Assaulted Death | സുഹൃത്തുക്കള്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; 'സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡും കയറ്റി'; ഗുരുതര പരിക്കേറ്റ 10 വയസുകാരന്‍ മരിച്ചു; കൗമാരക്കാരായ 2 പേര്‍ അറസ്റ്റില്‍
Oct 1, 2022, 13:31 IST
ന്യൂഡെല്‍ഹി: (www.kvartha.com) സുഹൃത്തുക്കള്‍ ലൈംഗിക പീഡനത്തിനിരയാക്കിയതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന 10 വയസുകാരന്‍ മരിച്ചതായി പൊലീസ്. ലോക്നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാവിലെയാണ് കുട്ടി മരിച്ചത്. ലൈംഗിക പീഡനത്തെ തുടര്‍ന്നുണ്ടായ പരുക്കുകളാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 10 വയസുള്ള രണ്ട് കൗമാരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഡെല്‍ഹിയിലെ സീലംപൂര്‍ മേഖലയിലാണ് സംഭവം. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന 10-12 വയസിനിടയിലുള്ള മൂന്ന് പേര്‍ ചേര്‍ന്നാണ് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ 10നും 12നും ഇടയില്‍ പ്രായമുള്ള രണ്ട് കുട്ടികള്‍ പിടിയിലായിട്ടുണ്ട്.
സെപ്തംബര്‍ 18 ന് നടന്ന സംഭവം പുറത്തറിഞ്ഞിരുന്നില്ല. സീലംപൂരിലെ ചേരിയിലെ താമസക്കാരനായ 10 വയസുകാരന്‍ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഒഴിഞ്ഞ ഡിസ്‌പെന്‍സറിയില്‍ കളിച്ചിരുന്നു. കളിക്കുന്നതിനിടെ സുഹൃത്തുക്കള്‍ അവനെ ലൈംഗികമായി ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി.
ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്തു. പ്രതിരോധിച്ചപ്പോള്‍ വടിയും ഇഷ്ടികയും ഉപയോഗിച്ച് മര്‍ദിച്ചു. ക്രൂരതയുടെ അതിര്‍വരമ്പുകള്‍ കടന്ന് സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡും കയറ്റി. തിരികെ വീട്ടില്‍ എത്തിയ വിദ്യാര്‍ഥി, ഭയം കാരണം ആരോടും ഒന്നും പറഞ്ഞില്ല.
വീട്ടുകാര്‍ ചോദിച്ചപ്പോള്‍ സുഹൃത്തുക്കളുമായി വഴക്കിട്ടതായി മറുപടി നല്‍കി. കഴിഞ്ഞ മാസം 22ന് ആരോഗ്യനില വഷളായതോടെ കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. മരിച്ച കുട്ടിയും ആരോപണവിധേയരായ കുട്ടികളും ന്യൂ സീലംപൂര്‍ ജുഗ്ഗിസ് സ്വദേശികളും അയല്‍വാസികളുമാണ്.
14 ദിവസത്തിന് ശേഷം ശനിയാഴ്ച രാവിലെ കുട്ടി ചികിത്സയ്ക്കിടെ മരിച്ചു. ഹോസ്പിറ്റല്‍ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചു. ഭയം മൂലം ആദ്യം കേസ് രെജിസ്റ്റര്‍ ചെയ്യാന്‍ വീട്ടുകാര്‍ വിസമ്മതിച്ചു. പിന്നീട് കൗന്‍സിലിങ്ങിന് ശേഷം ഇവര്‍ കേസ് നല്‍കാന്‍ തയ്യാറായി. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.