Sentencing | മയക്കുമരുന്ന് കേസിൽ 74കാരൻ അടക്കം 3 പേർക്ക് 28 വർഷം തടവ്


● തിരുവനന്തപുരം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സുല്‍ഫിക്കർ കുറ്റപത്രം സമർപ്പിച്ചു.
● ഒന്നാം അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജ് കെ പി അനില്‍കുമാറാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.
തിരുവനന്തപുരം: (KVARTHA) ഹാഷിഷ് ഓയില്‍ കടത്തിക്കൊണ്ടുവന്ന് വില്‍പ്പന നടത്തിയെന്ന കേസില്‍ മൂന്ന് പേര്‍ക്ക് 28 വര്‍ഷം വീതം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. റോസാരി റൊണാള്‍ഡോ (45), ബിനോയ് തോമസ് (50), റ്റി.എൻ.ഗോപി (74) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
2018 സെപ്റ്റംബർ 1ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പാർക്കിംഗ് ഏരിയയിൽ വച്ച് 6.36 കിലോഗ്രാം ഹാഷിഷ് ഓയില്‍ വാങ്ങാൻ വന്ന റോസാരി റൊണാള്‍ഡോയെയും ഇത് കൈമാറാൻ വന്ന ബിനോയ് തോമസ്, ടി ഗോപി എന്നിവരെയും എക്സൈസ് അധികൃതർ പിടികൂടുകയായിരുന്നു.
തിരുവനന്തപുരം എക്സൈസ് സർക്കിള്‍ ഇൻസ്‌പെക്‌ടർ ടി അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. തുടർന്ന് തിരുവനന്തപുരം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ സുല്‍ഫിക്കർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജ് കെ. പി. അനില്‍കുമാറാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസീക്യൂട്ടർ ഡി. ജി. റെക്സ്, അഭിഭാഷകരായ സി. പി. രഞ്ജു, ജി. ആർ. ഗോപിക, പി. ആർ. ഇനില രാജ് എന്നിവർ ഹാജരായി.
#KeralaNews #DrugTrafficking #Thiruvananthapuram #KeralaCourt #CrimeNews