സുനിൽ ഗവാസ്കർക്ക് 76 തികഞ്ഞു; റെക്കോർഡുകളുടെ രാജശില്പി ഇന്ത്യൻ ക്രിക്കറ്റിന്റെ നിത്യവസന്തം


● 125 ടെസ്റ്റുകളിൽ നിന്ന് 34 സെഞ്ച്വറികളോടെ 10,122 റൺസ് നേടി.
● ഏകദിനത്തിൽ ഒരു സെഞ്ച്വറി ഉൾപ്പെടെ 3,092 റൺസ് നേടിയിട്ടുണ്ട്.
● വെസ്റ്റിൻഡീസ് പേസർമാർക്കെതിരെ മികച്ച റെക്കോർഡ് ഗവാസ്കറിനുണ്ട്.
● 1983 ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു അദ്ദേഹം.
(KVARTHA) ക്രിക്കറ്റ് താരമെന്ന കുപ്പായം ഉപേക്ഷിച്ചിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും, ഇന്ത്യൻ ക്രിക്കറ്റിന്റെ അന്നത്തെയും ഇന്നത്തെയും എന്നത്തെയും സൂപ്പർതാരമാണ് 'സണ്ണി' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റിന്റെ ലിറ്റിൽ മാസ്റ്റർ സുനിൽ ഗവാസ്കർ. കമൻ്റേറ്റർ റോളിൽ രാജ്യാന്തര ക്രിക്കറ്റ് വേദികളിൽ ഇന്നും തിളങ്ങിനിൽക്കുകയാണ് സുനിൽ മനോഹർ ഗവാസ്കർ. ഗവാസ്കർക്ക് ഇന്ന് 76 തികയുമ്പോഴും പഴയതുപോലെ ഊർജ്ജസ്വലനാണ് അദ്ദേഹം.
ക്രിക്കറ്റ് പൊതുവെ റെക്കോർഡുകളുടെ കളിയാണ്; എന്തും ഏതും എങ്ങനെയും റെക്കോർഡുകൾ സൃഷ്ടിക്കാവുന്ന കളി. അത്തരം ഒരു ഗെയിമിൽ റെക്കോർഡുകളുടെ കളിത്തോഴനായിട്ടാണ് സുനിൽ ഗവാസ്കർ എന്ന രാജശില്പി നടക്കുന്നത്. അതിൽ എന്നും മുൻപന്തിയിൽ നിൽക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ബാറ്റ്സ്മാൻ അഞ്ച് അക്കം വരുന്ന റൺ സംഖ്യ സ്വന്തം പേരിൽ ആക്കുക എന്ന അത്ഭുതമാണ്. ആ അത്ഭുതത്തിന്റെ ഉടമ ഗവാസ്കറാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി പതിനായിരം റൺസ് എന്ന മല കീഴടക്കിയ വ്യക്തി. പിന്നീട് പലരും ഈ റൺമല കീഴടക്കിയിട്ടുണ്ടെങ്കിലും, ഒന്നാമത്, അതും ബാറ്റിംഗ് വളരെ ദുഷ്കരമായ ഒരു കാലഘട്ടത്തിൽ, ബാറ്റർമാർക്ക് യാതൊരു സ്വാതന്ത്ര്യവും അനുവദിച്ചിട്ടില്ലാത്ത കാലഘട്ടത്തിൽ 10,000 റൺസ് എന്ന കടമ്പ കീഴടക്കുക എന്ന അവിശ്വസനീയമായ റെക്കോർഡ് നേടിയ മഹാരഥനാണ് അദ്ദേഹം.
1949 ജൂലൈ 10-ന് മുംബൈയിൽ ജനിച്ച ഗവാസ്കർ ഏറെക്കാലം ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിച്ച ക്യാപ്റ്റനും ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റ്സ്മാനുമാണ്. ഇന്ത്യക്കായി 125 ടെസ്റ്റുകൾ കളിച്ച അദ്ദേഹം അതിൽ 34 സെഞ്ച്വറികളും 10,122 റൺസും നേടിയിട്ടുണ്ട്. 108 ഏകദിനങ്ങളിൽ ഒരു സെഞ്ച്വറി ഉൾപ്പെടെ 3,092 റൺസും അദ്ദേഹം നേടിയിട്ടുണ്ട്. ഒരു കാലഘട്ടത്തിൽ ലോക ക്രിക്കറ്റ് അടക്കിഭരിച്ചിരുന്ന വെസ്റ്റിൻഡീസിന്റെ അതിവേഗ ബൗളിംഗ് നിരയ്ക്കെതിരെ ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും മികച്ച റെക്കോർഡ് സുനിൽ ഗവാസ്കറിനാണെന്നതാണ് ആ പ്രതിഭയുടെ ആഴം ഏറ്റവും അധികം പുറത്തുകൊണ്ടുവരുന്നത്.
1970-71 കാലഘട്ടത്തിൽ വെസ്റ്റിൻഡീസിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. വെസ്റ്റിൻഡീസിൽ പരമ്പരയ്ക്ക് പോയി, ഒരു ടെസ്റ്റ് പോലും ജയിക്കാതെ പരമ്പര അടിയറവെച്ച് മടങ്ങുന്ന സ്ഥിരം സ്വഭാവമുള്ള ഇന്ത്യൻ ടീമിന്റെ ചരിത്രം മാറ്റിമറിച്ച പരമ്പരയായിരുന്നു ഗവാസ്കറുടെ അരങ്ങേറ്റ പരമ്പര. ഈ അരങ്ങേറ്റ പരമ്പരയിൽ അഞ്ച് ടെസ്റ്റുകളിൽ നിന്നായി ഒരു ഇരട്ട സെഞ്ച്വറി ഉൾപ്പെടെ നാല് സെഞ്ച്വറി നേടി ചരിത്രം സൃഷ്ടിച്ചതിന് പുറമെ, അരങ്ങേറ്റ പരമ്പരയിൽ 774 റൺസ് നേടി ഇതുവരെ ഭേദിക്കാത്ത റെക്കോർഡിനും അദ്ദേഹം ഉടമയായി.
പിന്നീട് നടന്നത് ചരിത്രം. ക്യാപ്റ്റൻ ബിഷൻ സിംഗ് ബേദിക്ക് പരിക്കേറ്റതിനെ തുടർന്ന് ന്യൂസിലൻഡിലെ ഓക്ക്‌ലൻഡിൽ വെച്ചായിരുന്നു ഗവാസ്കർ ആദ്യമായി ഇന്ത്യൻ ടീം ക്യാപ്റ്റനായത്. വിദേശ മണ്ണിൽ നിരവധി ടെസ്റ്റ് സെഞ്ച്വറികൾ നേടിയെങ്കിലും 1976 വരെ ഇന്ത്യൻ മണ്ണിൽ സെഞ്ച്വറി അദ്ദേഹത്തിന്റെ ബാറ്റിൽ നിന്ന് അകന്നു നിന്നിരുന്നു. ഈ ഇംഗ്ലണ്ട് പരമ്പരയിലാണ് ഒരു കലണ്ടർ വർഷം 1000 റൺസ് നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന അസുലഭ റെക്കോർഡിനും അദ്ദേഹം ഉടമയായത്.
തന്റെ 95-ാമത് ടെസ്റ്റിൽ നേടിയ 29-ാമത് സെഞ്ച്വറി ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറിക്കുള്ള ഉടമ എന്ന ലോക റെക്കോർഡും അദ്ദേഹത്തിന് സമ്മാനിച്ചു. ഡോൺ ബ്രാഡ്മാന്റെ റെക്കോർഡിനൊപ്പം എത്തി. ആ പരമ്പരയിൽ തന്നെ 8,115 റൺസ് എന്ന കടമ്പ കടന്ന് ജെഫ് ബോയ്കോട്ടിന്റെ റെക്കോർഡ് മറികടന്ന് ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് എന്ന റെക്കോർഡിനും അദ്ദേഹം ഉടമയായി. പാക്കിസ്ഥാനെതിരെ അഹമ്മദാബാദിൽ നടന്ന ടെസ്റ്റിലാണ് 10,000 റൺസ് എന്ന കടമ്പ ഗവാസ്കർ മറികടന്നത്. ഈ പരമ്പരയിൽ ബെംഗളൂരുവിൽ വെച്ച് നടന്ന അവസാന മത്സരത്തിൽ ബാറ്റിംഗ് അതിദുഷ്കരമായ സാഹചര്യത്തിൽ അദ്ദേഹം നേടിയ 96 റൺസ് കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി വിശേഷിപ്പിക്കുന്നു. ടെസ്റ്റിലെ അവസാന ഇന്നിംഗ്സ് കൂടിയായിരുന്നു അത്.
നാഗ്പൂരിൽ ന്യൂസിലൻഡിനെതിരെ ലോകകപ്പിൽ നേടിയ സെഞ്ച്വറി ഏകദിന ചരിത്രത്തിലെ അദ്ദേഹത്തിന്റെ ഏക സെഞ്ച്വറിയായിരുന്നു. 1987-ലെ ഈ ലോകകപ്പോടുകൂടി ഗവാസ്കർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിട പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ താരം, തന്റെ എഴുപത്താറാമത് വയസ്സിലും തന്റെ കർമ്മമേഖലയിൽ സജീവമാണ്. ആധുനിക ക്രിക്കറ്റിലെ ഓരോ താരത്തിന്റെയും ഗുണങ്ങളും ദോഷങ്ങളും കൃത്യമായി വിലയിരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. പിതാവിന്റെ വഴിയേ വന്ന പുത്രൻ രോഹൻ ഗവാസ്കർ തന്റെ കരിയറിൽ മികച്ച വിജയം നേടാതെ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ടീമിൽ സഹകളിക്കാരനായിരുന്ന ഗുണ്ടപ്പ വിശ്വനാഥ് സഹോദരീ ഭർത്താവും ഇന്ത്യൻ ക്രിക്കറ്റ് താരമായിരുന്ന മാധവ് മന്ത്രി അമ്മാവനും ആയിരുന്നു.
1983-ലെ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ടീമിലെ അംഗമായിരുന്ന ഗവാസ്കർ ബെൻസൺ ആൻഡ് ഹെഡ്ജസ് ലോക സീരിസ് കിരീടം നേടുമ്പോൾ ഇന്ത്യൻ ടീം ക്യാപ്റ്റനും ആയിരുന്നു. ജീവിതാനുഭവം സംബന്ധിച്ച് നിരവധി രചനകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. പത്മഭൂഷൺ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ രാജ്യം ആ മഹാപ്രതിഭയെ ആദരിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ ടെസ്റ്റ് റെക്കോർഡുകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Sunil Gavaskar turns 76, celebrates a legacy of records.
#SunilGavaskar #IndianCricket #CricketLegend #Birthday #TestCricket #LittleMaster