UAE Scams Alert | പ്രവാസികളെ ജാഗ്രതൈ! ഹൈടെക് തട്ടിപ്പുകൾ വ്യാപകം; നിങ്ങളെ ഇരയാക്കുന്നത് ഇങ്ങനെ; വേണം ജാഗ്രത; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

 


ദുബൈ: (KVARTHA) സ്മാർട്ട് ഫോണുകളും ഓൺലൈൻ പേയ്‌മെന്റുകളും ഇ കൊമേഴ്‌സ് സൈറ്റുകളും സാധാരണമായി മാറിയ പുതിയ ലോകം ഹൈടെക് തട്ടിപ്പുകളുടെ വിളനിലമായി മാറിയിരിക്കുന്നു. വലിയ തോതിൽ പ്രവാസികളെ ഇരയാക്കാൻ കഴുകൻ കണ്ണുകളുമായി പലരും പതിയിരിപ്പുണ്ട്. പല രൂപത്തിൽ അവർ നിങ്ങളെ ഇരയാക്കാം. അടുത്ത കാലത്തായി യുഎഇയിൽ വ്യാപകമായ ചില തട്ടിപ്പുകൾ അറിയാം.

UAE Scams Alert | പ്രവാസികളെ ജാഗ്രതൈ! ഹൈടെക് തട്ടിപ്പുകൾ വ്യാപകം; നിങ്ങളെ ഇരയാക്കുന്നത് ഇങ്ങനെ; വേണം ജാഗ്രത; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നോൾ കാർഡ് റീചാർജ് തട്ടിപ്പ്

നിങ്ങളുടെ നോൾ കാർഡ് റീചാർജ് ചെയ്യാൻ നോക്കുകയാണോ? ജാഗ്രത പാലിക്കുക. നിങ്ങളുടെ പണം തട്ടിയെടുക്കാൻ ആർടിഎയുടെ പ്ലാറ്റ്‌ഫോം അനുകരിക്കുന്ന തട്ടിപ്പ് വെബ്‌സൈറ്റുകൾ രംഗത്തുണ്ട്. ഗൂഗിളിൽ 'നോൾ റീചാർജ്' ചെയ്യാൻ ഗൂഗിളിൽ തിരയുമ്പോൾ മുകളിലായി വരുന്ന ആദ്യത്തെ നാല് സൈറ്റുകളും തട്ടിപ്പ് സംഘത്തിന്റേതാണ്.

ദുബൈ പ്രവാസിയായ മുഹമ്മദ് സൽമാൻ എന്നയാൾ തന്റെ നോൾ കാർഡ് 30 ദിർഹമിന് റീചാർജ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇത്തരത്തിലുള്ള ഒരു വെബ്‌സൈറ്റിൽ കുടുങ്ങി 1,051 ദിർഹമാണ് നഷ്ടമായത്. യുക്രൈനിലെ കീവിലുള്ള മോണോ ഡയറക്ട് എഫ്ജെ 1 എന്ന കമ്പനിയിലേക്കാണ് തന്റെ പണം പോയതെന്നതിന്റെ തെളിവുകൾ സൽമാൻ പങ്കുവച്ചു. സമാനമായ സാഹചര്യങ്ങളിൽ പണം നഷ്ടപ്പെട്ട അനവധി ഇരകൾ തങ്ങളുടെ അനുഭവങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പങ്കുവെച്ചു.

വെബ്‌സൈറ്റിൽ ക്ലിക്കുചെയ്താൽ പുതിയ പേജ് തുറക്കും. ഇതിൽ നോൾ ഐഡി, ഇമെയിൽ വിലാസം, റീചാർജ് തുക എന്നിവ നൽകാൻ ആവശ്യപ്പെടും. ഈ പ്രക്രിയ ചെയ്‌താൽ പേയ്‌മെന്റ് സ്ഥിരീകരിക്കുന്നതിനുള്ള അടുത്ത ഘട്ടത്തിലേക്ക് നയിക്കും. ഒ ടി പി നൽകി കഴിഞ്ഞാൽ നിങ്ങളുടെ അക്കൗണ്ട് കാലിയായിട്ടുണ്ടാവും. മുഹമ്മദ് സൽമാൻസി തന്റെ നോൾ ബാലൻസ് പരിശോധിച്ചപ്പോഴാണ് താൻ തട്ടിപ്പിന് ഇരയായതായി മനസിലായത്. തുടർന്ന് ദുബൈ പൊലീസിലും ബാങ്കിലും പരാതി നൽകി.

ഗ്ലോബൽ വില്ലേജിന്റെ പേരിലും തട്ടിപ്പ്

ആർടിഎ മാത്രമല്ല, ഗ്ലോബൽ വില്ലേജിന്റെയും വ്യാജ വെബ്‌സൈറ്റുകൾ തട്ടിപ്പിനായി രംഗത്തുണ്ട്. cargovanexpeditinginny(dot)com എന്ന സൈറ്റിൽ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ ടിക്കറ്റ് വാങ്ങുന്നതിനിടെ ഒരു വിനോദസഞ്ചാരിക്ക് 6,000 ദിർഹം നഷ്ടപ്പെട്ടതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഈ സൈറ്റിനെ ഇപ്പോൾ Google 'അപകടകരം' എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. മറ്റൊരു സംഭവത്തിൽ, ഗ്ലോബൽ വില്ലേജിനായി 22 ദിർഹം ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഒരാൾക്ക് ആയിരത്തിലധികം ദിർഹം നഷ്ടപ്പെട്ടു. ഒ ടി പി നൽകി കഴിഞ്ഞാലാണ് തട്ടിപ്പിന് ഇരയായതായി അറിയുക.

അടുത്തിടെയായി എമിറേറ്റ്സ് പോസ്റ്റിന്റെ പേരിൽ എസ്എംഎസ് സന്ദേശങ്ങളും സർവേകളും വരുന്നതായി നിരവധി പേർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതും ഒരു തട്ടിപ്പാണ്. എസ്എംഎസിന്റെ കൂടെ നമ്മെ കുടുക്കാനുള്ള ഒരു ലിങ്കും കാണാം. ഇതറിയാതെ ആ ലിങ്കില്‍ കയറിയാൽ ഉപഭോക്താക്കളുടെ വിവരങ്ങൾ അറിയാനും ആ വിവരങ്ങൾ വഴി ദുരുപയോഗം ചെയാനും തട്ടിപ്പിന് ഇരയാക്കാനും കഴിയും.

എമിറേറ്റ്സ് പോസ്റ്റിന്റെ പേരിൽ സന്ദേശങ്ങൾ

'തെറ്റായ വിലാസ വിവരങ്ങൾ കാരണം, നിങ്ങളുടെ പാക്കേജ് ഡെലിവർ ചെയ്തില്ല, നിങ്ങളുടെ അയക്കേണ്ട വിലാസം അപ്‌ഡേറ്റ് ചെയ്യുക', 'പണമടയ്ക്കുന്നതിന് വിലാസം എത്രയും വേഗം അപ്ഡേറ്റ് ചെയ്യുക', എന്നിങ്ങനെ സന്ദേശങ്ങൾ അയച്ചതാണ് തട്ടിപ്പ് നടത്തുന്നത്. ഇമെയിൽ, വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ തുടങ്ങിയവയിലൂടെയും ഇത്തരത്തിലുള്ള സന്ദേശങ്ങൾ വരുന്നുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിശദാംശങ്ങൾ നൽകാൻ ഈ സന്ദേശങ്ങൾ സ്വീകർത്താക്കളോട് ആവശ്യപ്പെടുന്നുണ്ട്. ട്വിറ്ററിലൂടെയും മറ്റ് സോഷ്യൽ മീഡിയയിലൂടെയും, എമിറേറ്റ്സ് പോസ്റ്റ് ജാഗ്രത പാലിക്കാനും ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ മുൻകരുതൽ എടുക്കാനും അഭ്യർത്ഥിച്ചു.

