Allegation | വടകരയിലെ കാഫിർ സ്ക്രീൻ ഷോടിന് പിന്നിലാര്? വെളിപ്പെടുത്തലുമായി പാറക്കൽ അബ്‌ദുല്ല; 'ചരടിന്റെ അറ്റം വെളിയിൽ വരും വരെ നോ കോംപ്രമൈസ്'
നാട്ടിൽ വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച സാമൂഹ്യ ദ്രോഹികൾക്ക് അർഹമായ ശിക്ഷ വാങ്ങി കൊടുക്കാൻ പൊലീസ് തയ്യാറാവണമെന്ന് ലീഗ് നേതാവ്
കോഴിക്കോട്: (KVARTHA) ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് വടകരയിൽ 'കാഫിർ' സ്ക്രീൻ ഷോട് പ്രചരിപ്പിച്ച കണ്ണികൾ ഓരോന്നായി പുറത്ത് വരികയാണെന്ന് മുൻ എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ പാറക്കൽ അബ്ദുല്ല. അമ്പാടിമുക്ക് സഖാക്കളിൽ നിന്ന് തുടങ്ങി റെഡ് ബറ്റാലിയനിലെ അമൽ റാം വഴി റെഡ് എൻകൗണ്ടർ ഗ്രൂപിലെ റിബേഷ് വരെ എത്തി നിൽക്കുകയാണ് ഈ ചരടിന്റെ അറ്റമെന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. ഈ ചരടിന്റെ അറ്റം വെളിയിൽ വരും വരെ ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും (നോ കോംപ്രമൈസ്) അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാജ സ്ക്രീൻഷോട് ഫേസ്‌ബുകിലൂടെ ആദ്യം പുറത്തു വരുന്നത് അമ്പാടി മുക്ക് സഖാക്കൾ എന്ന പേജിലൂടെ ആയിരുന്നു. അന്ന് മുതൽ നമ്മൾ ഉയർത്തിയ ചോദ്യം അവർക്ക് ഇതെവിടുന്ന് കിട്ടി എന്നാണ്. ഇന്ന് അതിന്റെ കണ്ണികൾ ഓരോന്നായി പുറത്ത് വരികയാണ്. നാട്ടിൽ വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച സാമൂഹ്യ ദ്രോഹികൾക്ക് അർഹമായ ശിക്ഷ വാങ്ങി കൊടുക്കാൻ പൊലീസ് തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊലീസ് അന്വേഷണ റിപോർടിന്റെ പകർപ്പും പാറക്കൽ അബ്ദുല്ല പങ്കുവെച്ചിട്ടുണ്ട്. 'അന്വേഷണത്തിന്റെ ഭാഗമായി അമ്പാടി മുക്ക് സഖാക്കൾ എന്ന ഫേസ്ബുക് അകൗണ്ടിന്റെ വിവരങ്ങൾ ശേഖരിച്ചു. രണ്ട് ഫോൺ നമ്പറുകൾ കണ്ടെത്തി. മനീഷ്, സജീവ് എന്നിവരുടേതായിരുന്നു ഈ നമ്പറുകൾ. അമ്പാടി മുക്ക് സഖാക്കൾ എന്ന ഫേസ്ബുക് അകൗണ്ടിന്റെ അഡ്മിനാണ് മനീഷ്. ഇയാളുടെ മൊഴി രേഖപ്പെടുത്തി. വിവാദ പോസ്റ്റ് റെഡ് ബറ്റാലിയൻ എന്ന വാട്സ്ആപ് ഗ്രൂപിൽ നിന്ന് ലഭിച്ചതാണെന്ന് മനീഷ് പറഞ്ഞു. ശേഷം ഫേസ്ബുകിൽ പോസ്റ്റ് ചെയ്തു, പിന്നീട് നീക്കം ചെയ്തു. പോസ്റ്റ് ചെയ്ത അമൽ രാമചന്ദ്രന്റെ മൊഴിയും രേഖപ്പെടുത്തി', പൊലീസ് റിപോർടിൽ പറയുന്നു.
വടകര ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് കാഫിർ പോസ്റ്റർ പ്രചരിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയെ കാഫിറെന്ന് വിശേഷിപ്പിച്ച് യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്ന് പോസ്റ്റർ ഇറക്കിയെന്നായിരുന്നു പരാതി. ഇത് മണ്ഡലത്തിലും പുറത്തും വലിയ ചർച്ചയായിരുന്നു.