Police Booked | അതിജീവിതയ്‌ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം; പീഡനക്കേസിൽ അറസ്റ്റിലായ പ്രതിയുടെ ബന്ധുക്കള്‍ക്കെതിരെ കേസ്
മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു
കണ്ണൂര്‍: (KVARTHA) പയ്യന്നൂരില്‍ ഫിസിയോ തെറാപി ചെയ്യാനെത്തിയ യുവതിയെ പീഡനത്തിനിരയാക്കിയെന്ന കേസിൽ പ്രതിയെ അറസ്റ്റു ചെയ്തതിനു പിന്നാലെ ഇരയെ നവമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. അതിജീവിതയുടെ പരാതിയില്‍ അറസ്റ്റു ചെയ്തതിനെ തുടര്‍ന്ന് റിമാന്‍ഡില്‍ കഴിയുന്ന ശരത് നമ്പ്യാരുടെ ഭാര്യ രേഷ്മ ശരത്, സഹോദരന്‍ ഡോ. വരുണ്‍ നമ്പ്യാര്‍ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് പൊലീസ് കേസെടുത്തത്.
ഇരയെ അപകീര്‍ത്തിപ്പെടുത്തും വിധമുളളള ചില നവമാധ്യമ പ്രചരണം സംബന്ധിച്ചു മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പയ്യന്നൂര്‍ ഡി.വൈ.എസ്.പിക്കും അതിജീവിത പരാതി നല്‍കി മണിക്കൂറുകള്‍ക്കുളളിലാണ് പൊലീസ് നടപടിയുണ്ടായത്. പീഡനത്തിന് ഇരയാക്കപ്പെടുന്നവരുടെ ദൃശ്യങ്ങള്‍ അവരെ തിരിച്ചറിയും വിധം സമൂഹ്യമാധ്യമങ്ങളില്‍ വഴി പ്രചരിപ്പിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തത്.
തന്നെയും കുടുംബത്തെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന വിധത്തില്‍ നടക്കുന്ന പ്രചരണത്തിനെതിരെയായിരുന്നു അതിജീവിതയുടെ പരാതി. ക്ലിനിക്കില്‍ നിന്നും യുവതിയും പിതാവും പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പ്രചരിപ്പിച്ചത്. ഇരയുടെ വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കണമെന്ന കര്‍ശന നിയമമുളളപ്പോഴാണ് സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പ്രചരിച്ചത്.