തട്ടിപ്പ് കോളുകൾ

ബാങ്ക് ഉദ്യോഗസ്ഥരാണെന്നും നിങ്ങളുടെ കുറച്ച് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാനുമെന്ന് പറഞ്ഞുകൊണ്ട് കോൾ വിളിച്ചും ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കും. ഈ ചതിക്കുഴിയില്‍ വീഴരുത്. ഒരു ബാങ്കും നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ഫോണ്‍ കോളിലൂടെ ആവശ്യപ്പെടില്ല എന്ന കാര്യം മനസിലാക്കുക. ചിലപ്പോള്‍ ബാങ്ക് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിളിക്കുന്ന ഇത്തരക്കാര്‍ നിങ്ങളുടെ ഡെബിറ്റ് അല്ലെങ്കിൽ ക്രഡിറ്റ് കാര്‍ഡിന്റെ റിന്യൂവല്‍ അടക്കം ആവശ്യപ്പെട്ടെന്ന് വരും. ഇത്തരം കോള്‍ വന്നാല്‍ ബാങ്കുമായി ബന്ധപ്പെടുന്നതാണ് അഭികാമ്യം.

ഓഫറുകളിൽ വീഴല്ലേ

പ്രമുഖ ബ്രാൻഡുകൾ കുറഞ്ഞ വിലയ്‌ക്കെന്ന പേരിൽ വരുന്ന ഓഫറുകളുടെ പെരുമഴയെയും ശ്രദ്ധിക്കേണ്ടതുണ്ട്. കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ആയ ഐഫോൺ അടക്കമുള്ള ഇലക്ട്രോണിക്‌സ്, മറ്റു ഉത്പന്നങ്ങള്‍ എന്നിവ നല്‍കുന്നു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയ സൈറ്റുകളിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ കാണാം. ഇത്തരം പരസ്യങ്ങളിൽ കാണുന്ന ലിങ്കുകളിൽ കയറി ഓർഡർ ചെയ്താൽ യഥാർഥ ബ്രാൻഡിന്റേത് എന്ന് തോന്നിപ്പിക്കുന്ന കോപ്പി ഉത്‌പന്നമാണ് നിങ്ങൾക്ക് ലഭിക്കുക. കൂടാതെ ഒറ്റ നോട്ടത്തില്‍ യഥാര്‍ഥ സൈറ്റ് പോലെ തോന്നിക്കുന്ന ഈ സൈറ്റുകളില്‍ കയറി ഓര്‍ഡര്‍ ചെയ്ത് പണം നഷ്ടപ്പെടുന്നവരുടെ എണ്ണവും കൂടുകയാണ്.

പ്രവാസികൾ ജാഗ്രത പുലർത്തുക

തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആളുകൾ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ചും വ്യക്തിപരമോ സാമ്പത്തികമോ ആയ വിശദാംശങ്ങൾ നൽകുന്നതിന് മുമ്പ് ആധികാരികത ഉറപ്പാക്കുക. യുആർഎൽ പരിശോധിച്ചാൽ ഫിഷിംഗ് സൈറ്റുകൾ തിരിച്ചറിയാവുന്നതാണ്. യുഎഇ സർക്കാർ വെബ്‌സൈറ്റുകൾ സാധാരണയായി '.ae' എന്ന ഡൊമെയ്‌ൻ ഉപയോഗിക്കുന്നുവെന്നത് ശ്രദ്ധിക്കുക.

തട്ടിപ്പുകാർ അയക്കുന്ന സന്ദേശങ്ങളിൽ മിക്കവയും മോശം വ്യാകരണമായിരിക്കും. കൂടാതെ ഉടൻ പണമടയ്ക്കാൻ ആവശ്യപ്പെട്ടേക്കാം അല്ലെങ്കിൽ പണമടയ്ക്കാനുള്ള ലിങ്ക് അടങ്ങിയിട്ടുണ്ടാവും. അതോറിറ്റിയുടെ പേര് പ്രദർശിപ്പിക്കാത്ത അജ്ഞാത നമ്പർ അല്ലെങ്കിൽ ഐഡി ആയിരിക്കും ഉപയോഗിച്ചിരിക്കുക. ഇരയായാൽ ദുബൈ പൊലീസ് ഇ-ക്രൈം സെല്ലിലോ സോഷ്യൽ മീഡിയ ചാനലുകളിലോ റിപ്പോർട്ട് ചെയ്യുകയോ അല്ലെങ്കിൽ 901 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാം.

Keywords: Cyber, Crime, Fraud, Expatriate, Dubai, Police, Scam, Beware of scams: Here is how criminals targeting individuals.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia