'വിവാഹിതനായ കാര്യം മറച്ചുവച്ചു'; മലയാളി യുവാവിന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചതായി പരാതി
Dec 6, 2021, 12:57 IST
കോയമ്പതൂര്‍: (www.kvartha.com 06.12.2021) മലയാളി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചശേഷം യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ്. തിരുവനന്തപുരം കൊടിപുരത്തെ ആര്‍ രാഗേഷിനെയാണ് (30) കാഞ്ചീപുരം മീനംപാക്കം തിരുവള്ളുവര്‍ നഗറിലെ പി ജയന്തി (27) ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചത്.
കോയമ്പതൂരിലെ പീളമേട്ടിലാണ് സംഭവം. രാഗേഷ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതും മറ്റൊരു വിവാഹം കഴിച്ചതുമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. രാഗേഷിന് ഇടതു കണ്ണിന്റെ ഭാഗത്ത് പൊള്ളലേറ്റിട്ടുണ്ട്. പാര്‍പിട സമുച്ഛയത്തിലെ സെക്യൂരിറ്റിയാണ് ഇരുവരേയും കോയമ്പതൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഇരുവരുടേയും നില ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ജയന്തി ദുബൈയിലെ ഒരു സ്ഥാപനത്തില്‍ രാഗേഷിനൊപ്പം ജോലി ചെയ്തിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു അവിടെ താമസം. ഇതിനിടെ കഴിഞ്ഞ ജൂലൈയില്‍ സഹോദരിയുടെ വിവാഹത്തിന് നാട്ടിലെത്തിയ രാഗേഷ് മൂന്നുമാസം മുന്‍പ് വിവാഹിതനായി.
വിവാഹിതനായ വിവരം രാഗേഷ് ജയന്തിയെ അറിയിച്ചിരുന്നില്ല. ഇതിനിടെ ജയന്തിയും ചെന്നൈയില്‍ തിരിച്ചെത്തി. കഴിഞ്ഞ ദിവസം പീളമേട്ടിലെ ഒരു സെര്‍വീസ് അപാര്‍ട്‌മെന്റിലെത്താന്‍ രാഗേഷ് സന്ദേശം നല്‍കി. തുടര്‍ന്ന് രാവിലെ രണ്ടുപേരും കണ്ടുമുട്ടിയപ്പോള്‍ തന്നെ വിവാഹം ചെയ്യാന്‍ ജയന്തി രാഗേഷിനോട് ആവശ്യപ്പെട്ടു. രാഗേഷ് വിവാഹിതനായ വിവരം അറിയിച്ചപ്പോള്‍ വഴക്കായി. ഇതിനിടെ ബാഗില്‍നിന്ന് ആസിഡ് എടുത്ത ജയന്തി രാഗേഷിന്റെ മുഖത്തേക്ക് ഒഴിച്ചശേഷം കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പിന്നാലെ ജയന്തി വിഷം കഴിച്ചു.
രാഗേഷിന്റെ പരാതിയില്‍ ജയന്തിക്കെതിരേ പീളമേട് പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു. രാഗേഷ് തന്നില്‍നിന്നു 18 ലക്ഷം രൂപ കൈപ്പറ്റിയിരുന്നതായി ജയന്തി പരാതി നല്‍കി. രാഗേഷിനെതിരേയും പൊലീസ് കേസ് എടുത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.