Cricket | സിംബാബ്‌വെൻ ക്രിക്കറ്റ് നൊസ്റ്റാൾജിയ; ഹൃദയത്തിൽ തൊടുന്ന ഓർമകൾ  

 
zimbabwean cricket nostalgia


90-കളുടെ അവസാനത്തിൽ 2000-കളുടെ തുടക്കത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ടീം

മൂസ ബാസിത്ത്

(KVARTHA) മികച്ച കാപ്റ്റൻസി കൊണ്ടും ബാറ്റിംഗ് പ്രകടനം കൊണ്ടും പ്രതീക്ഷകൾക്കൊത്തുയർന്ന രോഹിത്, ഫൈനലിൽ നിലയുറപ്പിച്ച് സൗത്ത് ആഫ്രിക്കൻ ബൗളിംഗിന് മുൻപിൽ കരിങ്കൽ ഭിത്തി തീർത്ത വിരാട് കോഹ്ലി, സൗത്ത് ആഫ്രിക്കൻ ബാറ്റ്‌സ്മാന്മാരെ നിലം പരിശാക്കിയ ബുമ്ര, ഇന്ത്യൻ ടീമിന്റെ  ആവേശം വാനോളമുയർത്തിയ സ്കൈ ക്യാച്ച്. 17 വർഷത്തിന് ശേഷം ട്വന്റി20 ലോകകപ്പ് കിരീടം ഇന്ത്യയിലെത്തിച്ച ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ. 

Cricket

ലോകകപ്പ് വിജയത്തിന് ശേഷം ടീം ഇന്ത്യ ശനിയാഴ്ച വീണ്ടും മത്സരത്തിനിറങ്ങുന്നു. ലോകകപ്പ് മത്സരത്തിന് പോലും യോഗ്യത നേടാത്ത സിംബാബ്‌വെയാണ് എതിരാളികൾ. സിംബാബ്‌വെൻ ക്രിക്കറ്റ്, ഓർമ്മകളുടെയും വികാരങ്ങളുടെയും ഒരു തിരമാലയാണ്. 90-കളുടെ അവസാനത്തിൽ 2000-കളുടെ തുടക്കത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ടീം, അവരുടെ ആക്രമണാത്മക ബാറ്റിംഗ് ശൈലിക്കും, ധൈര്യസാഹസിക ഫീൽഡിംഗിനും, ഹൃദയസ്പർശിയായ വിജയങ്ങൾക്കും പേരുകേട്ടതായിരുന്നു.

ഇന്ത്യ വേഴ്സസ് സിംബാബ്‌വെ, ഇരു ടീമുകൾ മുഖാമുഖം ഏറ്റുമുട്ടുമ്പോൾ പലർക്കും ബാല്യകാല ക്രിക്കറ്റ് ആവേശമാണ് ഓർമ വരിക. അന്നൊക്കെ സിംബാബ്‌വെ ഏത് ടീമിനെയും വിറപ്പിക്കാൻ പോന്ന താര സമ്പന്നമായിരുന്നു. മികച്ച ബൗളിംഗ് പ്രകടനം കൊണ്ട് ബാറ്റ്‌സ്ൻന്മാരെ വിറപ്പിച്ച ഹീത്ത് സ്ട്രീക്ക്, 1999 ലോകകപ്പ് മത്സരത്തിൽ ഇന്ത്യയെ തോൽപിച്ച മത്സരത്തിൽ തിളങ്ങിയ ഹെൻറി ഒലങ്ക, റിവേഴ്‌സ് സ്വീപ് ആശാൻ ആന്റി ഫ്ലവർ, ഇന്ത്യ ജയിച്ചെന്ന് കരുതിയ മൽസരം സ്കൂപ്പ് ഷോട്ട് കൊണ്ട് കൈപിടിയിലൊതുക്കിയ ഡഗ്ലസ് മർലിയർ, ഓൾ റൗണ്ടർ  മികവ് കൊണ്ട് 1999 ലോകകപ്പ് മത്സരങ്ങളിൽ തിളങ്ങിയ ജോൺസൻ, ബാറ്റിംഗ് പ്രകടനം കൊണ്ട് വിസ്മയിപ്പിച്ച ക്യാമ്പൽ തുടങ്ങി ഒട്ടേറെ താരങ്ങൾ.

