Gold Smuggling | സ്വര്‍ണത്തിന് സ്വപ്നവിലയായപ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തിലൂടെയുളള സ്വര്‍ണക്കടത്തും വ്യാപകമായി; മാര്‍ചില്‍ മാത്രം പിടികൂടിയത് 9 കോടിയുടെ സ്വര്‍ണം

 




കണ്ണൂര്‍: (www.kvartha.com) സ്വര്‍ണത്തിന് നാള്‍ക്കുനാള്‍ വില കയറികൊണ്ടിരിക്കെ കണ്ണൂര്‍ വിമാനത്താവളം സ്വര്‍ണക്കടത്തുക്കാരുടെ വിഹാരകേന്ദ്രമാവുന്നു. കഴിഞ്ഞ മാര്‍ചില്‍ മാത്രം ഒന്‍പത് കോടി വിലവരുന്ന 16,000 ഗ്രാം  സ്വര്‍ണമാണ് പിടികൂടിയത്. മാര്‍ച് ഒന്നു മുതല്‍ 24 വരെയുളള തീയതികളിലായി 15 പേരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇതുകൂടാതെ നാലുപേരില്‍ നിന്നായി 40 ലക്ഷത്തോളം രൂപയുടെ വിദേശകറന്‍സിയും പിടികൂടി. 

മാര്‍ചില്‍ തുടര്‍ച്ചയായുളള ദിവസങ്ങളിലാണ് സ്വര്‍ണം പിടികൂടിയത്. വിമാനത്താവള പ്രവര്‍ത്തനം ആരംഭിച്ച ശേഷം ആദ്യമായാണ് ഒരു മാസം കൂടുതല്‍ പേരില്‍ നിന്നായി ഇത്രയും സ്വര്‍ണം പിടികൂടുന്നത്. ഒരുകോടി രൂപയില്‍ താഴെ വിലയുളള സ്വര്‍ണം പിടികൂടിയാല്‍ കസ്റ്റംസ് തന്നെ ജാമ്യം നല്‍കും. ഇതുകണക്കുകൂട്ടിയാണ് മിക്ക സംഘങ്ങളും സ്വര്‍ണം കടത്തുന്നത്. 

കസ്റ്റംസ് പിടികൂടാതിരിക്കാന്‍ സ്വര്‍ണക്കടത്തിന് പുതുവഴികള്‍ തേടുന്നവരുമുണ്ട്. അടിവസ്ത്രത്തിനുളളിലും പാന്റ്‌സിലും സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി തേച്ചുപിടിപ്പിച്ചാണ് ചിലര്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നത്. മെറ്റല്‍ ഡിറ്റക്ടര്‍ വഴിയുളള പരിശോധനയില്‍ എളുപ്പം പിടികൂടാന്‍ സാധ്യത കുറവായതിനാലാണ് ഈരീതി സ്വീകരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

വിദേശത്ത് നിന്നുമെത്തിയ യാത്രക്കാരന്റെ വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ച സ്വര്‍ണം കഴിഞ്ഞ ദിവസം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ട്രോളിക്കുളളിലും ചോക്ലെറ്റിനുളളിലും പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്‌ക്രബറിനുളളിലും സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചിട്ടുണ്ട്. കടലാസ് രൂപത്തിലും സ്വര്‍ണം പിടികൂടിയിട്ടുണ്ട്. മലദ്വാരത്തിലും വൈദ്യുതോപകരണങ്ങളിലും സ്വര്‍ണം ഒളിച്ചുകടത്തുന്നതാണ് പതിവായുളള രീതി. 

കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് സ്വദേശികളാണ് പിടിയിലായവരില്‍ ഏറെയും. ഇങ്ങനെ പിടികൂടുന്ന സ്വര്‍ണം സര്‍കാരിലേക്കാണ് പോകുന്നത്. വിദേശത്തേക്ക് പോകാനെത്തിയവരില്‍ നിന്നാണ് വിദേശകറന്‍സി പിടികൂടുന്നത്. ഡോളര്‍, സഊദി റിയാല്‍ തുടങ്ങിയവയാണ് പിടികൂടിയത്. 

Gold Smuggling | സ്വര്‍ണത്തിന് സ്വപ്നവിലയായപ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തിലൂടെയുളള സ്വര്‍ണക്കടത്തും വ്യാപകമായി; മാര്‍ചില്‍ മാത്രം പിടികൂടിയത് 9 കോടിയുടെ സ്വര്‍ണം


കസ്റ്റംസിനും ഡിആര്‍ഐക്കും പുറമേ വിമാനത്താവള പൊലീസും സ്വര്‍ണം പിടികൂടിയിരുന്നു. കസ്റ്റംസിന്റെ വിശദമായ ചെക് ഇന്‍ പരിശോധന കഴിഞ്ഞ് പാസന്‍ജര്‍ ബില്‍ഡിങിനുളളില്‍നിന്നു പുറത്തിറങ്ങുന്ന സ്വര്‍ണക്കടത്തുകാരെയാണ് പൊലീസ് പിടികൂടുന്നത്. 

കസ്റ്റംസുകാരെ വെട്ടിച്ച് സ്വര്‍ണവുമായി പുറത്തിറങ്ങുന്നവരെ പിടികൂടാന്‍ പൊലീസിന്റെ പ്രത്യേക സ്‌ക്വാഡുതന്നെ വിമാനത്താവളത്തിലുണ്ട്. വിദേശവിമാനമെത്തുമ്പോള്‍ യാത്രക്കാരെ നിരീക്ഷിച്ചാണ് സ്വര്‍ണക്കടത്തുകാരെ പൊലീസ് പിടികൂടുന്നത്. 

അതേസമയം, സ്വര്‍ണത്തിന് വിലകുത്തനെ വര്‍ധിപ്പിക്കുകയും സ്വര്‍ണക്കടത്ത് വ്യാപകമാവുകയും ചെയ്ത സാഹചര്യത്തില്‍ കസ്റ്റംസ്, ഡിആര്‍ഐ, പൊലീസ് വിഭാഗങ്ങള്‍ കര്‍ശനപരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

Keywords:  News, Kerala, Kannur, Kannur-News കണ്ണൂർ-വാർത്തകൾ, Crime, Airport, Gold, Gold Smuggling, Seized, Police, Customs, DRI,Accused, Arrested, Foreign, 9 crore worth of gold seized at Kannur airport in March.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia