7 വയസുകാരനെ തട്ടിക്കൊണ്ടുപോയ കേസ്; അയല്‍വാസിയായ 19 കാരന്‍ അറസ്റ്റില്‍, 'കാരണം കുട്ടിയുടെ മാതാപിതാക്കളോടുള്ള വൈരാഗ്യം'
Mar 30, 2022, 12:14 IST
മലപ്പുറം: (www.kvartha.com 30.03.2022) ഏഴ് വയസുകാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ അയല്‍വാസിയായ 19 കാരന്‍ അറസ്റ്റില്‍. വളാഞ്ചേരി മുന്നാക്കല്‍ എം ആര്‍ അപാര്‍ട്‌മെന്റിലെ താമസക്കാരായ നവാസ് - അഫീല ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹര്‍ഹാനെ(7)യാണ് തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് കുട്ടിയെ പ്രതിയോടൊപ്പം കൊടുങ്ങല്ലൂരില്‍ നിന്ന് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി. സംഭവത്തില്‍ ഇവരുടെ അയല്‍വാസിയായ ശിനാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കുട്ടിയെ കാണാതായതെന്ന് വീട്ടുകാരുടെ പരാതിയില്‍ പറയുന്നു. ഫ്‌ലാറ്റിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടന്ന് കാണാതാവുകയായിരുന്നു എന്നാണ് മാതാപിതാക്കള്‍ പൊലീസിന് പരാതി നല്‍കിയത്. അപാര്‍ട്മെന്റിലെ താമസക്കാരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ശിനാസിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയത്.
അതേസമയം കുട്ടിയെ കാണാതാകുന്നതിന് തൊട്ടുമുന്‍പ് ശിനാസ് ഇവിടെ എത്തിയിരുന്നതായി ഫ്‌ലാറ്റിലെ താമസക്കാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശിനാസ് കൊടുങ്ങല്ലൂരില്‍ ഉള്ളതായി കണ്ടെത്തിയത്.
പൊലീസ് സംഘം സ്ഥലം വളഞ്ഞതോടെ ശിനാസ് കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളയാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ തന്ത്രപരമായി പ്രതിയെ പിടികൂടി കുട്ടിയെ രക്ഷിക്കുകയുമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. മാതാപിതാക്കളോടുള്ള വൈരാഗ്യം മൂലമാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നാണ് ഇയാള്‍ മൊഴി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.
ശിനാസും കുട്ടിയുടെ കുടുംബവും ഒരേ അപാര്‍ട്‌മെന്റിലെ താമസക്കാരനായിരുന്നു. എന്നാല്‍ സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം ഇയാളെ ഇവിടെ നിന്ന് പുറത്താക്കിയിരുന്നു. ഇയാള്‍ക്കെതിരെ പരാതി നല്‍കുന്നതില്‍ കുട്ടിയുടെ മാതാപിതാക്കളും ഉണ്ടായിരുന്നുവെന്ന് സംശയിച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. ഈ വിഷയത്തില്‍ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും വളാഞ്ചേരി പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.