ഷാർജ കപ്പിലെ സച്ചിൻ - സൗരവ് കൂട്ട് കെട്ട്, സഹീർ ഖാന്റെ ആ നാല് സിക്സും, 'സഹീർ ഖാൻ അൻ ബിലീവബിൾ ഫിനിഷ്' എന്ന് അന്ന് മുഴങ്ങിയ കമന്ററിയും, ചാമ്പ്യൻസ് ട്രോഫിയിൽ കൈഫടിച്ച സെഞ്ച്വറിയും, മർലിയർ ഇന്നിങ്‌സും ഫ്ലാഷ് ബാക്ക് ഗാലറികളിൽ ഇന്നും ഭദ്രം. ഇപ്രാവിശ്യത്തെ ലോകകപ്പിനുള്ള യോഗ്യത പോലും നേടാതെ സിംബാബ്‌വെ എന്ന മെലിഞ്ഞുണങ്ങിയ ആനയെ തൊഴുത്തിൽ കെട്ടരുതല്ലോ. ടീം മുമ്പൊക്കെ അവരുടെ ആരാധകർക്ക് നൽകിയത് വെറും വിജയങ്ങൾ മാത്രമല്ല, ഓർമ്മകളുടെയും വികാരങ്ങളുടെയും ഒരു നിധിയാണ്. 

വർത്തമാന കാലത്തിൽ സിംബാബ്‌വെ ക്രിക്കറ്റ് ടീം രാഷ്ട്രീയ അസ്ഥിരത, ധനസ്ഥിതി പ്രശ്നങ്ങൾ, കളിക്കാരുടെ പലായനം എന്നിവ ഉൾപ്പെടെ നിരവധി വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. എന്നിരുന്നാലും, രാജ്യം യുവ കളിക്കാരുടെ ഒരു പുതിയ തലമുറയെ വളർത്തിയെടുത്തിട്ടുണ്ട്, അവർ ഭാവിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ വീണ്ടും വിജയം നേടാൻ ശ്രമിക്കുന്നു.  ലോകകപ്പ് വിജയത്തിന്റെ ആവേശത്തിലാണ് യുവതാരങ്ങൾ നിറഞ്ഞ ഇന്ത്യൻ ടീം ജൂലൈ 6 മുതൽ 14 വരെ ഹരാരെ സ്‌പോർട്സ് ക്ലബ്ബിൽ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ സിംബാബ്‌വെയെ നേരിടാനിറങ്ങുന്നത്.

ഐപിഎൽ 2024 സീസണിൽ തിളങ്ങിയ യുവ കളിക്കാരുടെ പ്രകടനത്തിലായിരിക്കും എല്ലാവരുടെയും കണ്ണ്. ക്യാപ്റ്റൻ ശുഭ്‌മൻ ഗിൽ നയിക്കുന്ന ഈ യുവനിര തങ്ങളുടെ കഴിവ് തെളിയിക്കാനും മികവ് പുലർത്താനും ആഗ്രഹിക്കുന്നു. മത്സരം ഇരു ടീമുകൾക്കും വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യക്ക് വിജയ പരമ്പര നിലനിർത്താനും സിംബാബ്‌വെയ്ക്ക് അവരുടെ ഹോം ഗ്രൗണ്ടിൽ ഇന്ത്യയെ പരാജയപ്പെടുത്താനും അവസരം ലഭിക്കും. അവിസ്മരണീയ ഓർമകൾ സമ്മാനിച്ചുകൊണ്ട് ഈ ടൂർണമെന്റും വളരെ ആവേശകരമാകുമെന്ന് പ്രതീക്ഷിക്കാം.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia