Legal | എഡിഎം നവീന്‍ ബാബുവിന്റെ മരണം; ദിവ്യയുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് നവംബര്‍ എട്ടിലേക്ക് മാറ്റി
● ആത്മഹത്യാ പ്രേരണാ കുറ്റമാണ് പൊലീസ് ദിവ്യയ്‌ക്കെതിരെ ചുമത്തിയത്
● അഡ്വ. കെ വിശ്വനാണ് ദിവ്യക്കായി ഹാജരായത്
● അന്വേഷണസംഘം മുന്‍പോട്ടു പോകുന്നത് ശരിയായ ദിശയില്‍ അല്ലെന്ന് പ്രതിഭാഗം.
തലശേരി: (KVARTHA) കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ നവംബര്‍ എട്ടിന് വിധി പറയും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ആത്മഹത്യാ പ്രേരണാ കുറ്റമാണ് പൊലീസ് ദിവ്യയ്‌ക്കെതിരെ ചുമത്തിയത്.
ചൊവ്വാഴ്ച ഹര്‍ജി പരിഗണിച്ചെങ്കിലും രണ്ട് മണിക്കൂറോളം വിശദമായി വാദം കേട്ടതിന് ശേഷം വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് കോടതി മാറ്റുകയായിരുന്നു. അഡ്വ. കെ വിശ്വനാണ് ദിവ്യക്കായി ഹാജരായത്. എഡിഎം മരിച്ച കേസില്‍ അന്വേഷണസംഘം മുന്‍പോട്ടു പോകുന്നത് ശരിയായ ദിശയില്‍ അല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്റെ ഭാര്യ മഞ്ജുഷയും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു. നിലവില്‍ പള്ളിക്കുന്ന് വനിതാ ജയിലില്‍ കഴിയുകയാണ് ദിവ്യ. ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ദിവ്യ കീഴടങ്ങിയത്. അന്വേഷണവുമായി ദിവ്യ സഹകരിച്ചെന്നും പൊലീസില്‍ കീഴടങ്ങിയെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
പമ്പ് സ്ഥാപിക്കാന്‍ സംരംഭകനായ പ്രശാന്ത് എഡിഎമ്മിന് കൈക്കൂലി കൊടുത്തെന്ന് ഡിഎംഇയുടെ റിപ്പോര്‍ട്ടുണ്ട്. തനിക്ക് തെറ്റുപറ്റിയെന്ന് നവീന്‍ ബാബു കലക്ടറോട് പറഞ്ഞിരുന്നു. തെറ്റുപറ്റിയെന്ന് പറയുന്നത് പണം വാങ്ങിയതിനു തുല്യമാണെന്നും ദിവ്യയുടെ അഭിഭാഷകന്‍ വാദിച്ചു.
പമ്പിന് അനുമതി പത്രം ലഭിക്കുന്നതിന് എഡിഎമ്മിന് കൈക്കൂലി നല്‍കിയെന്ന് പ്രശാന്തും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഈ മൊഴിയാണ് മുഖവിലയ്‌ക്കെടുക്കേണ്ടത്. എഡിഎമ്മും പ്രശാന്തും തമ്മില്‍ കണ്ടതിന് സിസിടിവി ദൃശ്യങ്ങള്‍ തെളിവായുണ്ടെന്നും അഭിഭാഷകന്‍ വാദിച്ചു.
എന്നാല്‍ ജാമ്യം നല്‍കിയാല്‍ പിപി ദിവ്യ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. എഡിഎമ്മിനെതിരായ കൈക്കൂലി ആരോപണത്തില്‍ തെളിവില്ല. പെട്രോള്‍ പമ്പിനുള്ള നിരാക്ഷേപ പത്രം എഡിഎം വൈകിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
പിപി ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്ന് എഡിഎമ്മിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. കലക്ടര്‍ അരുണ്‍ കെ വിജയന്‍ നവീന്‍ ബാബുവുമായി സൗഹൃദമുള്ള ആളല്ല. കലക്ടറോട് നവീന്‍ ബാബു കുറ്റസമ്മതം നടത്തിയെന്ന ദിവ്യയുടെ വാദം തെറ്റാണ്. കലക്ടര്‍ അവധി പോലും നല്‍കാത്ത ആളാണ്. മാനസിക ഐക്യം ഇല്ലാത്ത ആളോട് ആരും കുറ്റസമ്മതം നടത്തില്ല. എഡിഎമ്മിന് കൈക്കൂലി കൊടുത്തെങ്കില്‍ എന്തുകൊണ്ട് പ്രശാന്തിനെതിരെ നടപടിയെടുത്തില്ലെന്നും കുടുംബത്തിന്റെ അഭിഭാഷകന്‍ ചോദിച്ചു.
എഡിഎം മരിച്ച സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട പിപി ദിവ്യ മരണം നടന്ന് 14ാം ദിവസമാണ് കീഴടങ്ങിയത്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ വാദങ്ങള്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് കെടി നിസാര്‍ അഹമ്മദ് നേരത്തെ തള്ളിയിരുന്നു. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ വിളിക്കാതെ എത്തിയ ദിവ്യ വിമര്‍ശനം ഉന്നയിച്ചതിനു പിറ്റേന്നാണ് എഡിഎമ്മിനെ താമസിച്ചിരുന്ന വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പെട്രോള്‍ പമ്പിന് നിരാക്ഷേപ പത്രം വൈകിയത് എഡിഎം കൈക്കൂലി ചോദിച്ചതു കൊണ്ടാണെന്ന സൂചനയാണ് ദിവ്യയുടെ പ്രസംഗത്തില്‍ ഉണ്ടായിരുന്നത്.
നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്നായിരുന്നു റവന്യൂ വകുപ്പിന്റെ കണ്ടെത്തല്‍. വിവാദത്തെ തുടര്‍ന്ന് ദിവ്യയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് സിപിഎം ഒഴിവാക്കി. ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. 36ാം വയസ്സിലാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റാകുന്നത്. കല്യാശ്ശേരി ഡിവിഷനില്‍ നിന്ന് 22,576 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. അതിനു മുന്‍പുള്ള ഭരണസമിതിയില്‍ വൈസ് പ്രസിഡന്റായിരുന്നു.
#Kerala #DivyaBail #ADMDeathCase #Kannur #Court