക്കും ഒരു വിവരവും ലഭിച്ചില്ല.
#MamiCase, #KeralaPolice, #Investigation, #DGPOrders, #CaseManagement, #PoliceControversy